Monday, January 16, 2012

അന്യോന്യം

ഓര്‍മ്മകളില്‍ നിന്നവധിയെടുത്ത്
ഉണങ്ങിത്തീരാത്തൊരു മരച്ചോട്ടില്‍
നമുക്കിത്തിരി ഒറ്റക്കിരിക്കാം.
ഉള്‍പ്പുറങ്ങളിലെ
പ്രായപ്പകര്‍ച്ചകളെ
പതര്‍ച്ചകളേയും
പാഴ്‌വാഗ്ദാനങ്ങളെയെന്നപോലെ
പടിക്കു പുറത്താക്കാം.

ഇല്ലാത്ത നിലാവിനോടും
ഇനിയുമെത്താത്ത സൂര്യനോടും
പരാതികള്‍ പറയാതിരിക്കാം.
തുടങ്ങിയതെവിടെന്നോ
എങ്ങു നിര്‍ത്തുമെന്നോ
തിരയാതെ
വേവലാതികളില്ലാതെ
നമുക്ക് പറഞ്ഞു കൊണ്ടേയിരിക്കാം.
കേട്ടുകൊണ്ടേയിരിക്കാം.
ഇടക്കെപ്പോഴെങ്കിലും
ആ മരത്തില്‍ ഇല കിളിര്‍ക്കും.

ഒടുവില്‍
ഇലപ്പച്ചകളിലെ നമ്മുടെ ചുംബനങ്ങളെ
വെയിലെടുക്കും.
വെള്ളം തിരഞ്ഞുവേരുകള്‍
ആഴങ്ങളില്‍ തളരും.
പിന്നെ
ഓര്‍മ്മകളിലേക്കും
ബാധ്യതകളിലേക്കൂം
നമ്മള്‍ പിരിഞ്ഞു പോരും.

ഉള്ളിലെ ഒഴിവല്ലാതെ
നിമിനേരനിറവല്ലാതെ
ഒന്നും ബാക്കിയാകരുത്.
ഓര്‍മ്മകള്‍ക്ക്
ആ നേരങ്ങളെ തീറെഴുതരുത്.
രേഖപ്പെടുത്തായ്കയാല്‍
അനശ്വരമായതില്‍
ജീവന്റെ മാമരം
നിറപ്പച്ചയാകും.















Sunday, November 13, 2011

പായാരങ്ങള്‍.രണ്ട്: നോമ്പ്

അന്ന്, നോമ്പ് വല്യൊരാശ്വാസമായിരുന്നു. പകല്‌ കഞ്ഞിവയ്ക്കണ്ടല്ലോ. പുണ്യത്തിന്റെ ഈ അരിക്കണക്കെണ്ണിയാകണം ഉമ്മയ്ക്ക് നോമ്പ് തെറ്റാത്തത്. ഉമ്മ നോമ്പ് മുടക്കില്ല.

വെശപ്പൊഴികെ എന്തും സഹിക്കണ സാദിനും നോമ്പുണ്ടാകും.തരം കിട്ട്യാ ഓനത് തെറ്റിക്കും. വെശപ്പ് സഹിക്കല്‍ ഷെഫിക്കും ശീലമായിരുന്നില്ല. പക്ഷേ ശീലമില്ലാത്തവയെ വിഴുങ്ങാന്‍ അവള്‍ക്ക് പ്രത്യേക കഴിവുണ്ട്. ഹൈസ്കൂളില്‍ ഉച്ചക്കഞ്ഞി ഇല്ല. എന്നും ചോറ് കൊണ്ടുപോകണം. നോമ്പ് തുടങ്ങിയാല്‍ ചോറുപൊതി ഇല്ലാത്തതിനു അന്വേഷണം ഇല്ല. തെറ്റിപ്പോകുന്ന ചോറ്റുപാത്രത്തിന്റെ കണക്കാണ്‌ ഷെഫിയെ നോമ്പെടുപ്പിക്കുന്നത്. വിശപ്പെന്ന പരമമായ സത്യം മുന്നില്‍ പടം വിടര്‍ത്തി നില്‍ക്കും. പണയത്തിലാകാതെ സൂക്ഷിക്കാന്‍ ആകെയുള്ള അഭിമാനത്തെ നോമ്പൊരു പുണ്യമായി പൊതിഞ്ഞു നിര്‍ത്തും.

ബാപ്പ പോയതിനു ശേഷം നോമ്പുകാലത്തും ഉമ്മ പണിക്ക് പോകും. നോമ്പെടുത്ത് ഉമ്മ പണിക്ക് പോയി വരുന്നത് എങ്ങനെ എന്ന് ഷെഫിക്ക് ഇന്നും മുഴുവനായി മനസ്സിലായിട്ടില്ല. മനസ്സിലാകായ്കകളുടെ മേളനമാണ്‌ ജീവിതം എന്നു തിരിച്ചറിഞ്ഞത് പിന്നീടാണ്‌.

ലോകത്തിലെ ഏറ്റവും നല്ല പാചകക്കാരി ഉമ്മയാണ്‌. ഒരു പാചകക്കുറുപ്പിലും ഒതുങ്ങാത്ത രുചികൊണ്ടാണ്‌ നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ ഉണ്ടാക്കുക. മുഴുവരിക്കഞ്ഞിയാണ്‌ മിക്കദിവസവും. റമദാന്‍ കാലത്തിനു വേണ്ടി, കൊയ്യാന്‍ പോയി കിട്ടിയതില്‍ നിന്നും നെല്ല് മാറ്റി വച്ചിരിക്കും. അത് പുഴുങ്ങിക്കുത്തി അരിയാക്കും. റമദാനില്‍ റേഷനരിക്കഞ്ഞിക്ക് സലാം. ചുട്ടതേങ്ങയും കശുനണ്ടിയും ചേര്‍ത്ത്‌ ഉമ്മയ്ക്ക് മാത്രമറിയാവുന്ന പാകത്തില്‍ ചമ്മന്തിയുണ്ടാക്കും. അത് മാത്രം മതി ഒരു നോമ്പ് കാലത്തെ കാത്തിരിക്കാന്‍. എന്തൊക്കെയോ പച്ചക്കറികള്‍. കൂടുതലും വീടുനു ചുറ്റുമുള്ള ഇത്തിരി പറമ്പില്‍ നിന്നുമുള്ളത്. ചിരട്ടക്കയില്‍ എന്ന മാന്ത്രികവടികൊണ്ടുഴിഞ്ഞ് ഇവയെയൊക്കെ ഉമ്മ അമൃതാക്കിമാറ്റും. ഇറച്ചിയും മീനുമില്ലാതെ വിഭസമൃദ്ധമായ നോമ്പ് തുറ. മത്തന്‍, കുമ്പളം, പാവല്‍ പടവലം പയറ്‌ താള്‌ തകര തിന്നാന്‍ പറ്റാത്ത ഇലകളില്ലെന്ന് മനസ്സിലാക്കിത്തന്നത് ഉമ്മയാണ്‌. റമദാനില്‍ ഇപ്പറഞ്ഞ എല്ലാ ഇലയും കിട്ടില്ല. പക്ഷേ, കിട്ടുന്നതെന്തും കയിലുഴിഞ്ഞ് അമൃതാക്കും. ഇല്ലായ്മകളെ ഇലകള്‍ കൊണ്ടു മൂടാന്‍ ഉമ്മയെ പഠിപ്പിച്ചത് ആരായിരിക്കും?

നോമ്പുതുറ വിളിക്കാന്‍ ഹനീഫ വരും. പത്തിരിം ഇറച്ചീമൊക്കെയുള്ള വലിയ നോമ്പുതുറ. സാദിനു അന്ന് വല്യ ഉത്സാഹമായിരിക്കും. ആശാനും ശിഷ്യനും പത്തിരിയോട് മത്സരിച്ച് പടവെട്ടും. വീട്ടിലെ നോമ്പുതുറ ഒരിക്കലും ഉത്സവമായിരുന്നില്ല. ആരേയും വിളിക്കാറുമില്ല. അതുകൊണ്ട് തന്നെ ആരേലും നോമ്പ് തുറ വിളിച്ചാല്‍, പോകാന്‍ ഉമ്മക്ക് മടിയാണ്‌. നോമ്പ് തുറക്കാന്‍ വിളിച്ചാല്‍ ചെല്ലാതിരിക്കരുത്. അതുകൊണ്ട് സാദിനേം ഷെഫിയേം അയക്കും. ഇത്തിരി മുതിര്‍ന്നപ്പോഴേക്കും ഷെഫിക്കും ഇതൊക്കെ മനസ്സിലായിത്തുടങ്ങി. നിവര്‍ത്തിയുള്ളിടത്തോളം അവളും ഒഴിയും. സാദിനിതൊന്നും പ്രശ്നമല്ല. അത്രയ്ക്ക് ആലോചനയൊന്നും ആ പ്രായത്തില്‍ ഇല്ലല്ലോ.
എല്ലാം അറിയാവുന്നത് കൊണ്ട് നോമ്പ് തുറവിളിച്ചാല്‍ ഉമ്മാനെ കൂട്ടാന്‍ ഹനീഫ വരും. അവനോട് ഒഴിവു പറയന്‍ ഉമ്മയ്ക്കറിയില്ല. കൂട്ടത്തിലുള്ള എല്ലാറ്റിനേക്കാളും വലിപ്പമുള്ളതുകൊണ്ടാകും, ഹനീഫ ഉമ്മാടെ വല്യപുള്ളയാണ്‌.
"ന്റെ വല്ല്യുള്ള"
അത്രേ ഉമ്മ പറയു. ആ വലിയ പുള്ള വിളിച്ചാല്‍ പിന്നെ ഉമ്മയ്ക്ക് വീട്ടിലിരിക്കാന്‍ പറ്റില്ല. ഉമ്മ തെറ്റാതെ നോമ്പ് തുറക്കാന്‍ പോകുന്ന ഏക വീട് ഹനീഫാടാണ്‌.
ഷെഫിയുടെ വീട്ടില്‍ നോമ്പുതുറക്കെത്തുന്ന ഏറ്റവും വിശിഷ്ടനായ അതിഥി ഹനീഫയാണ്‌. ഉസ്താതിനു ചോറുകൊടുക്കുമ്പോള്‍ പോലും ഉണ്ടാക്കാത്ത വിഭവങ്ങള്‍ അന്നുണ്ടാകും.
ആ വല്യപള്ള നിറക്കാതെ ഉമ്മ വിടില്ല. എന്നാലും, ഹനീഫ എന്ന വല്യപുള്ള വളരെ കുറച്ച് മാത്രം കഴിക്കുന്ന ഒരു നോമ്പു തുറ അതായിരിക്കണം.
"ഈ പള്ള നിറക്കാന്‍, ഉമ്മാടകയ്യീന്ന് ഒരുപിടിച്ചോറ് മതീന്ന്." ആ വല്യപുള്ള ഒരിക്കല്‍ ഉമ്മാട് പറയണത് ഷെഫി കേട്ടിട്ടുണ്ട്. വല്യപുള്ളയും ഉമ്മയും തമ്മില്‍ മാത്രം പറയുന്ന ചില രഹസ്യങ്ങള്‍ ഉണ്ട്. ഷെഫിയോട് എന്തും തുറന്നു പറയുന്ന ഹനീഫ അത് മാത്രം പറയില്ല. ഇക്കാര്യത്തിന്‌ ഒരിക്കല്‍ അവള്‍ വഴക്കിട്ടു. 
"ഉമ്മേം, ഉമ്മാടൊരു വെല്ല്യൂള്ളേം. ഇബ്ടെള്ളോരൊക്കെ രണ്ടാന്തരം."
"തേ. ന്റെ വെല്ല്യൂള്ള തന്നാ. നെനക്കെന്നാ ചേതം." പിന്നൊന്നും പറയാനില്ലല്ലോ. അവളുടെ ആ പരിഭവം അങ്ങനതന്നിരിക്കും.
എല്ലാം കഴിഞ്ഞ് വല്ല്യപുള്ളയുടെ വക ഒരു കെട്ടിപ്പിടുത്തമുണ്ട്.
"ഇയ്യ് കുഞ്ഞ്യൊന്ന്വല്ല വട്ടഞ്ചുറ്റാന്‍"
എന്നു പറയുമെങ്കിലും ആ വട്ടഞ്ചുറ്റല്‍ ഉമ്മക്കിഷ്ടമായിരുന്നു.

ഉമ്മാടെ ആധിയായിരുന്നു പെരുന്നാള്‍. നോമ്പെടുക്കുന്ന കുട്ടികള്‍ക്ക് പെരുന്നാള്‍കോടി കൊടുക്കണം. സാദ് കാത്തിരിക്കും. ആതിനുവേണ്ടിയാണ്‌ അവന്റെ നോമ്പ്.
ഒരിക്കല്‍പ്പോലും ഉമ്മ  അത് മുടക്കിയിട്ടില്ല. സാദിനു കോടികൊടുക്കൂമ്പോള്‍ ഉമ്മയുടേ കണ്ണില്‍ ഒരു റമദാന്‍ മുഴുവനുദിക്കും.
ആ ഒറ്റ നിമിഷത്തിനു വേണ്ടിയാണ്‌ അവര്‍ ഇക്കാലമത്രയും ആതിപിടിച്ചതെന്ന് തോന്നും. എത്ര പകലിന്റെ വിയര്‍പ്പാണ്‌ ആ കോടിയുടെ തിളക്കം. മനസ്സിലാക്കലുകള്‍ ഏറിത്തുടങ്ങിയ ഒരു പെരുനാളിനു, കോടി തന്ന ഉമ്മാടേ കണ്ണില്‍ നോക്കിയ ഷെഫി വിതുമ്പി.
"ഇപ്പെണ്ണിനെന്താന്ന്".
"ന്താപെണ്ണേ"ന്ന് ചോദിച്ചപ്പോള്‍ ഉമ്മായ്ക്കും സങ്കടം വരുന്നുണ്ടായിരുന്നോ? തിട്ടമില്ല.
"ല്ലാരും കോടീട്ടുമ്പ തുള്ളം.
ഇബ്ടൊള്ളോരെണ്ണം ചിണുങ്ങും
സാദേ, നെന്റിത്തത്താക്കെന്താണ്ടാ."
"ഇത്താത്തക്ക് വട്ടാമ്മാന്ന്" പറയുമ്പോഴേക്കും അവന്‍ കോടിക്കുള്ളിലായിരിക്കും.
അപ്പോഴേക്കും ഷെഫി ചിരിക്കും, ഉമ്മേം.
ഉമ്മാടേ ഏറ്റവും തിളക്കമുള്ള ചിരി അതാണ്‌. വീടുമുഴുവന്‍ ആ ചിരിയില്‍ തിളങ്ങും.
അപ്പോഴേക്കും ഹനീഫായും വരും. അവന്‍ വരുന്നത് ഉമ്മാടേ പെരുനാള്‍ സ്പെഷ്യലിനാണ്‌.
പെരുന്നാള്‍ കോടിയുടെ തിളക്കത്തിലായിരിക്കും അവനും. ഉമ്മാടേ സ്പെഷ്യല്‍ നിന്നോണ്ട് അകത്താക്കിയിട്ട് അവന്‍ പായും. എല്ലാടത്തും എത്തണ്ടേ.

രാത്രി മുറ്റത്തിരിക്കുമ്പോള്‍ ഉമ്മ പാടും.
സാദ് ഉമ്മാടേ മടിയില്‍ തലവച്ച് മാനത്തേക്ക് നോക്കി കിടക്കും.
ഉമ്മായ്ക്ക് മാത്രമറിയാവുന്ന ഒപ്പനപ്പാട്ടുകള്‍. ചിലപ്പോള്‍ ഞാറ്റുപാട്ടുകള്‍.
ഉമ്മാടെ മാത്രം ഈണം.
സാദുറങ്ങും.
അറിയാവുന്ന പാട്ടുകള്‍ ഷെഫി ഏറ്റു പാടും.
ഉമ്മയ്ക്ക് വലിയ സന്തോഷാണത്. പക്ഷേ അവള്‍ക്കറിയാവുന്ന പാട്ടുകള്‍ കുറവാണ്‌.
ഒരു പാട്ടിന്ററ്റത്തു നിന്നും മറ്റൊന്നിലേക്ക്, അതില്‍ നിന്നും വേറോന്നിലേക്ക്‌ ഉമ്മ കയറിപ്പോക്കും.
പാട്ടുകള്‍ കൊണ്ട് വേറൊരു ലോകം.
പറമ്പായ പറമ്പിലും പാടത്തുമൊക്കെ അലയുന്ന, അവസാനിക്കാത്ത ആധികളുടേ കൂമ്പാരമായ ആ ഉമ്മായേ അല്ല അത്.
പിടികിട്ടാത്ത ലോകങ്ങളില്‍ അലഞ്ഞ്‌ ആഹ്ലാദിക്കുന്ന ഒരുവളാണത്. 
പാടുമ്പോള്‍ ഉമ്മ വേറൊരാളാണ്‌.
പാട്ടായപാട്ടൊക്കെ പടച്ചത് ആരാണ്‌?

ഉമ്മാട് ചേര്‍ന്ന് ഷെഫി കണ്ണുമിഴിച്ചിരിക്കും. പോകെപ്പോകെ, പാട്ടിന്നിടയ്ക്കെപ്പോഴോ ഉമ്മ വിതുമ്പും.
ഉപ്പയാണുള്ളിലെന്നറിഞ്ഞ് അവള്‍ ഉമ്മാനെ നോക്കും.
പാട്ട് നിക്കും.
ഉമ്മ ചിരിക്കും.
ചിലപ്പോള്‍ കണ്ണുനിറഞ്ഞിട്ടുണ്ടാകും.
ഒരു പെരുനാളിനായിരുന്നു ഉമ്മാടേ പാട്ടുംകേട്ട് എന്നേക്കുമായി ഉപ്പ ഉറങ്ങിപ്പോയത്.
അവള്‍ക്കും സങ്കടം വരും.
എന്നാലും ചിരിക്കും.
ഒരു പാട്ടിലേക്ക് വഴിതെളിക്കാന്‍ ശ്രമിച്ച് അവള്‍ തോക്കും.
തൊണ്ടയില്‍ എന്തോ കുരുങ്ങുന്നതയിത്തോന്നും.
സാദിനെ വിളിച്ച് അകത്തുകേറ്റിക്കിടത്തും.
ഒന്നും മിണ്ടാതെ ഉമ്മയെ കെട്ടിപ്പിടിച്ച് അവളുറങ്ങും.
                                                                         [തുടര്‍ന്നേക്കാം]



Thursday, October 6, 2011

ആകുലം

ഒരുപാട് ഞാനുണ്ട്,
നീയും.
പക്ഷേ,
വേര്‍പാടുകൊണ്ട്
അടയാളം വച്ച നീ
ഒന്നേയുള്ളു.
ആ നീ ആരാണ്‌?

ഒരുപാട് വാക്കുകളുണ്ട്.
എന്റേതും നിന്റേതും.
പക്ഷേ
നമ്മുടേതായി ഒന്നേയുള്ളു.
ഇനിയും പറയാത്ത അത്
എവിടെയാണ്‌?

ഒരുപാട് തുറസ്സുകളുണ്ട്
നിന്നിലേക്കും
എന്നിലേക്കും.
പക്ഷേ,
പിരിയാനും
പിടഞ്ഞുമാറാനും
ഒറ്റ വഴിയേയുള്ളു
അനിവാര്യമായ അതേതാണ്‌?

ഒരുപാട് ഉത്തരങ്ങളുണ്ട്
എനിക്കും,
നിനക്കും.
പക്ഷേ,
ഉണ്മയെ ഉപാധിയാക്കുന്ന
ഒറ്റച്ചോദ്യമേയുള്ളു.
നിരന്തരം നീക്കിവച്ച,
നീക്കുപോക്കുകളില്‍ ഉറക്കിവച്ച അത്
ഉണരുന്നത് എന്നാണ്‌?

നീരവം നിശ്ചിന്തം
നമുക്കൊന്നുറങ്ങാനാകുന്നത്
ഇനി എപ്പോഴാണ്‌?

Friday, September 23, 2011

വെളിപാട്

കൈതമുള്ളുപോലെ
നിന്റെ സ്നേഹം കൊളുത്തിയിട്ടും
നോവിന്റെ നാവുകള്‍ക്ക്
നീളം ഏറെയെന്നറിയാന്‍ വൈകി.

കൂട്ടുകാരാ
ഉള്‍ക്കനമില്ലാത്ത ഉപാധികളില്‍
നമ്മള്‍ ചെറുതാകുന്നെന്നും
ഉള്ള കനം എനിക്കേറെയാകുന്നെന്നും
ഉണ്മയൊരു വിഭ്രമാണെന്നും
തെളിയുകയാണല്ലോ.
പിടഞ്ഞു മാറാനും
പറിച്ചെടുക്കാനുമാകാതെ
ഉഴറുകയാണല്ലോ.
ഇപ്പോള്‍
അവസാനനിലാക്കീറും
നിലത്തായിക്കഴിഞ്ഞു.
വറ്റിയകിണറ്റുവക്കത്ത്
വിനാശത്തിലേക്ക്
വിരലുപിടിച്ചെന്ന വെളിപാടില്‍
വഴിതീര്‍ന്നിരിക്കുന്നു.


Sunday, August 7, 2011

സ്ഖലിതങ്ങള്‍

ചിലപ്പോഴൊക്കെ
യുക്തിയുടെ മുഴക്കോലിന്‌
അളന്നെടുക്കാന്‍ കഴിയാത്ത
വീണ്ടുവിചാരങ്ങള്‍ക്ക് വഴങ്ങാത്ത
ചിലത്
നമ്മളെ കീഴ്പെടുത്തിക്കോണ്ട് കടന്നുപോകുന്നു.

വാക്കിലേക്ക് സാന്ദ്രീകരിക്കാനാകാത്തവയുണ്ട്
എന്ന തിരിച്ചറിവിലാണ്‌
നിന്നോടെനിക്ക് മിണ്ടാനാകാത്തത്.

ഏതു ഭാഷയിലേക്കാണ്‌
എങ്ങനെയാണ്‌
നിന്നെ വിവര്‍ത്തനം ചെയ്യേണ്ടത്.

എന്തേ നീ വിളിച്ചില്ല?
നേരമായില്ലേ,യിരുള്‍
നടുവിലിളകാതെ
ഞാനുണ്ടെന്നറിഞ്ഞില്ലേ?

രാത്രീ നീയുമുറങ്ങാറുണ്ടോ?
കണ്മിഴിച്ചാരെയോ കാക്കാറുണ്ടോ?

ഇളനിലാപ്പെയ്തില്‍ ഇലയനങ്ങും പോല്‍
ഇലകളില്‍ നിന്നും മഴയുതിരും പോല്‍
സരളസൂക്ഷ്മമായ് വ്യഥിതേ നിന്മൊഴി- ഒരോര്‍മ്മ

എന്റെ മാനത്ത് തോരാതെ പെയ്യുന്നു
നിന്റെ മുഖം, വേണ്ടെനിക്ക് മേല്‍ക്കൂരകള്‍...

It's not that easy and it never was...

Saturday, July 16, 2011

അന്തിയ്ക്ക്

അന്തിയാണിരുട്ടും മക്കളുമൊപ്പം വീട്ടില്‍
വന്നുകേറുന്നു നിറംമങ്ങിയമിഴികളില്‍
നിറയാനേതോ ചാനല്‍പ്പരസ്യം നിരത്തുന്നു.
ഇനിത്താങ്ങുവാന്‍ വയ്യ സമ്മര്‍ദ്ദം
ചൂളംവിളി മുഴക്കുന്നടുക്കള.
ഇടവേളയിലരിയിറക്കിവക്കുന്നാരോ.

വാര്‍ത്തയുമത്താഴവും വിഴുങ്ങലൊന്നിച്ചാണ്‌
ഉമ്മാടെപാത്രത്തിന്‌ വിളിവരാറായി.
മിണ്ടാത്തചോറിലുപ്പും രുചിയില്ലാത്തതായി.

ഇരുട്ടും കുഴമ്പിന്റെ മണവും കുഴഞ്ഞ
ഈ മുറിയില്‍ മിണ്ടാനാര്‌?
ഒന്നുമേമിണ്ടാതെന്നേ പോയതാണുള്ളോരാള്‌.

മേഘത്തിന്നിരുള്‍മുറിവാതില്‍പ്പാളിയില്‍ നിന്നും
ഇത്തിരിച്ചിരിതന്നുമാഞ്ഞുപോയ്‌ ചന്ദ്രക്കല.
ഇരുട്ട് ശീലിച്ചുപോയ്. ഇല്ലിനിപ്പരാതികള്‍.
പ്രാര്‍ത്ഥനമാത്രം. ഭാവി നിങ്ങള്‍ക്കീ മുറിതന്ന്
ശപിക്കാതിരിക്കട്ടെ.

Monday, June 20, 2011

പായാരങ്ങള്‍. ഒന്ന്: ചൂണ്ട

ചില ദിവസങ്ങളില്‍ പണി കഴിഞ്ഞ് ഉമ്മ വരാന്‍ വൈകും. വൈകുന്നേരത്തെ തിമര്‍പ്പു കഴിഞ്ഞ് വീടെത്താന്‍ ഷെഫിയും വൈകാറുണ്ട്. ഉമ്മയും ഷെഫിയും ഒന്നിച്ച് വൈകുന്ന ദിവസങ്ങളില്‍ മുറ്റത്തെ ചെമ്പരത്തിക്ക് കൊമ്പൊന്ന് നഷ്ടമാകും.
"ഒരുത്തീള്ളത് കുടീക്കേറണ നേരം നീ കാണണ്‍ല്ലേ പടച്ചോന"' എന്നാണ്‌ ഉമ്മ പറഞ്ഞു തുടങ്ങുക.
"ഇച്ചിരി ചായേന്റെ വെള്ളോങ്കിലും വച്ചാന്നാടി നെന്റെ വളയൂരി പോക്വോ"
എന്നുംകൂടി ചേര്‍ക്കുമ്പോഴേക്കും ഉമ്മക്ക് ദേഷ്യവും സങ്കടവും സഹിക്കാന്‍ വയ്യാതാകും. അച്ചാലും മുച്ചാലും ചെമ്പരത്തിക്കമ്പ് ഷെഫീടെ മേത്ത് പൂക്കും.
ഇത്തിരി കഴിയുമ്പൊഴേക്കും ഉമ്മ കരഞ്ഞു തുടങ്ങും. അതുവരെ മരം പോലെ നിന്ന ഷെഫിയും കരയും.
ഇത്താത്താനെ തല്ലീട്ട്, ഉമ്മച്ചി കരയണത് എന്താന്ന് പിടികിട്ടാതെ സാദ് പതിയെ വീട്ടിലേക്ക് കേറും. അവനും സങ്കടം വരും.
വേനലവധിക്കാലം കളികളൂടെ പെരുന്നാക്കാലം കൂടിയാണ്‌. ചെമ്പരത്തീടെ കമ്പുകള്‍ ഏറെ ഒടിയുന്നതും അക്കാലത്ത് തന്നെ.
"'ഇതെന്ത് പടപ്പ്‌ പടച്ചോനേ" ചെമ്പരത്തി പൂക്കുന്ന ഓരോ സന്ധ്യക്കും, ഉമ്മ കരഞ്ഞു ചോദിക്കും.
ഷെഫിയെപ്പോലെ പടച്ചോനും താഴോട്ട് നോക്കി മിണ്ടാതിരിക്കും.
അങ്ങനത്തെ ഒരു തോന്ന്യാസിപ്പെണ്ണാണ്‌ ഷെഫി, ഷെഫീന.
ആങ്കുട്ട്യോള്‍ടെ കൂടെ കളിച്ചു നടക്കണ ഒരു പെണ്ണ്. അടുത്ത് പെണ്‍കുട്ടികള്‍ കുറവായതിനേക്കളും
ഉള്ളോരുടെ താല്പര്യങ്ങള്‍ കൊത്തങ്കല്ലിനും അക്കുകളിക്കും അപ്പുറത്തെത്താതിനാലാണ്‌ ഷെഫി ആണ്‍കൂട്ടത്തിനൊപ്പം കൂടിയത്. അനിയന്‍ സാദിഖ് എന്ന സാദും  ആ കളിക്കൂട്ടത്തിലെ ഒരാളാണ്‌.
ഏറെക്കുറെ എല്ലാറ്റിനും ആ ആണ്‍കൂട്ടം അവളെ സമ്മതിക്കുകയും ചെയ്തിരുന്നു.

ഷെഫി എട്ടിലേക്ക് ജയിച്ച അവധിക്കാലത്താണ് സാദിനു ചൂണ്ടയിടലില്‍ കമ്പം കയറിയത്.
കൂട്ടത്തിലെ മുഴുത്ത ചൂണ്ടക്കാരന്‍ ഹനീഫയാണ്‌. അവനാണ്‌ സാദിനെ ചൂണ്ടയുടെ എഞ്ചിനീയറിംഗ് പടിപ്പിച്ചത്.
'തോന്ന്യോണംണ്ടാക്ക്യാ മുഴുത്ത മീനോള്‌ ചൂണ്ടോളൂത്ത്വോണ്ടത്ങ്ങ്‌ടെ പാട്ടിനു പോം. അതോണ്ട് ചൂണ്ടേണ്ടാക്കല്‌ മുഴുത്ത പണ്യാണ്‌. ല്‌ലാര്‍ക്കും പറ്റൂല.'
ഇക്കാര്യത്തിലാരും  ഹനീഫയോട് തര്‍ക്കിച്ചിട്ടില്ല.
സാദ്, ഹനീഫാടെ ശിങ്കിടിയായിക്കൂടി ചൂണ്ടയൊരുക്കാന്‍ പഠിച്ചു. പീക്കിരികള്‍ക്ക് ചൂണ്ട കെട്ടിക്കൊടുക്കാന്‍ ഹനീഫ അവനെ ഏല്‍പിക്കും. പ്രായം കൊണ്ട് കൂട്ടത്തിലെ പീക്കിരിയാണ്‌ സാദ്. ആശാനും ഷിഷ്യനും തമ്മില്‍ അഞ്ച് വയസ്സിന്റെ വ്യത്യാസം (പുസ്തകത്തിനും പൊറത്തുള്ള ഒത്തിരികാര്യങ്ങളൂടി പഠിക്കേണ്ട ബാധ്യത ഏറ്റെടുത്തതുകൊണ്ടാണ്‌ രണ്ട് കൊല്ലം തോറ്റതെന്ന് ഹനീഫ പിന്നീടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.)
എന്ത് പണിയൊപ്പിച്ചാണ് ഹനീഫയില്‍ നിന്നും സാദ് വിദ്യ കരസ്ഥമാക്കിയതെന് ആര്‍ക്കും അറിയില്ല.
എന്തായാലും ഹനീഫ കഴിഞ്ഞാല്‍ കൂട്ടത്തിലെ മുഴുത്ത ചൂണ്ടക്കാരന്‍ സാദാണ്‌.
മനയ്ക്കക്കാറുടെ പറമ്പിന്റെ മൂലയിലെ ചെറിയ പനയില്‍ നിന്നാണ്‌ ചൂണ്ടക്കുള്ള കണ സാദൊപ്പിച്ചത്.
ശിഷ്യന്റെ ചൂണ്ടക്കണ ഏറ്റവും മികച്ചതാണെന്ന് അശാന്‍ സമ്മതിച്ചു കൊടുത്തു.
അങ്ങനെ ആ അവധിക്കാലത്തെ പ്രധാനപരിപാടികളില്‍ ഒന്ന് ചൂണ്ടയിടല്‍ ആയി.
പാത്രം തേക്കുന്നതിന്റെ സമീപത്ത് ഞാഞ്ഞൂള്‍ ധാരാളം ഉണ്ടാകും. ഇമ്മിണി പിടിച്ച് ഒരു ചിരട്ടേലാക്കും. ചിരട്ടയില്‍ കുറച്ച് മണ്ണിട്ടിരിക്കും. മരിക്കും വരെ ഞാഞ്ഞൂളുകള്‍ പട്ടിണിയാകാതിരിക്കാനാണ്‌ ചിരട്ടയില്‍ മണ്ണിടുന്നതെന്ന് ആശാന്‍ ശിഷ്യനോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ചൂണ്ടയില്‍ കോര്‍ക്കാന്‍ മണ്ണില്‍ നിന്നും കിട്ടുന്ന നല്ല ഇര ആയതുകൊണ്ടാണ് മണ്ണിരക്ക് ആ പേര് കിട്ടിയതെന്നുകൂടി ആശാന്‍ പഠിപ്പിച്ചിട്ടുണ്ട്. കാലത്ത് ചൂണ്ടയും കൊണ്ട് ഒരു പോക്കും പോകും. ചിലപ്പോഴോക്കെ ഒരു കോര്‍മ്പല നിറച്ച് മീനും കൊണ്ടാകും വരവ്. ചിലപ്പോ ഒന്നും കിട്ടില്ല.
അനിശ്ചിതത്വങ്ങളുടെ മേളമാണ്‌ ചൂണ്ടയിടല്‍.

ഷെഫിക്ക് ഞാഞ്ഞൂളിനെ ഭയങ്കര അറപ്പായിരുനു. അതുകൊണ്ട് തന്നെ ചൂണ്ടയിലും താല്പര്യം ഇല്ലായിരുനു.
"മീനെ പറ്റിച്ച് പിടിക്കണതല്ലെ" എന്നാണവള്‍ പറയാറ്.
"ഇത്താത്തക്ക് പറ്റാത്തതിന്റെ കൊതിക്കെറുവാ" സാദ് തിരിച്ചടിക്കും.
അന്ന് ആമിനയോട് കല്ലുകളിച്ച് ആകെ മടുത്തിരിക്കുമ്പോഴാണ്‌ ആണ്‍സംഘം ചൂണ്ടയും കൊണ്ട് വന്ന് സാദിനെ വിളിച്ചത്. ഒന്നു പോയാലെന്താ. കല്ലുകളിയേക്കാള്‍ ഭേദമായിരിക്കുമെന്ന്അന്ന് ഷെഫിക്ക് തോന്നി.

"ചൂണ്ടേടല്‍ പെണ്ണൂങ്ങടെ പണിയല്ല". ഹരീം മാത്തനും കട്ടായം പറഞ്ഞു.
കൂട്ടത്തിലെ ഏറ്റവും മോശം ചൂണ്ടക്കാരാണ്‌ അവന്മാര്‌.
ഹരി സാദിന്റെ ക്ലാസ്സിലാണ്‌. മാത്തന്‍ ഒരു ക്ലാസ്സ് മുന്നില്‍
ഹനീഫ അന്നൊനും പറഞ്ഞില്ല. ആദ്യമായാണ് സംഖം ഷെഫിയെ കൂട്ടില്ല എന്നു പറയുന്നത്.
അതോടെ അവള്‍ക്ക് വാശിയായി.

സ്വന്തമായി ചൂണ്ട വേണം. വേറെ വഴീല്ല.
കൊളുത്തിനും വള്ളിക്കും കൂടി ഒരു രൂപ. എന്ത് വഴി?
ഇങ്ങനത്തെ അത്യാവശ്യങ്ങള്‍ക്ക്, ആരോടും പറഞ്ഞു കൊടുത്തിട്ടില്ലാത്ത കുറച്ച് വിദ്യകളുണ്ട്.
ഉമ്മച്ചീടേ കാശിക്കുടുക്ക അടുകളയുടെ മൂലയില്‍ കുഴിച്ചിട്ടിട്ടുണ്ട്, അതിന്റെ ഉള്ളിന്‌ കൃത്യം കണക്കൊന്നുമില്ല.
ഒരീര്‍ക്കിലീം, കുറച്ച് പശേം. ചക്കയുള്ള സമയത്ത് മൊളിഞ്ഞീന്‍. അതില്ലെങ്കില്‍ കശുമാവിന്റെ കടക്കല്‍ കറ കട്ട പിടിച്ചത് ഉണ്ടാകും. ഉഗ്രന്‍ പശയാണ്‌. ഒന്നു ചൂടാക്കിയെടുക്കണംന്നേയുള്ളു.
കാശിക്കുടുക്കേന്ന് പൈസേടുക്കല്‍ അത്ര എളുപ്പമല്ല. ഒരു രൂപക്ക് വേണ്ടി നോക്കുമ്പം ചിലപ്പോ 25 പൈസയായിരിക്കും കിട്ടുന്നത്. രണ്ട് വട്ടം പൈസ കിട്ടിയാല്‍ പിന്നെ പശ ഒട്ടില്ല.
മിക്കവാറും ഒട്ടണത് ഇരുപത്തഞ്ച് പൈസയായിരിക്കും. നാലിരുപത്തഞ്ച് പൈസ സമം ഒരു രൂപ. പക്ഷേ കൂടുതല്‍ ചില്ലറ കൊടുത്താല്‍ സംശയിക്കും.
എപ്പോഴാണ്‌ ഒരു രൂപ ഒട്ടണത് എന്നു പറയാന്‍ പറ്റില്ല. അതുകൊണ്ട് ചുരുങ്ങിയത് ഒരഞ്ച് ഈര്‍ക്കിലീല്‌ പശ വച്ച് വേണം പരിപാടി തുടങ്ങാന്‍. ചൂണ്ടയ്ക്കുള്ള പൈസ ഇങ്ങനെതന്നൊപ്പിച്ചു.

സാദിനെക്കോണ്ട് ചൂണ്ട വാങ്ങിപ്പിക്കല്‍ അത്ര എളുപ്പമല്ലായിരുന്നു. അദ്യമൊന്നും അവന്‍ സമ്മതിച്ചില്ല.
"ഇത്താത്താന്റെ പൊന്നുവല്ലേ. വേറാരാ ഇത്താത്താക് ചൂണ്ട തര്‌ണേ."
എന്നിങ്ങനെ കുറച്ച് ദിവസം ആവര്‍ത്തിക്കേണ്ടി വന്നു.
അവസാനം ഒരു പിടിത്തം അണ്ടിചുട്ടത് തല്ലിപ്പൊട്ടിച്ച് അവനുകൊടുത്തു.
അണ്ടിചുട്ടതും തിന്നോണ്ടിരിക്കുമ്പോ സാദിന് ഇത്താത്തോട് വല്ലാത്ത സ്നേഹം തോന്നി.
"ന്നാത്താത്താ." മഴുത്തതൊരെണ്ണം അവനിത്താത്താക്ക് നീട്ടി.
ചൂണ്ടേടാന്‍ പോണ ഒറ്റപ്പെണ്ണും അവന്റെ പരിചയത്തിലില്ല. ഇത്താത്ത മാത്രം. അവന്, ഇത്തത്താനെയോര്‍ത്ത് വല്ലാത്ത അഭിമാനം തോന്നി
പിന്നെല്ലാം പെട്ടെന്ന് നടന്നു. അവന്റെ സ്നേഹം തീരും മുമ്പ്  സാധനങ്ങള്‍ എത്തി
മനയ്ക്കക്കരുടെ പനയില്‍ ഇത്താത്താടെ പുന്നാര അനിയന്‍ വലിഞ്ഞ് കയറി നല്ലൊരു കണ വെട്ടിയെടുത്തു.

ചൂണ്ടയുണ്ടാക്കുന്നത് ഷെഫി അടുത്തു നിന്നു കണ്ടത് അന്നാണ്‌.
കൊളുത്തില്, നൂല്‌ നല്ല ശക്തിക്ക് ചുറ്റും. ഒരു പ്രത്യേക രീതിയില്‍ കെട്ടിടും. കെട്ടില്‍ നിന്നും നീണ്ടൂനില്‍ക്കുന്ന നൂലിനെ വിളക്കത്ത് കാണിച്ച്  ചെറുതായി ഉരുക്കും.
ശൂന്ന് ഊതിക്കൊണ്ട് തുപ്പലം തൊട്ട് ഉരുകിയ നൂലിന്ററ്റം തണുപ്പിക്കും. ചൂട് കൂടുതലായാല്‍ കൊളുത്തിന്റെ കഴുത്തില്‍ നിന്നും നൂല് പൊട്ടിപ്പോരും. ഹനീഫ പറയണത് ശരിയാണ്‌. വളരെ വളരെ ശ്രദ്ധ വേണം.
സാദ് മനോഹരമായി എല്ലാം ചെയ്തു. സ്വന്തം ചൂണ്ടയേക്കാള്‍ ഗംഭീരമാക്കിയാണ്‌ അവന്‍ ഇത്താത്തക്ക് ചൂണ്ട കെട്ടിക്കൊടുത്ത്. ചൂണ്ടക്കണ വാക്കത്തികൊണ്ട്‌ അസ്സലായി മിനുസപ്പെടുത്ത്വേം ചെയ്തു.

അങ്ങനെ ഷെഫിക്ക് സ്വന്തം ചൂണ്ട കിട്ടി.
ഇത്തവണ ഞാഞ്ഞൂളിനെ പിടിക്കാന്‍ അനിയന്റൊപ്പം അവളും കൂടി.
എല്ലം ശര്യാക്കി നിക്കുമ്പോഴാണ്‌ ഹരീം മാത്തനും പിന്നേം ഒടക്കിട്ടത്.
"പെണ്ണുങ്ങള്‌ വന്നാ മീങ്കിട്ടൂല."
സാദ്‌ ഹരീനെ രൂക്ഷമായി നോക്കി.
മാത്തന്‍ ഹരിയെ സപ്പോര്‍ട്ട് ചെയ്തു.
ആര്‍ക്കും ഷെഫിയെ കൂടെക്കൂട്ടുന്നതില്‍ താല്പര്യമില്ല.
കളിക്കാന്‍ പോണപോലല്ല ചൂണ്ടയിടല്‍. അത്
പെണ്ണൂങ്ങക്ക് പറ്റ്യതല്ലെന്നാണ്‌ ഭൂരിപക്ഷം.
ഷെഫിക്ക് ഒന്നും പറയാന്‍ പറ്റിയില്ല.
ചൂണ്ടക്കയ്യില് വെറുതെ തെരുപ്പിടിച്ചു. സങ്കടം വരുന്നുണ്ട്. ഉമ്മച്ചി അച്ചാലും മുച്ചാലും തല്ലീട്ടും കരയാത്ത ഷെഫിക്ക് കരച്ചിലോ?
സാദ്‌ ആശയോടെ ആശാനെ നോക്കി.
അതുവരെ മിണ്ടാതിരുന്ന ഹനീഫ പറഞ്ഞു
"ഷെഫീം പോര്‌ട്ടെ. മ്‌മക്ക് നോക്കാം."
പിന്നാരും എതിര്‍ത്തില്ല.
പിറുപിറുത്തോണ്ട് മാത്തനും ഹരീം നടന്നു.
"ഇത്താത്താ മ്‌മക്ക് ബരാലിനെത്തന്നെ പിടിക്കണം."
സാദ് രഹസ്യം പറഞ്ഞു.
"ഉം" ന്നും പറഞ്ഞ് ഷെഫി ചൂണ്ടയെടുത്ത് തോളത്ത് വച്ചു.
മാത്തനേം ഹരിയേം ഒന്നു കൊഞ്ഞനംകുത്തി അവള്‍ മുന്നോട്ട് നടന്നു.
                                                                                         [തുടര്‍ന്നേക്കാം...]