Friday, February 24, 2012

നിലാവിനപ്പുറം

നിലാവൊരു ചതിയാണ്‌.
നിഴലുകള്‍ക്ക് നിലമൊരുക്കി
നിഗൂഢതകള്‍ കാട്ടിക്കൊതിപ്പിച്ച്
നിയതമല്ലാത്ത നിലത്തെഴുത്തുകളില്‍
രാവിനെ നീട്ടിയെടുക്കുന്ന
ചാരുതകളുടെ ചതിച്ചേല്‌...

തരളതകളുടെ ചതുപ്പില്‍
പുതഞ്ഞുപോയപെണ്മകള്‍
പൂര്‍ത്തിയാകാത്തവയ്ക്ക്
പുനര്‍ജ്ജനിയായെന്ന്
നെറുകില്‍ നിലാവുതൊട്ട
കരിമ്പനകളുടെ മൂകസാക്ഷ്യം.
നിദ്രയെഴാരാവുകളില്‍
നിലയറിയാകാമനയില്‍
അവരുതിരം രുചിച്ചെന്ന്
ഉടലുലഞ്ഞാടിയെന്ന്
രാവഴികള്‍ താണ്ടിയെന്ന്
മലങ്കാറ്റിന്‍ മൊഴിവഴക്കം.

നൂറുതേച്ചാണിനീട്ടി
തിരുനെറുകയിലിരുമ്പേറ്റി
ആണ്ടൊരിക്കല്‍ നാക്കിലയില്‍
നീരെന്ന് വാക്കേറ്റി
ചതുരര്‍ നിലാവലയെറിഞ്ഞ്
അവളെ വീണ്ടുമടക്കിയെന്ന്
കഥകളിലെ കല്ലെഴുത്ത്‌.
എഴുത്തിലെ നിലാവെന്നും
സ്നിഗ്ദ്ധശീതളസൗകുമാര്യം.

എഴുതാപ്പുറങ്ങളിലെ
ഏച്ചുകെട്ടാക്കഥകളില്‍
പൊള്ളുന്നു, നിലാപ്പെയ്തില്‍
വീടുവിട്ടവിളര്‍ത്ത ചിരികള്‍.

രാവണ്ടി ഇരുട്ടിലേക്ക്
തീക്കണ്ണുതുറിച്ച് പായും.
വീടെത്താ വിഹ്വലതകള്‍
വഴിയിലെങ്ങോ വീണൊടുങ്ങും.
സരളചിത്തം തരളതകള്‍
ചാന്ദ്രചാരുതയാസ്വദിക്കും.
മാനത്തൊരു മാമനുണ്ടെന്നമ്മ-
വീണ്ടും കളവുപറയും
നുണക്കഥകളില്‍ കുഞ്ഞുറങ്ങും.
പറയാത്തതിന്‍ കയ്പുതേട്ടും
നാവമ്മ കടിച്ചുറക്കും.
വീടിന്റെ വിടവിലൂടെ
നിലാവിടനെത്തിനോക്കും.

നിലാമറയ്ക്കപ്പുറത്ത്
നീരവം നിന്നെരികയാണ്‌
പിറന്നിടത്ത് പ്രവാസിയായൊരു*
പെണ്ണിന്റെ ത്രികാലങ്ങള്‍.

*
"ജന്മനാട്ടിലേക്ക് നാടുകടത്തപ്പെട്ട ഒരാള്‍" എന്ന എം.എന്‍ വിജയന്റെ
വരികളോട് കടപ്പാടുണ്ട് പിറന്നിടത്ത് പ്രവാസിയായ എന്ന പ്രയോഗത്തിന്‌.