Wednesday, September 12, 2012

കൃഷ്ണം

"ചക്രായുധം പോലെ സമര്‍ഥമായി വാക്കുകള്‍ ഉപയോഗിക്കുവാനറിയാം, കൃഷ്ണന്‌." എം.ടി., രണ്ടാമൂഴം

ഒരു പെണ്ണിനു കൃഷ്ണന്‍ ആരാണ്‌? കറുത്തുകുറിയ ഈ ഗോപലന്‍ ഇത്രയധികം പെണ്മനസ്സുകളില്‍ നൃത്തം വയ്ക്കുന്നത് എങ്ങിനാണ്‌? മഹാഭാരത്തെക്കുറിച്ചുള്ള ഏത് എഴുത്തിലും അത്ഭുതത്തോടെ വായിക്കുന്ന ഭാഗമാണ്‌ കൃഷ്ണന്റെ കഥകള്‍. കൂട്ടുകാരികളുടെ ഇഷ്ടദൈവമാണ്‌ അവന്‍. അവനെ സ്നേഹിക്കാത്തവളായി ഈ നാട്ടില്‍ ആരുമില്ലെന്നു പോലും തോന്നും വിധമാണ്‌ ആ കഥകള്‍. ഈ നാട്ടിലെ ഏത് നാരിയുടെ ഉള്ളിലും ഒരു രാഥയുണ്ടെന്ന് സുഗതകുമാരി. ഒരു രാഥ ഉള്ളിലില്ലെന്ന് അവളോട് പറഞ്ഞത് നുണയാണെന്ന് ഇന്നെനിക്കറിയാം. ആരാണ്‌ കൃഷ്ണന്‍?
പടക്കളത്തിനു നടുവില്‍ തളര്‍ന്നു നിന്ന കൂട്ടുകാരനു ധൈര്യം കൊടുക്കുന്ന അവന്‍ കൂട്ടുകാരികള്‍ക്കെന്നപ്പോലെ എനിക്കും വലിയ ഓര്‍മ്മയേ ഇല്ല. അവരുടെ ഓര്‍മ്മകളിലെ കൃഷ്ണന്‍ അമ്പാടിയിലെ ആ കള്ളനാണ്‌. രാഥയുടെ കാമുകനാണ്‌. യശോധരയുടെ വികൃതിച്ചെക്കനാണ്‌. എനിക്ക് മറ്റൊരു കൃഷ്ണനെക്കൂടി ഓര്‍മ്മയുണ്ട്. ദൂതിനു പോകും മുന്‍പ്, കൃഷ്ണയെ കണ്ട്, അഴിഞ്ഞു കിടക്കുന്ന ഈ മുടി ആരു മറന്നാലും താന്‍ മറക്കില്ലെന്ന് ഉറപ്പു കൊടുക്കുന്നവന്‍. മകനും കാമുകനും ഭര്‍ത്താവും രാജാവും എന്നതിനൊക്കെ അപ്പുറത്ത് ഒരുവളെ മനസ്സിലാക്കുന്ന കൂട്ടുകാരന്‍ കൂടിയാവുന്നു ഈ കൃഷ്ണന്‍. അഞ്ചു ഗ്രാമം കൊണ്ടുപോലും തൃപ്തരാകാമെന്ന് സമ്മതിച്ച്, ശപ്തമായ ഭൂതകാലത്തെ മറന്ന്, ഭീഷണമായ ഒരു യുദ്ധം ഒഴിവാക്കുവാന്‍ തയ്യാറായാണ്‌ സന്ധിക്കുവേണ്ടിയുള്ള അവസാന ശ്രമമെന്ന നിലയില്‍ പാണ്ഡവര്‍ കൃഷ്ണനെ ദൂതിനയക്കുന്നത്. സമാധാനകാംക്ഷികളുടെ നടുവില്‍ നിന്നും വിരമിച്ച് പോകും മുന്‍പേ അവന്‍ പാഞ്ചാലിയെ കാണുന്നു. ദേഷ്യസങ്കടങ്ങള്‍ കൊണ്ട് നിറഞ്ഞുചുവന്ന അവളുടെ കണ്ണുകള്‍ കാണുന്നു. വര്‍ഷങ്ങളായി കെട്ടിവയ്ക്കാത്ത കേശഭാരം കാണുന്നു. അവള്‍ക്ക് അവന്‍ കൊടുക്കുന്ന വാക്കാണ്‌ അഴിഞ്ഞുകിടക്കുന്ന് അവളുടെ മുടിയെ അവന്‍ മറക്കുകില്ലെന്ന്. സര്‍‌വനാശകരമായ ഒരു യുദ്ധത്തിലേക്ക് സങ്കോചരഹിതമായി രഥചക്രങ്ങള്‍ തിരിച്ചു വിട്ട ഈ കൃഷ്ണനെക്കൂടി ഓര്‍ക്കുമ്പോഴാണ്‌ അവനാരാണ്‌ എന്നതിന്റെ ഉത്തരം പൂര്‍ണ്ണമാവുകയുള്ളു.
കാമുകന്‍
പത്മരാജന്റെ ഗന്ധര്‍‌വനെ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത ഒരു പെണ്മനസ്സ് ഉണ്ടാകില്ല. തന്റെ മാത്രമായ തനിക്കുമാത്രമായുള്ള ഒരുവന്‍. തനിക്കുവേണ്ടിമാത്രമയി തന്നെ സ്നേഹിക്കുന്ന ഒരുവന്‍. സ്നേഹം സ്വയം സമ്പൂ‌ര്‍ണ്ണമാണെന്ന് ജിബ്രാന്‍. മറ്റൊന്നിനുമായല്ലാതെ കിട്ടുന്ന സ്നേഹം-പത്മരാജന്റെ ഗന്ധ‌ര്‍‌വന്‍ അത്തരം സ്നേഹകാമനയെ കൂടി കുറിക്കുന്നുണ്ടാകണം. ഇത്തരം സ്നേഹത്തിനെ രൂപകമാകണം കൃഷ്ണന്‍ എന്ന കാമുകന്‍. രാഥയ്ക്ക് വേണ്ടി അവന്‍ എന്തെല്ലാം ചെയ്യുന്നു. അവളുടെ കാലില്‍ മൈലാഞ്ചി അണിയിക്കുന്നു. അവള്‍ക്കുവേണ്ടി ഒപ്പനകളിക്കുന്നു. രാഥ ഒരു മുസ്ലീം പെണ്ണാണെങ്കില്‍ കൃഷ്ണന്‍ തീര്‍ച്ചയായും ഒപ്പനകളിക്കുന്നവനായിരിക്കും! അവന്‍ മാപ്പിളപ്പാട്ടുപടുകയും ദഫ്മുട്ടുകളിക്കുകയും ചെയ്യും. അവള്‍ക്കു വേണ്ടി മാത്രമായി അവന്‍ പാടുന്നു. ആടുന്നു. കുഴല്‍ വിളിക്കുന്നു. മൊബൈല്‍ ഫോണുകളുടെ സൗജന്യ നിരക്കുകള്‍ക്കും മുന്നേ ഒരുവന്‍ ഇതാ കാമുകിക്ക് മാത്രമായി നേരം കണ്ടെത്തുന്നു. മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തതുകൊണ്ട് അവളെ തേടി ചെല്ലുന്നവനല്ല മറിച്ച് അവള്‍ക്കു മാത്രമായി തിരഞ്ഞു ചെല്ലുന്നവനാണ്‌ അവന്‍. സ്വയം സമ്പൂര്‍ണ്ണമാകുന്ന സ്നേഹം. ആവര്‍ത്തനത്താല്‍ വിരമാവാത്തതായുള്ളത് ഈ പ്രേമമാണ്‌.
"ദ്രൗപതീ, നിനക്കുവേണ്ടി, നിനക്കുവേണ്ടീ മാത്രം നീ എന്നെങ്കിലും സ്നേഹിക്കപ്പെടുകയുണ്ടായോ?" (ഇനി ഞാന്‍ ഉറങ്ങട്ടെ, 81)ഇല്ലെന്ന് തിരിച്ചറിഞ്ഞ് വ്യഥിതയാകുന്ന ദ്രൗപതിയെ നമുക്ക് കാണാം. ധര്‍മ്മാധര്‍മ്മ വിചാരങ്ങള്‍ക്കിടയില്‍ ഒരിക്കല്‍പ്പോലും തനിക്കുവേണ്ടി നിയന്ത്രണം വിട്ടിട്ടില്ല തന്റെ ഭര്‍ത്താക്കാളിലാരും എന്ന്‌ സങ്കടത്തോടെ ദ്രൗപതി ഓര്‍ക്കുന്നു. തന്റെ സൗന്ദര്യത്തെയായിരുന്നു, തന്നിലൂടെ വന്നു ചേര്‍ന്ന ബന്ധുബലത്തെയായിരുന്നു അങ്ങനങ്ങനെ എന്തിനെയൊക്കെയോ ആയിരുന്നു തന്റെ ഭര്‍ത്താക്കന്മാര്‍ സ്നേഹിച്ചതെന്നു ദ്രൗപതി മനസ്സിലാക്കുന്നു. അപമാനത്തിന്റെ ആണ്‍ലോകത്തേക്ക്, തന്നെ ദുശ്ശാസനന്‍ വലിച്ചിഴച്ചപ്പോള്‍ വീതവീര്യരായി നിന്നതേയുള്ളു മഹാബലവാന്മാരായ അഞ്ചു ഭര്‍ത്താക്കന്മാരും. ധര്‍മ്മാധര്‍മ്മവിചാരങ്ങളുടെ കെട്ടുപാടുകളില്‍ നിന്നും ഒരു നിമിഷത്തേയ്ക്കു പൊട്ടിപ്പോയ ഭീമസേനന്റെ പ്രതിജ്ഞമാത്രം ബാക്കി. അത് സ്വന്തം വീര്യത്തിനേറ്റ അപമാനത്തോട് ഒരു ക്ഷത്രിയന്റെ പ്രതികരണമാത്രമായിരുന്നു. അതില്‍ ദ്രൗപതിയോടുള്ള സ്നേഹമില്ലായിരുന്നു. ഒരിക്കല്‍ താന്‍ അപമാനിച്ചിറക്കിവിട്ട കര്‍ണ്ണന്‍ അസ്ത്രങ്ങളേക്കാള്‍ മൂര്‍ച്ചയുള്ള വിഷവാക്കുകള്‍ കൊണ്ട് അന്നു തന്നെ ആക്രമിച്ചു. (ജീവിതത്തില്‍ അയാള്‍ പശ്ചാത്തപിക്കുന്നത് ആ ശപ്തനിമിഷങ്ങള്‍ ഓര്‍ത്തുമാത്രമാണെന്ന് അവള്‍ പിന്നീടറിഞ്ഞു.)അപമാനത്തിന്റെ ആ പുരുഷസഭയില്‍ ആശ്രയത്തിനെത്തിയത് അവനാണ്‌-കൂട്ടുകാരന്‍.
ഏതൊരു പെണ്ണിന്റേയും വ്യഥകളാണ്‌ ദ്രൗപതിയുടേത്. താനെന്താണോ ആ അവസ്ഥയെ, ഒരുവളെ അവളുടെ തന്മയില്‍ സ്നേഹിക്കാന്‍ സ്വീകരിക്കാന്‍ നിനക്ക് കഴിയുമോ എന്നത് ആത്മബോധമുള്ള ഏതൊരു കാമുകിയുടേയും ചോദ്യമാണ്‌. അവളവളായിരിക്കുന്നതിനാല്‍ മാത്രം തന്നെ സ്നേഹിക്കുമോ എന്ന സരളമായ ചോദ്യം. കൃഷ്ണന്‍ എന്ന കാമുകന്‍ പലപ്പോഴും ചെയ്യുന്നത് ഇതാണെന്നു തോന്നുന്നു.
കൂട്ടുകാരന്‍
കൂട്ടുകാരന്‍ എന്നവാക്ക് കാമുകനേക്കാള്‍ വളരെ വലിയ അര്‍ഥമുള്ള ഒന്നായി എനിക്ക് തോന്നിയിട്ടുണ്ട്. പരസ്പരബാധ്യതകളുറ്റെ കെട്ടുപാടുകള്‍ ഇല്ലാത്ത ഒരു ബന്ധമാണ്‌ സൗഹൃദം. കൃഷ്ണന്‍ ദ്രപതിക്ക് ഇത്തരം ഒരു കൂട്ടുകാരന്‍ ആയിരുന്നിരിക്കണം. ഏതുമഹാപാതകത്തിന്റെ ആഴത്തിലും തനിക്കു വേണ്ടി നിലകൊള്ളുന്ന ഒരാള്‍. അയാള്‍ ആണോ പെണ്ണോ ആകാം. മഹാദുരന്തങ്ങളുടെ വാതിലിന്നിപ്പുറം നിന്നാണ്‌, ദ്രൗപതീ നിന്റെ അഴിഞ്ഞ മുടി ഞാന്‍ മറക്കില്ലെന്ന്‌ കൃഷ്ണന്‍ പറയുന്നത്. ആ ഒരു നിമിഷത്തിലാണ്‌ കൃഷ്ണന്‍ എന്ന കൂട്ടുകാരനെ ഞാനും ആത്മാവില്‍ അടയാളപ്പെടുത്തിയത്. പകയുള്ള ഒരു പെണ്ണിന്റെ കൂട്ടുകാരനായിരിക്കുക എന്ന ദുഷ്കരകൃത്യമാണ്‌ അവന്‍ നിര്‍‌വ്വഹിക്കുന്നത്. ധര്‍മ്മാന്വേഷികളും വീരരുമായ അഞ്ച് ഭര്‍ത്താക്കന്മാര്‍ക്കും തിരിച്ചറിയാന്‍ പറ്റാതെ പോയ കൃഷ്ണയെ, കൃഷ്ണന്‍ എന്ന കൂട്ടുകാരന്‍ മനസ്സിലാക്കുകയാണ്‌. വനവാസകാലത്ത് അതിഥിയായി പരീക്ഷിക്കാനെത്തിയ ദുര്‍‌വ്വസാവില്‍ നിന്നും രക്ഷിച്ചതൊന്നും ഇതിലും വലുതല്ല. സമാധാനദൗത്യം ഏറ്റെടുത്ത്‌ യാത്ര പറയും മുന്‍പ്, ആരെല്ലാം പൊറുത്താലും എന്തെല്ലാം മറന്നാലും ധര്‍മ്മവിചാരങ്ങളുടേയും രാജനീതിയുടേയും കുടില ചക്രങ്ങള്‍ എങ്ങനെല്ലാം ഉരുണ്ടാലും, കുരുസഭയില്‍ നിനക്കുണ്ടയ അപമാനം, അഴിഞ്ഞുകിടക്കുന്ന ഈ കേശഭാരം ഇവരണ്ടും താന്‍ മറക്കില്ലെന്ന് പൊറുക്കില്ലെന്ന് പറയുന്നു കൃഷ്ണന്‍ എന്ന കൂട്ടുകാരന്‍. പെണ്ണിന്റെ പകയില്‍, അഭിമാനബോധത്തില്‍ ഒരു വംശമൊന്നാകെ എരിഞ്ഞൊടുങ്ങാന്‍ ശംഘൂതുന്ന അവന്‍ സൗഹൃദത്തിന്റെ ആള്‍ രൂപമായി ദ്രൗപതിയില്‍ല്‍ എന്നപോലെ എന്റെ ഉള്ളിലും വളരുന്നു.
എനിക്കുവേണ്ടി തല്ലുണ്ടാക്കിയ, മറ്റാര്‍ക്കും മനസ്സിലാകത്ത നേരത്തും എനിക്കു വേണ്ടി ഉറച്ചുനിന്ന, ഇനി വേറാരും ഇല്ലെന്ന്‌ സങ്കടം തോന്നിയാല്‍ ഏതു പാതകത്തിലും നിന്നെ പ്രതിരോധിക്കാന്‍ വരാം എന്നുറപ്പുതന്ന അപൂര്‍വ്വം സൗഹൃദങ്ങളുടെ ചാരുതയില്‍ ഞാന്‍ കണ്ടതും ഒരു കൃഷ്ണനെ ആയിരുന്നിരിക്കണം. എന്റെ സൗഹൃദത്തിന്റെ പേര്‍ നദിയയെന്നോ, നീരജെന്നോ ക്രിസ്റ്റി എന്നോ ഒക്കെ ആയിരുന്നെന്നു മാത്രം.
പിന്‍‌കുറിപ്പ്
ഭാരതകഥകള്‍ പ്രത്യേകിച്ചും കൃഷ്ണന്റെ കഥകള്‍ കേട്ട മുതിര്‍ന്ന കാലത്ത് എപ്പോഴൊക്കെയോ ഉണ്ടായ തോന്നലുകളാണിവ. 'രണ്ടാമൂഴവും' 'ഇനി ഞന്‍ ഉറങ്ങട്ടെയും' വീണ്ടും വായിച്ചപ്പോള്‍ എന്തെങ്കിലും കുറിയ്ക്കണം എന്നു തോന്നി. അഴിഞ്ഞ ഈ മുടി താന്‍ മറക്കില്ലെന്ന് ദ്രൗപതിക്ക്‌ വാക്കുകൊടുത്ത കൃഷ്ണനില്‍ നിന്നാണ്‌ ഞാന്‍ തുടങ്ങിയത്. ആദ്യഭാഗം കുറിച്ചു വച്ചിട്ട് രണ്ട് മാസമായി. തൃപ്തിയായില്ലെങ്കിലും ഇങ്ങനെ പൂര്‍ത്തിയാക്കുന്നു

അവലംബം
രണ്ടാമൂഴം-എം.ടി
ഇനി ഞാന്‍ ഉറങ്ങട്ടെ-പി.കെ.ബാലകൃഷ്ണന്‍
കര്‍ണ്ണന്‍-ശിവാജിസാവന്ത്.