Showing posts with label കൗതുകം. Show all posts
Showing posts with label കൗതുകം. Show all posts

Thursday, November 18, 2010

ഒരു പച്ചക്കുറിപ്പ്

അവന്റെ കൂടെ താമസിക്കാന്‍ തുടങ്ങിയിട്ട്, അല്ല ഞങ്ങള്‍ ഒന്നിച്ച് താമസം തുടങ്ങിയിട്ട് ഒരാഴ്ച്ച തികഞ്ഞു. ഇത്തരം കാര്യങ്ങളിലാണ്‌ നാട്ടില്‍ നിന്നും പോന്നതില്‍ സന്തോഷം തോന്നുത്. കല്യാണം കഴിയാതെ ഒരാണും പെണ്ണും ഒന്നിച്ച് താമസിച്ചാല്‍ നാട്ടില്‍ എത്ര ഇടങ്ങളില്‍ ഭൂകമ്പമുണ്ടാകും. ഇവിടെ ആരും കുലുങ്ങുന്നേയില്ല. ഭാഗ്യം.

ഒരാണിന്റെ ഉറക്കം ഇത്രയും അടുത്ത് കാണുന്നത് ആദ്യമായാണ്‌. ഒരാളുടെ വിയര്‍പ്പ് ഇത്ര അടുത്ത് മണക്കുന്നതും ആദ്യം. നമുക്കിഷ്ടമുള്ളവരുടേതായാലും വിയര്‍പ്പിന്‌ അത്ര രസമല്ലാത്ത ഒരു മണം തന്നെ. ഒരു പക്ഷേ അവനും ഇങ്ങനൊക്കെത്തന്നാകും. നിലാവത്ത് അഴച്ചുവിട്ട കോഴി എന്ന പ്രയോഗം അവനിപ്പോള്‍ നന്നായി ഇണങ്ങും. ഒന്നിച്ച് താമസിക്കാമെന്ന് തീരുമാനിച്ച ശേഷം ആദ്യമൊക്കെ അവന്‌ വലിയ ആത്മവിശ്വാസമായിരുന്നു. പക്ഷേ ഈ വീട്ടിലേക്ക് കുടിയേറിയ ആദ്യ ദിവസം, കൂട്ടിന്‌ വേറാരുമില്ലാതെ, ഞങ്ങള്‍ മാത്രമായ ആ രാത്രി, അവന്റെ മുഖത്തുകണ്ട വിശേഷണങ്ങളില്ലാത്ത അങ്കലാപ്പുകള്‍ പറഞ്ഞു തന്നു, ശരിക്കും അവന്‍ എന്താണെന്ന്. പകച്ചുനിന്ന ആ മുഖത്ത് ഒരുമ്മ കൊടുത്താലോ എന്ന് തോന്നിയതാണ്‌. കൊടുത്തില്ല. ആ ഒരുമ്മ അവനെ ചിലപ്പോള്‍ തിരിച്ചോടിച്ചേനേ. ഈ ആണുങ്ങളെല്ലാം ഇങ്ങനാണാവോ? അതിരില്ലാത്ത ആത്മവിശ്വാസത്തിന്റെ പുറം മൂടിക്കകത്ത് അങ്കലാപ്പുകളുടെ ഒരു കടല്‍? ആര്‍ക്കറിയാം.

നിമിഷങ്ങള്‍ കൊണ്ട് ഉള്ളവയെ കറിയാക്കി മാറ്റുന്ന, ഉമ്മയ്ക്ക് മാത്രം വശമുള്ള ആ മായാജാലം പഠിക്കാത്തതിന്റെ നഷ്ടം ഇപ്പോഴറിയുന്നു. ഒപ്പം അരി, പച്ചക്കറി, പഞ്ചാര ഇതിന്റൊക്കെ വില അറിഞ്ഞും തുടങ്ങിയിരിക്കുന്നു. അവന് ചായ വയ്ക്കാന്‍ മാത്രം അറിയാം. പെണ്ണാണെന്ന അഹങ്കാരത്തില്‍ അടുക്കള നോക്കാമെന്നേറ്റ് ചോറും കറിയും വച്ച ഒന്നാം ദിവസമാണ്‌ 'അടുക്കള' എന്ന വാക്കിന്റെ അര്‍ഥമറിഞ്ഞത്. വിറകടുപ്പിന്റെ കാലത്തെ പെണ്ണുങ്ങളോട് അപ്പോള്‍ തോന്നിയ ബഹുമാനം മരിക്കുവോളം മായില്ല. തീര്‍ച്ച. അത്താഴമായോ എന്ന അയല്‍പക്കച്ചോദ്യത്തിന്റെ ആഴം ഇപ്പോഴെനിക്കറിയാം. അടുക്കളയെ അറിഞ്ഞു തുടങ്ങുമ്പോല്‍ നമ്മള്‍ പലതും തിരിച്ചറിയുകയാണ്‌.

ഇപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളെ കൂടുതല്‍ പരിചയമായിക്കൊണ്ടിരിക്കുന്നു. ഒരാളുടെ കൂടെ ജീവിക്കുക എന്നു പറഞ്ഞാല്‍, ഓ അതിനെ പറയാന്‍ പറ്റില്ല. അറിയാനേ പറ്റു.
വിട്ടുവീഴ്ച്ചകളുടെ, ആശ്വസിപ്പിക്കലിന്റെ ഉത്സവമാണിപ്പോള്‍. പരസ്പരം നല്ലവരാണെന്ന് ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ രണ്ടാളും തിരക്കു കൂട്ടുന്നത് എനിക്ക് നന്നായി മനസ്സിലാകുന്നു. ഒരു മാസം കൂടി കഴിയട്ടെ. ഇപ്പോഴത്തെ മേല്‍മൂടികള്‍ മാറ്റി ശരിക്കുള്ള ഞങ്ങള്‍ പുറത്തു വരും. അപ്പോഴെങ്ങിനെ ആകുമോ ആവോ? ഒന്നിച്ച് താമസിക്കുക എന്ന് പറച്ചാല്‍ ഇങ്ങനത്തെ അങ്കലാപ്പുകളൊക്കെ ആണല്ലോ? ശരിക്കും ഇതെന്താണെന്ന് പറയാന്‍ ഒരാഴ്ച്ച കൂടി കഴിയേണ്ടി വരും. അപ്പോഴേക്കും അവന്റെ മുഖത്തെ അങ്കലാപ്പുകളും കുറയുമായിരിക്കും. ഓരോ ദിവസവും ഇപ്പോള്‍ പുതുതാണ്‌. രണ്ട് പേര്‍ ഒന്നിച്ച് കഴിയുമ്പോള്‍, തുടക്കത്തിലെങ്കിലും ഇങ്ങനൊക്കെ ആയിരിക്കും. ലോകം ഇനി പഴയതുപോലല്ല. അങ്ങിനെ ആകുകയും ഇല്ല. ദിവസം കഴിയുന്തോറും ഈ കൗതുകം പോകാതിരിക്കട്ടെ.