Monday, February 18, 2013

ഒടുക്കം

"തീരുമാനിച്ചു. നാളെ നാലുമണി. "
വാര്‍ഡനാകാം പറഞ്ഞത്. ഉള്ള്‌ വേറെങ്ങോ ആയിരുന്നതിനാല്‍ നാലുമണി എന്നേ കേട്ടൊള്ളു.
നാളെ? എന്നു ചോദിച്ച് ഉറപ്പിക്കേണ്ടി വന്നു, മരണസമയം.

ഉത്തരം തന്നിട്ട് നടന്ന അയാള്‍ എന്തോ തിരികെ വന്നു. "വല്ലതും വേണോ?"
ആ ചോദ്യം പ്രതീക്ഷിച്ചില്ല. അവസാനം കണ്ടപ്പോള്‍വരെ അയാള്‍ക്ക് വെറുപ്പായിരുന്നു.
അയാളുടെ രാജ്യത്ത് എനിക്ക് സ്ഥാനമില്ല. രാജ്യദ്രോഹിയായ എന്റെ രാജ്യം ഇനി ഏതാണ്‌?
വല്ലതും വേണൊ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ ശരിക്കും ഏത് രാജ്യക്കാരനാണ്‌?
കണ്ണുകള്‍ കണ്ടിരുന്നെങ്കില്‍ അയാളുടെ രാജ്യത്തെയും കാണാമായിരുന്നു. അഴികള്‍ക്ക് വഴിതെറ്റിവന്ന വെറുങ്ങലിച്ച വെളിച്ചം മാത്രം.

ഉറങ്ങിയിട്ട് ഒരുപാടായി. ഇനി അതുകുണ്ടാകില്ല. അവളെ ഇനി കാണില്ല, മോളെയും. മോള്‍ക്ക് അവളുടെ രൂപമായത് എത്ര നന്നായി. ഉപ്പയും ഉമ്മയും നേരത്തേ പോയതും നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു.
കാഴ്ചകള്‍ ഇനി ഇല്ല. ഇല്ലാതകുന്നത് മാത്രമാണല്ലോ ഇനി ഉള്ളതും, ശേഷിക്കുന്നതും.

മരണം ഉറപ്പാക്കിയ ഒരു മനുഷ്യനു ചിരിക്കാനാകുമെന്ന് ഇപ്പോള്‍ തൊന്നുന്നുണ്ട്. അല്ലെങ്കില്‍ ഞാന്‍ കരയാത്തത് എന്താണ്‌?

വേദനിപ്പിക്കാതെ കൊല്ലണം. അത്രമാത്രമേ ഇനി ആവശ്യപ്പെടനുള്ളു. ഇഞ്ചക്ഷന്റെ വേദനപോലും പേടിയായിരുന്നതിനു അവള്‍ കളിയാക്കുമായിരുന്നു.
കൃത്യമായി കുടുക്കിട്ടാല്‍ ഒറ്റ നിമിഷത്തില്‍ പ്രാണന്‍ പോകുമെന്ന്‌ എവിടെയോ വായിച്ചിട്ടുണ്ട്.
എന്റെ ആരാച്ചാര്‍ അയാളുടെ പണിയില്‍ പെരുന്തച്ചനാകണേ എന്നേ ഇനി ആഗ്രഹമൊള്ളു.

നാളെ, അവര്‍ അവസാനത്തെ ആഗ്രഹം ചോദിക്കും. പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെടും.
ഇതുവരേയ്ക്കും പറഞ്ഞതുകളില്‍ ചിലതൊക്കെ നീക്കാനല്ലാതെ, പരമകാരുണികനേ ഇനി ഒന്നും ചേര്‍ക്കാനില്ല.
ഒടുക്കത്തെ ആഗ്രഹം ചോദിച്ചും പ്രാര്‍ഥിക്കുവാന്‍ പറഞ്ഞും ശേഷിക്കുന്ന ഇത്തിരി നേരത്തിന്റെ നീളം കൂട്ടാന്‍ ശ്രമിച്ചതാകും നിങ്ങള്‍ എന്നോട് ചെയ്ത ഏറ്റവും വലിയ ക്രൂരത.

നാളെമുതല്‍, എന്റേത് മരിച്ചവരുടെ രാജ്യമാണ്‌. ജീവിച്ചിരിക്കുന്ന നിങ്ങളുടെ രാജ്യം മരിച്ച എന്റെ രാജ്യത്തോട് ഉറക്കത്തില്‍ ഉത്തരം പറയും. ഉറക്കം മറ്റൊരു മരണമായതുകൊണ്ട് ഉറക്കത്തില്‍ നിങ്ങള്‍ക്ക് കള്ളം പറയാനാകില്ല.
നിശ്ചയിച്ചു കഴിഞ്ഞ മരണത്തിനു ഒരാളെ ഭയപ്പെടുത്താനാകില്ലെന്ന് ഞാനിപ്പോഴറിയുന്നു. നിലയ്ക്കാതെ വരുന്ന ഓര്‍മ്മകളിലാണ്‌ ഞാന്‍ പേടിപ്പിക്കുത്, സങ്കടപ്പെടുന്നത്.

കറുത്ത തുണി എന്റെ മുഖം മൂടുന്നതിനു മുന്‍പ് അവസാനത്തെ ശ്വാസമെടുക്കണം.

എനിക്കറിയാം, എന്റെ ശരീരം നിങ്ങള്‍ അവള്‍ക്ക് കൊടുക്കില്ല. മരിച്ച ഞാന്‍ അവളെ കാണില്ല. ജീവിക്കുന്ന അവള്‍ മരിച്ച എന്നെയും. ജീവനുള്ള ഞങ്ങളേ പരസ്പരം കണ്ടിട്ടുള്ളു. നല്ലത്.
നീണ്ട പന്ത്രണ്ട് വര്‍ഷത്തെ-ജയില്‍ ഭാഷയില്‍ ഒരു ജീവപര്യന്തകാലത്തെ-ജീവിതത്തില്‍ തികച്ചും അഞ്ചു വര്‍ഷം പോലും നമ്മള്‍ കണ്ടിട്ടില്ലല്ലോ എന്ന് എനിക്കിപ്പോഴും ഓര്‍ക്കാനാകുന്നുണ്ട്.
നീ എന്റെ സങ്കടമാണല്ലോ...

ഒടുക്കത്തെ ഊഞ്ഞാലില്‍ ഓര്‍മ്മകള്‍ ഉരിഞ്ഞുപോകട്ടെ.