Saturday, January 8, 2011

സ്വം

ഒരു ഫേസ്ബുക്ക് അക്കൗണ്ടായി ഓര്‍ക്കൂട്ട് പ്രൊഫൈല്‍ ആയി അവനെ കണ്ടുമുട്ടിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം. വ്യത്യസ്ഥ രേഖാംശങ്ങളില്‍ താമസമാക്കിയ രണ്ട് പേര്‍ക്കിടയിലെ പരിചയം പുതുക്കല്‍. പഴയകാലത്തെ അബദ്ധങ്ങള്‍ ഓര്‍ത്തുള്ള പൊട്ടിച്ചിരി. മോളെപ്പറ്റിയുള്ള അന്വേഷണം. അവന്‍ കണ്ടിട്ടേ ഇല്ലാത്ത എന്റെ ആനന്ദനോട് ഒരു ഹായ്. പിന്നെ സുഖമല്ലേ എന്ന പതിവ് ചോദ്യം. കോളേജ് വിട്ടതിനു ശേഷം കണ്ടിട്ടില്ലാത്ത രണ്ടുപേരുടെ തികച്ചും സാധാരണവും ഇത്തിരി ആകസ്മികവുമായ ഇന്റര്‍നെറ്റ് കണ്ടുമുട്ടലില്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. ആനന്ദനോട് ഈ കണ്ടുമുട്ടലിനെ കുറിച്ച് പറഞ്ഞില്ല. അങ്ങനെ പറയത്തക്ക പ്രാധാന്യമൊന്നും തോന്നിയില്ല. എന്നെ കേള്‍ക്കാന്‍ ആനന്ദന്‌ നേരം കിട്ടതാകുന്നതും ഒരു കാരണമാകും.

മോള്‌ പ്ലേ സ്കൂളിലേക്കും ആനന്ദന്‍ ജോലിക്കും പോയിക്കഴിഞ്ഞാല്‍ പിന്നെ തനിച്ചാണ്‌. അങ്ങനത്തെ ഒരു സാധാരണ ദിവസമാണ്‌ അവനെ കണ്ടത്. ഓര്‍ക്കുമ്പോള്‍ രസമാണ്‌. എന്താണ്‌ ഞങ്ങളെ ബന്ധിപ്പിക്കുന്നത്? അടുത്ത കൂട്ടുകാരൊന്നും ആയിരുന്നില്ല. അവനോട് പ്രത്യേകിച്ചൊരിഷ്ടം തോന്നിയിട്ടും ഇല്ല. ഇഷ്ടമാണോ എന്ന് അവന്‍ ചോദിച്ചപ്പോഴും പിന്നെ അതൊക്കെ കവിതകളായി കോളേജില്‍ പരന്നപ്പോഴും ഒരു തമാശമാത്രമായാണ്‌ തോന്നിയത്. അങ്ങനൊന്നും വയ്യ എന്ന് പറഞ്ഞപ്പോഴത്തെ അവന്റെ മറുപടി തെല്ല് അത്ഭുതപ്പെടുത്തിയിരുന്നു എന്നത് നേര്‌. എന്റെ ഭാഗം ഞാന്‍ പറഞ്ഞു. തന്റെ അഭിപ്രായം തനിക്ക് പറയാം. ഇതാ നിനക്ക് എന്നെ പ്രണയിക്കാന്‍ ഒരവസരം തരുന്നു എന്നപോലത്തെ ഭാവം. അഹങ്കാരവും ജാഡയുമൊക്കെ ചെര്‍ന്ന് നമ്മളെ പെട്ടെന്ന് വെറുപ്പിക്കുന്ന ഒന്ന്. ഒന്നാം ക്ലാസ്സ് മുതലേ അവന്‍ ഇങ്ങനായിരുന്നെന്ന് അവന്റെ ഒപ്പം പഠിച്ചിട്ടുള്ള എന്റെ ക്ലാസ്മേറ്റ് പറഞ്ഞു. ഇങ്ങനത്തെ ഒരുത്തനെ എങ്ങനെ ഒരാള്‍ക്കിഷ്ടമാകും എന്നായിരുന്നു സംശയം. പിന്നീട് ഒരിക്കല്‍ കൂടി മാത്രമെ അവന്‍ ആ കാര്യം സംസാരിച്ചിട്ടുള്ളൂ. എന്തൊരഹങ്കാരം എന്നാണ്‌ അന്ന് തോന്നിയത്. ചോദിച്ചാല്‍ ഉടനെ ഇഷ്ടമാണെന്ന് പറയും എന്നാണോ അവന്‍ കരുതുന്നത്. അവന്റെ ക്ലാസ്സ്മേറ്റ്സ് ഇത് കോളേജ് മൊത്തം അറിയിച്ചപ്പോഴും എനിക്കൊരു കുലുക്കവും ഇല്ലായിരുന്നു. പിന്നെ എല്ലാം സാധാരണപോലെ. ഒരേ നാട്ടുകാര്‍ കൂടിയായതിനാല്‍ ബസ്സില്‍ വച്ച് കാണും. സംസാരിക്കും. കഴിഞ്ഞു. അവന്റേത് പരസ്പരം കാര്യമായ ബന്ധങ്ങള്‍ ഇല്ലാത്ത സംസാരമായതുകോണ്ട്  കഴിവതും പെട്ടെന്നൊഴിവാക്കും. എന്നോട് മാത്രേ അവന് ഈ ചഞ്ചലപ്പോള്ളൂ എന്ന് കൂട്ടുകാരി പറഞ്ഞപ്പോഴും അത് മറ്റൊരു തമാശ മാത്രം.

പിന്നീട് എപ്പോഴോ,  ഒരുകാലത്ത് അവനുവേണ്ടി വക്കാലത്തുമായി വന്നിട്ടുള്ള എന്റെ ക്ലാസ്സ്മേറ്റുമായിത്തന്നെ പ്രണയം. അവര്‍ രണ്ടും നല്ല ഫ്രണ്ട്സ് ആണെന്ന് എനിക്കറിയാമായിരുന്നു.  എന്നെക്കുറിച്ച് അവന്‍ നിര്‍ത്താതെ എഴുതുന്നുണ്ടെന്നും അതിലൊന്ന് കോളേജ് മാഗസീനില്‍ ഉണ്ടെന്നും  പറഞ്ഞത് എന്റെ ക്ലാസ്സ്മേറ്റാണ്‌.  കാല്പനീകകാമുകവംശം കുറ്റിയറ്റ് പോകാതെ നോക്കുന്നത് അവനാണെന്നായിരുന്നു ഞങ്ങളുടെ സ്വകാര്യം. വളരെ കുറച്ച് പേര്‍ മാത്രം അറിഞ്ഞ ഒന്നയിരുന്നു ഞങ്ങളുടെ പ്രണയം. അവനോട് ഇത് ഞങ്ങള്‍ ആരും പറഞ്ഞിട്ടേ ഇല്ല. എന്നിട്ടും അവനിത് ഊഹിച്ചിരുന്നു എന്നു തോന്നുന്നു. അറിയില്ല. അവന്‍ ഇത് വരെ അതേപ്പറ്റി പറഞ്ഞിട്ടില്ല. ആളുകളുടെ മാറ്റത്തെ കൃത്യമായി വരച്ചിടാനുള്ള അവന്റെ കഴിവ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്റ കൂട്ടുകാരനെ അവന്‍ കൃത്യമായി വരച്ചിട്ടു. അതുകൊണ്ടാകാം അവനോട് സംസാരിക്കാന്‍ എന്റെ കൂട്ടുകാരന് ചഞ്ചലപ്പായിരുന്നു. അവനാകട്ടെ ഒരു വിഷമവും കാണിക്കാതെ ഞങ്ങളോട് സംസാരിക്കും. ഇതെന്തൊരു പടപ്പെന്ന് എനിക്കന്ന് തോന്നിയിരുന്നു.

പ്രണയം പൊള്ളിക്കുമെന്ന് അവന്‍ കോളേജ് മാഗസീനില്‍ എഴുതിയത് നേരാണെന്ന് മനസ്സിലായത് കോളേജ് കഴിഞ്ഞ ഉടനെ കല്യാണാലോചനകള്‍ വന്നപ്പോഴാണ്‌. ഇനിയും പഠിക്കണം എന്ന എന്റെ ശാഠ്യത്തിന്‌, അതിനെന്താ ഞങ്ങള്‍ പഠിപ്പിച്ചോളാമെന്ന  ആനന്ദന്റെ വീട്ടുകാരുടെ മറുപടിയില്‍ നിലനില്പില്ലാതായി. കല്യാണമടുത്തപ്പോഴെക്കും വിഷമങ്ങള്‍ കുറഞ്ഞു. പുതിയ ജീവിതത്തെക്കുറിച്ചുള്ള ആശങ്കകളായി. കോളെജ് പ്രണയങ്ങളുടെ സാധാരണ പരിണാമം എന്റേതിനും.
കല്യണം പെട്ടെന്ന് കഴിഞ്ഞു.
നാട് വിട്ടു.
മോള്‍ക്ക് ഒരു വയസ്സായപ്പോള്‍ ഇന്ത്യയും.

ശാന്തമായൊഴുകുന്ന നദി പോലെ, ജീവിതം പതിവ് വഴികളിലൂടെ എന്നും ഒരേ കടലിലേക്ക്. ആനന്ദന്‌ ജോലിത്തിരക്ക് കൂടിവരുന്നു. പുതിയ നാടിനോടുള്ള കൗതുകവും കഴിഞ്ഞു. "അടുക്കളയിലെ തേഞ്ഞ് തീരുന്ന ഉപകരണമാണ്‌ ഞാന്‍" എന്നോ പഠിച്ച കവിത കുറച്ച് കാലമായി കാരണമേതുമില്ലാതെ തേട്ടിവരുന്നു. You learned a lot my Chef. ആനന്ദന്റെ അപൂര്‍വ്വം അഭിനന്ദനങ്ങളില്‍ ഒരുപകരണം മാത്രമായിപ്പോയിട്ടില്ല എന്നു ഞാന്‍ ആശ്വസിക്കുന്നു. ഈ മടുപ്പാണ്‌ ഇന്റര്‍നെറ്റിലേക്കെത്തിച്ചത്.

പഴയ കൂട്ടുകരില്‍ നിന്നും വല്ലപ്പോഴും കിട്ടുന്ന നാട്ടുവിശേഷങ്ങള്‍. അവരോട് സംസാരിക്ക്മ്പോള്‍ ഞാന്‍ നാട്ടിലെത്തുകയായിരുന്നെന്ന് അവര്‍ക്കറിയില്ലായിരിക്കാം. കഴിഞ്ഞ ഒരു മാസമായി എന്നെ എന്റെ വീട്ടിലേക്കുള്ള വഴിയിലെത്തിക്കുന്നത് അവനാണ്‌. അവനും നാട്ടിലല്ല. പക്ഷേ ഇത്രയും ദൂരത്തും അല്ല. പണ്ടത്തേ പോലെ പരസ്പരബന്ധമില്ലാതെ പറഞ്ഞും സംഭാഷണത്തിന്‌ തുടക്കമിടാന്‍ മടിച്ചും അവനിന്നും അത്ഭുതപ്പെടുത്തുന്നു. അവന്‍ ശിവരാത്രി ഉത്സവത്തെകുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും അമ്പരന്നു. ഈശ്വരന്‍ ഇല്ലാത്ത അവന്‌ എന്തമ്പലം. എന്ത് ശിവരാത്രി. പിന്നെന്ത് ഉത്സവം. ചൊടിപ്പിക്കാന്‍ വേണ്ടി ചോദിച്ചതാണ്‌. ഉത്സവങ്ങളൂം അമ്പലങ്ങളും മനുഷ്യര്‍ക്ക് വേണ്ടിയാണെന്നും അവന്‍ അമ്പലത്തില്‍ പോകുന്നത് ആളുകളെ(പെണ്ണുങ്ങളെ) കാണാനാണെന്നും പറഞ്ഞപ്പോള്‍ പുതുമ ഒന്നും തോന്നിയില്ല. പക്ഷേ എന്റെ അമ്പലവും ഉത്സവവും ഓര്‍മ്മയിലേക്ക് കുതിച്ച് വന്നു. വീട്ടിലേക്കുള്ള വഴിക്കാണ്‌ അവന്‍ എന്നും നടത്തുന്നത്. വീട്ടിലേക്കുള്ള വഴിക്ക് അതിന്റേത് മാത്രമായ തണുപ്പുണ്ട്, ചൂടും.

സാമ്പാറിന്റെ തിയറി അവനറിയാം, പക്ഷേ പ്രാക്ടിക്കല്‍ ചെയ്തിട്ടില്ലത്രെ. എനിക്ക് തമാശയായി തോന്നി. അവന്റെ തിയറി അനുസരിച്ച് ഞാന്‍ സാമ്പാര്‍ വച്ചു. ഇന്നെന്താ സാമ്പാറിനു രുചിമാറ്റം എന്ന ആനന്ദന്റെ ചോദ്യത്തെ കുറിച്ച് പിറ്റേന്ന് അവനോട് പറഞ്ഞില്ല.

മൂന്നു വര്‍ഷത്തെ കോളേജ് കാലത്തേക്കാള്‍ കൂടുതല്‍ ഞങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നു. നാട്ടിലുള്ള മാമനെ കുറിച്ച് മോളൊട് പറഞ്ഞു. അവന്റെ പേര് അവള്‍ക്കറിയില്ല. മാമനോടാണോ അമ്മേ ചാറ്റുന്നത് എന്ന് അവള്‍ ചോദിച്ചു തുടങ്ങി. അങ്കിള്‍ എന്ന് നാവ് ശീലിച്ച അവള്‍ക്ക് മാമന്‍ എന്നത് ഒരു പേരു തന്നാണ്‌. ഇംഗ്ലീഷേറെ വരുന്ന എന്റെ ഇപ്പോഴത്തെ മലയാളത്തെ അവന്‍ കളിയാക്കിയപ്പോഴാണ്‌ എനിക്കുമത് ബോധ്യമായത്. മോളോടും കൂടുതല്‍ ഇംഗ്ലീഷാണ്‌ പറയുന്നത്‌. അവള്‍ ഇവിടെ വളരേണ്ടതല്ലെ. മലയാളം ആരോട് പറയാന്‍. ബന്ധങ്ങള്‍ വേറുമൊരു പേരായി മാറുന്നു. എല്ലാ ബന്ധങ്ങള്‍ക്കും പേരിടാനാകാതെ പോകുന്നു.

കൂടുതല്‍ ഇംഗ്ലീഷും കുറച്ച് മലയാളവും കലര്‍ന്ന ഭാഷയില്‍ മോളും അവനോട് ചാറ്റ്ചെയ്തിട്ടുണ്ട്. പ്രൊഫൈല്‍ പേര്‌ അവന്‍ മലയാളത്തില്‍ എഴുതിയത് ഭാഗ്യം. അവള്‍ക്ക് മാമന്‍ എന്നല്ലാതെ അവന്റെ പേര്‌ അറിയില്ല. ഒരു മാമനെ കുറിച്ച് അവള്‍ ആനന്ദനൊട് പറഞ്ഞിരുന്നു. ഓ, പഴയൊരു കോളേജ്മേറ്റ് ഇടക്ക് ഓണ്‍ലൈന്‍ വന്നതാണ്‌ എന്ന മറുപടിയില്‍ ആനന്ദന്റെ അന്വേഷണം അവസാനിച്ചു. എന്നെ അന്വേഷിക്കാന്‍ എന്റെ ആനന്ദന്‌ ഇപ്പോള്‍ നേരം കുറവാണ്‌.

ഒരാഴ്ചക്ക് ശേഷം ഇന്നലെ കണ്ടപ്പോള്‍ നാടിനെ കുറിച്ച് അവനൊത്തിരി പറഞ്ഞു. അവനെന്റെ വീടിന്നടുത്ത് പോയിരുന്നത്രേ. വീടിനടുത്തുള്ള ഷാപ്പില്‍ വന്ന് അവന്‍ കള്ളുകുടിച്ചത്രേ. ബിയറോ ജിന്നോ ഏതിനാണ്‌ കള്ളിനോട് സാമ്യം. എനിക്കിതൊക്കെയേ പരിചയമുള്ളൂ എന്നറിയിച്ചപ്പോ അവന്‌ അതിശയം. അവന്റെ ഓര്‍മ്മകളില്‍ ഞാന്‍ ഇപ്പോഴും പഴയ കോളേജ് കുട്ടിയാണോ? രുചിക്കാത്ത മദ്യം ഇപ്പോള്‍ കുറവാണെന്ന് പറഞ്ഞില്ല. പാവത്തിനെ വെറുതെ വിഷമിപ്പിക്കേണ്ടല്ലോ? എനിക്ക് പെട്ടെന്ന് സങ്കടം വന്നു. ഞാന്‍ ആ ഷാപ്പില്‍ ഇതുവരെ പോയിട്ടില്ല. എന്റെ പ്രായത്തിലെ ഒരു പെണ്‍കുട്ടിയും പോയിട്ടില്ല. ഒരു ഷാപ്പിന്റെ അകം എങ്ങിനിരിക്കും? എനിക്കറിയില്ല. എന്റെ സങ്കടം കേട്ട് അവന്‍ ഉറക്കെ ചിരിച്ചു. മോളല്ലാതൊരാള്‍ ഉറക്കെ ചിരിക്കുന്നത് കണ്ടിട്ട് ഒത്തിരി നാളായെന്ന് പെട്ടെന്നോര്‍മ്മവന്നു. സ്വന്തം വീടിനടുത്തുള്ള ഷാപ്പില്‍ പോകാന്‍ ഇപ്പോഴും ധൈര്യമില്ലല്ലോ നിനക്കെന്ന് പറഞ്ഞ് ഞാന്‍ കളിയാക്കി. അവന്‍ സമ്മതിച്ച് തന്നു.
പെട്ടന്നവന്‍ വീടിനെക്കുറിച്ച് പറഞ്ഞു.
അവന്റെ വീടിനെ കുറിച്ച്. എന്റെ വീടിനെകുറിച്ച്.
എനിക്ക് വീണ്ടും സങ്കടം വന്നു.
അവനെന്നോട് ഉമ്മവേണം എന്നു പറഞ്ഞു.
ഞാന്‍ മോണിറ്ററില്‍ ചുണ്ടു ചേര്‍ത്തു.
അവന്റെ കണ്ണൂകള്‍ നിറഞ്ഞിരിക്കുന്നു.
മോളപ്പോള്‍ വന്നത് നന്നായി. അവന്‌ മോളൊരു കിസ്സ് എറിഞ്ഞു കൊടുത്തു. ഞാന്‍ അടുക്കളയിലേക്ക് പോയി. മോള്‍ അവനോട് എന്തൊക്കെയോ പറയുന്നുണ്ട്. നാളുക്കള്‍ക്ക് ശേഷം ആ രാത്രി ഞാന്‍ ആനന്ദനെ തൊട്ടു.
പിറ്റേന്ന് അവന് മെയില്‍ ചെയ്തു. ഇനി നമ്മള്‍ ചാറ്റ് ചെയ്യുന്നില്ല. അവസാനമായൊരിക്കള്‍ കൂടി സ്വന്തം എന്ന വാക്കിന്‌ കീഴില്‍ എന്റെ പേരെഴുതി, അല്ല ടൈപ്പ് ചെയ്തു. മറുപടി അയക്കരുതെന്നത് അവന്‍ അനുസരിച്ചു. മോള്‍ ഇടക്കെപ്പോഴോ മാമന്‍ എന്ന അവളുടെ ഫ്രണ്ടിനെ ചോദിച്ചിരുന്നു.പിന്നെ മറന്നു. ഞാന്‍ ഇപ്പോള്‍ നാട്ടുകാരോട് ചാറ്റ് ചെയ്യാറില്ല.
പക്ഷേ, വല്ലാതെ തനിച്ചാകുമ്പോള്‍, കണ്ണു നിറയുമ്പോള്‍ ഞാനിന്നും മോണിറ്ററില്‍ ചുണ്ട് ചേര്‍ക്കാറുണ്ട്. എല്ലാറ്റിനും പേരിടാന്‍ എനിക്കറിയില്ല.