Monday, June 20, 2011

പായാരങ്ങള്‍. ഒന്ന്: ചൂണ്ട

ചില ദിവസങ്ങളില്‍ പണി കഴിഞ്ഞ് ഉമ്മ വരാന്‍ വൈകും. വൈകുന്നേരത്തെ തിമര്‍പ്പു കഴിഞ്ഞ് വീടെത്താന്‍ ഷെഫിയും വൈകാറുണ്ട്. ഉമ്മയും ഷെഫിയും ഒന്നിച്ച് വൈകുന്ന ദിവസങ്ങളില്‍ മുറ്റത്തെ ചെമ്പരത്തിക്ക് കൊമ്പൊന്ന് നഷ്ടമാകും.
"ഒരുത്തീള്ളത് കുടീക്കേറണ നേരം നീ കാണണ്‍ല്ലേ പടച്ചോന"' എന്നാണ്‌ ഉമ്മ പറഞ്ഞു തുടങ്ങുക.
"ഇച്ചിരി ചായേന്റെ വെള്ളോങ്കിലും വച്ചാന്നാടി നെന്റെ വളയൂരി പോക്വോ"
എന്നുംകൂടി ചേര്‍ക്കുമ്പോഴേക്കും ഉമ്മക്ക് ദേഷ്യവും സങ്കടവും സഹിക്കാന്‍ വയ്യാതാകും. അച്ചാലും മുച്ചാലും ചെമ്പരത്തിക്കമ്പ് ഷെഫീടെ മേത്ത് പൂക്കും.
ഇത്തിരി കഴിയുമ്പൊഴേക്കും ഉമ്മ കരഞ്ഞു തുടങ്ങും. അതുവരെ മരം പോലെ നിന്ന ഷെഫിയും കരയും.
ഇത്താത്താനെ തല്ലീട്ട്, ഉമ്മച്ചി കരയണത് എന്താന്ന് പിടികിട്ടാതെ സാദ് പതിയെ വീട്ടിലേക്ക് കേറും. അവനും സങ്കടം വരും.
വേനലവധിക്കാലം കളികളൂടെ പെരുന്നാക്കാലം കൂടിയാണ്‌. ചെമ്പരത്തീടെ കമ്പുകള്‍ ഏറെ ഒടിയുന്നതും അക്കാലത്ത് തന്നെ.
"'ഇതെന്ത് പടപ്പ്‌ പടച്ചോനേ" ചെമ്പരത്തി പൂക്കുന്ന ഓരോ സന്ധ്യക്കും, ഉമ്മ കരഞ്ഞു ചോദിക്കും.
ഷെഫിയെപ്പോലെ പടച്ചോനും താഴോട്ട് നോക്കി മിണ്ടാതിരിക്കും.
അങ്ങനത്തെ ഒരു തോന്ന്യാസിപ്പെണ്ണാണ്‌ ഷെഫി, ഷെഫീന.
ആങ്കുട്ട്യോള്‍ടെ കൂടെ കളിച്ചു നടക്കണ ഒരു പെണ്ണ്. അടുത്ത് പെണ്‍കുട്ടികള്‍ കുറവായതിനേക്കളും
ഉള്ളോരുടെ താല്പര്യങ്ങള്‍ കൊത്തങ്കല്ലിനും അക്കുകളിക്കും അപ്പുറത്തെത്താതിനാലാണ്‌ ഷെഫി ആണ്‍കൂട്ടത്തിനൊപ്പം കൂടിയത്. അനിയന്‍ സാദിഖ് എന്ന സാദും  ആ കളിക്കൂട്ടത്തിലെ ഒരാളാണ്‌.
ഏറെക്കുറെ എല്ലാറ്റിനും ആ ആണ്‍കൂട്ടം അവളെ സമ്മതിക്കുകയും ചെയ്തിരുന്നു.

ഷെഫി എട്ടിലേക്ക് ജയിച്ച അവധിക്കാലത്താണ് സാദിനു ചൂണ്ടയിടലില്‍ കമ്പം കയറിയത്.
കൂട്ടത്തിലെ മുഴുത്ത ചൂണ്ടക്കാരന്‍ ഹനീഫയാണ്‌. അവനാണ്‌ സാദിനെ ചൂണ്ടയുടെ എഞ്ചിനീയറിംഗ് പടിപ്പിച്ചത്.
'തോന്ന്യോണംണ്ടാക്ക്യാ മുഴുത്ത മീനോള്‌ ചൂണ്ടോളൂത്ത്വോണ്ടത്ങ്ങ്‌ടെ പാട്ടിനു പോം. അതോണ്ട് ചൂണ്ടേണ്ടാക്കല്‌ മുഴുത്ത പണ്യാണ്‌. ല്‌ലാര്‍ക്കും പറ്റൂല.'
ഇക്കാര്യത്തിലാരും  ഹനീഫയോട് തര്‍ക്കിച്ചിട്ടില്ല.
സാദ്, ഹനീഫാടെ ശിങ്കിടിയായിക്കൂടി ചൂണ്ടയൊരുക്കാന്‍ പഠിച്ചു. പീക്കിരികള്‍ക്ക് ചൂണ്ട കെട്ടിക്കൊടുക്കാന്‍ ഹനീഫ അവനെ ഏല്‍പിക്കും. പ്രായം കൊണ്ട് കൂട്ടത്തിലെ പീക്കിരിയാണ്‌ സാദ്. ആശാനും ഷിഷ്യനും തമ്മില്‍ അഞ്ച് വയസ്സിന്റെ വ്യത്യാസം (പുസ്തകത്തിനും പൊറത്തുള്ള ഒത്തിരികാര്യങ്ങളൂടി പഠിക്കേണ്ട ബാധ്യത ഏറ്റെടുത്തതുകൊണ്ടാണ്‌ രണ്ട് കൊല്ലം തോറ്റതെന്ന് ഹനീഫ പിന്നീടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.)
എന്ത് പണിയൊപ്പിച്ചാണ് ഹനീഫയില്‍ നിന്നും സാദ് വിദ്യ കരസ്ഥമാക്കിയതെന് ആര്‍ക്കും അറിയില്ല.
എന്തായാലും ഹനീഫ കഴിഞ്ഞാല്‍ കൂട്ടത്തിലെ മുഴുത്ത ചൂണ്ടക്കാരന്‍ സാദാണ്‌.
മനയ്ക്കക്കാറുടെ പറമ്പിന്റെ മൂലയിലെ ചെറിയ പനയില്‍ നിന്നാണ്‌ ചൂണ്ടക്കുള്ള കണ സാദൊപ്പിച്ചത്.
ശിഷ്യന്റെ ചൂണ്ടക്കണ ഏറ്റവും മികച്ചതാണെന്ന് അശാന്‍ സമ്മതിച്ചു കൊടുത്തു.
അങ്ങനെ ആ അവധിക്കാലത്തെ പ്രധാനപരിപാടികളില്‍ ഒന്ന് ചൂണ്ടയിടല്‍ ആയി.
പാത്രം തേക്കുന്നതിന്റെ സമീപത്ത് ഞാഞ്ഞൂള്‍ ധാരാളം ഉണ്ടാകും. ഇമ്മിണി പിടിച്ച് ഒരു ചിരട്ടേലാക്കും. ചിരട്ടയില്‍ കുറച്ച് മണ്ണിട്ടിരിക്കും. മരിക്കും വരെ ഞാഞ്ഞൂളുകള്‍ പട്ടിണിയാകാതിരിക്കാനാണ്‌ ചിരട്ടയില്‍ മണ്ണിടുന്നതെന്ന് ആശാന്‍ ശിഷ്യനോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ചൂണ്ടയില്‍ കോര്‍ക്കാന്‍ മണ്ണില്‍ നിന്നും കിട്ടുന്ന നല്ല ഇര ആയതുകൊണ്ടാണ് മണ്ണിരക്ക് ആ പേര് കിട്ടിയതെന്നുകൂടി ആശാന്‍ പഠിപ്പിച്ചിട്ടുണ്ട്. കാലത്ത് ചൂണ്ടയും കൊണ്ട് ഒരു പോക്കും പോകും. ചിലപ്പോഴോക്കെ ഒരു കോര്‍മ്പല നിറച്ച് മീനും കൊണ്ടാകും വരവ്. ചിലപ്പോ ഒന്നും കിട്ടില്ല.
അനിശ്ചിതത്വങ്ങളുടെ മേളമാണ്‌ ചൂണ്ടയിടല്‍.

ഷെഫിക്ക് ഞാഞ്ഞൂളിനെ ഭയങ്കര അറപ്പായിരുനു. അതുകൊണ്ട് തന്നെ ചൂണ്ടയിലും താല്പര്യം ഇല്ലായിരുനു.
"മീനെ പറ്റിച്ച് പിടിക്കണതല്ലെ" എന്നാണവള്‍ പറയാറ്.
"ഇത്താത്തക്ക് പറ്റാത്തതിന്റെ കൊതിക്കെറുവാ" സാദ് തിരിച്ചടിക്കും.
അന്ന് ആമിനയോട് കല്ലുകളിച്ച് ആകെ മടുത്തിരിക്കുമ്പോഴാണ്‌ ആണ്‍സംഘം ചൂണ്ടയും കൊണ്ട് വന്ന് സാദിനെ വിളിച്ചത്. ഒന്നു പോയാലെന്താ. കല്ലുകളിയേക്കാള്‍ ഭേദമായിരിക്കുമെന്ന്അന്ന് ഷെഫിക്ക് തോന്നി.

"ചൂണ്ടേടല്‍ പെണ്ണൂങ്ങടെ പണിയല്ല". ഹരീം മാത്തനും കട്ടായം പറഞ്ഞു.
കൂട്ടത്തിലെ ഏറ്റവും മോശം ചൂണ്ടക്കാരാണ്‌ അവന്മാര്‌.
ഹരി സാദിന്റെ ക്ലാസ്സിലാണ്‌. മാത്തന്‍ ഒരു ക്ലാസ്സ് മുന്നില്‍
ഹനീഫ അന്നൊനും പറഞ്ഞില്ല. ആദ്യമായാണ് സംഖം ഷെഫിയെ കൂട്ടില്ല എന്നു പറയുന്നത്.
അതോടെ അവള്‍ക്ക് വാശിയായി.

സ്വന്തമായി ചൂണ്ട വേണം. വേറെ വഴീല്ല.
കൊളുത്തിനും വള്ളിക്കും കൂടി ഒരു രൂപ. എന്ത് വഴി?
ഇങ്ങനത്തെ അത്യാവശ്യങ്ങള്‍ക്ക്, ആരോടും പറഞ്ഞു കൊടുത്തിട്ടില്ലാത്ത കുറച്ച് വിദ്യകളുണ്ട്.
ഉമ്മച്ചീടേ കാശിക്കുടുക്ക അടുകളയുടെ മൂലയില്‍ കുഴിച്ചിട്ടിട്ടുണ്ട്, അതിന്റെ ഉള്ളിന്‌ കൃത്യം കണക്കൊന്നുമില്ല.
ഒരീര്‍ക്കിലീം, കുറച്ച് പശേം. ചക്കയുള്ള സമയത്ത് മൊളിഞ്ഞീന്‍. അതില്ലെങ്കില്‍ കശുമാവിന്റെ കടക്കല്‍ കറ കട്ട പിടിച്ചത് ഉണ്ടാകും. ഉഗ്രന്‍ പശയാണ്‌. ഒന്നു ചൂടാക്കിയെടുക്കണംന്നേയുള്ളു.
കാശിക്കുടുക്കേന്ന് പൈസേടുക്കല്‍ അത്ര എളുപ്പമല്ല. ഒരു രൂപക്ക് വേണ്ടി നോക്കുമ്പം ചിലപ്പോ 25 പൈസയായിരിക്കും കിട്ടുന്നത്. രണ്ട് വട്ടം പൈസ കിട്ടിയാല്‍ പിന്നെ പശ ഒട്ടില്ല.
മിക്കവാറും ഒട്ടണത് ഇരുപത്തഞ്ച് പൈസയായിരിക്കും. നാലിരുപത്തഞ്ച് പൈസ സമം ഒരു രൂപ. പക്ഷേ കൂടുതല്‍ ചില്ലറ കൊടുത്താല്‍ സംശയിക്കും.
എപ്പോഴാണ്‌ ഒരു രൂപ ഒട്ടണത് എന്നു പറയാന്‍ പറ്റില്ല. അതുകൊണ്ട് ചുരുങ്ങിയത് ഒരഞ്ച് ഈര്‍ക്കിലീല്‌ പശ വച്ച് വേണം പരിപാടി തുടങ്ങാന്‍. ചൂണ്ടയ്ക്കുള്ള പൈസ ഇങ്ങനെതന്നൊപ്പിച്ചു.

സാദിനെക്കോണ്ട് ചൂണ്ട വാങ്ങിപ്പിക്കല്‍ അത്ര എളുപ്പമല്ലായിരുന്നു. അദ്യമൊന്നും അവന്‍ സമ്മതിച്ചില്ല.
"ഇത്താത്താന്റെ പൊന്നുവല്ലേ. വേറാരാ ഇത്താത്താക് ചൂണ്ട തര്‌ണേ."
എന്നിങ്ങനെ കുറച്ച് ദിവസം ആവര്‍ത്തിക്കേണ്ടി വന്നു.
അവസാനം ഒരു പിടിത്തം അണ്ടിചുട്ടത് തല്ലിപ്പൊട്ടിച്ച് അവനുകൊടുത്തു.
അണ്ടിചുട്ടതും തിന്നോണ്ടിരിക്കുമ്പോ സാദിന് ഇത്താത്തോട് വല്ലാത്ത സ്നേഹം തോന്നി.
"ന്നാത്താത്താ." മഴുത്തതൊരെണ്ണം അവനിത്താത്താക്ക് നീട്ടി.
ചൂണ്ടേടാന്‍ പോണ ഒറ്റപ്പെണ്ണും അവന്റെ പരിചയത്തിലില്ല. ഇത്താത്ത മാത്രം. അവന്, ഇത്തത്താനെയോര്‍ത്ത് വല്ലാത്ത അഭിമാനം തോന്നി
പിന്നെല്ലാം പെട്ടെന്ന് നടന്നു. അവന്റെ സ്നേഹം തീരും മുമ്പ്  സാധനങ്ങള്‍ എത്തി
മനയ്ക്കക്കരുടെ പനയില്‍ ഇത്താത്താടെ പുന്നാര അനിയന്‍ വലിഞ്ഞ് കയറി നല്ലൊരു കണ വെട്ടിയെടുത്തു.

ചൂണ്ടയുണ്ടാക്കുന്നത് ഷെഫി അടുത്തു നിന്നു കണ്ടത് അന്നാണ്‌.
കൊളുത്തില്, നൂല്‌ നല്ല ശക്തിക്ക് ചുറ്റും. ഒരു പ്രത്യേക രീതിയില്‍ കെട്ടിടും. കെട്ടില്‍ നിന്നും നീണ്ടൂനില്‍ക്കുന്ന നൂലിനെ വിളക്കത്ത് കാണിച്ച്  ചെറുതായി ഉരുക്കും.
ശൂന്ന് ഊതിക്കൊണ്ട് തുപ്പലം തൊട്ട് ഉരുകിയ നൂലിന്ററ്റം തണുപ്പിക്കും. ചൂട് കൂടുതലായാല്‍ കൊളുത്തിന്റെ കഴുത്തില്‍ നിന്നും നൂല് പൊട്ടിപ്പോരും. ഹനീഫ പറയണത് ശരിയാണ്‌. വളരെ വളരെ ശ്രദ്ധ വേണം.
സാദ് മനോഹരമായി എല്ലാം ചെയ്തു. സ്വന്തം ചൂണ്ടയേക്കാള്‍ ഗംഭീരമാക്കിയാണ്‌ അവന്‍ ഇത്താത്തക്ക് ചൂണ്ട കെട്ടിക്കൊടുത്ത്. ചൂണ്ടക്കണ വാക്കത്തികൊണ്ട്‌ അസ്സലായി മിനുസപ്പെടുത്ത്വേം ചെയ്തു.

അങ്ങനെ ഷെഫിക്ക് സ്വന്തം ചൂണ്ട കിട്ടി.
ഇത്തവണ ഞാഞ്ഞൂളിനെ പിടിക്കാന്‍ അനിയന്റൊപ്പം അവളും കൂടി.
എല്ലം ശര്യാക്കി നിക്കുമ്പോഴാണ്‌ ഹരീം മാത്തനും പിന്നേം ഒടക്കിട്ടത്.
"പെണ്ണുങ്ങള്‌ വന്നാ മീങ്കിട്ടൂല."
സാദ്‌ ഹരീനെ രൂക്ഷമായി നോക്കി.
മാത്തന്‍ ഹരിയെ സപ്പോര്‍ട്ട് ചെയ്തു.
ആര്‍ക്കും ഷെഫിയെ കൂടെക്കൂട്ടുന്നതില്‍ താല്പര്യമില്ല.
കളിക്കാന്‍ പോണപോലല്ല ചൂണ്ടയിടല്‍. അത്
പെണ്ണൂങ്ങക്ക് പറ്റ്യതല്ലെന്നാണ്‌ ഭൂരിപക്ഷം.
ഷെഫിക്ക് ഒന്നും പറയാന്‍ പറ്റിയില്ല.
ചൂണ്ടക്കയ്യില് വെറുതെ തെരുപ്പിടിച്ചു. സങ്കടം വരുന്നുണ്ട്. ഉമ്മച്ചി അച്ചാലും മുച്ചാലും തല്ലീട്ടും കരയാത്ത ഷെഫിക്ക് കരച്ചിലോ?
സാദ്‌ ആശയോടെ ആശാനെ നോക്കി.
അതുവരെ മിണ്ടാതിരുന്ന ഹനീഫ പറഞ്ഞു
"ഷെഫീം പോര്‌ട്ടെ. മ്‌മക്ക് നോക്കാം."
പിന്നാരും എതിര്‍ത്തില്ല.
പിറുപിറുത്തോണ്ട് മാത്തനും ഹരീം നടന്നു.
"ഇത്താത്താ മ്‌മക്ക് ബരാലിനെത്തന്നെ പിടിക്കണം."
സാദ് രഹസ്യം പറഞ്ഞു.
"ഉം" ന്നും പറഞ്ഞ് ഷെഫി ചൂണ്ടയെടുത്ത് തോളത്ത് വച്ചു.
മാത്തനേം ഹരിയേം ഒന്നു കൊഞ്ഞനംകുത്തി അവള്‍ മുന്നോട്ട് നടന്നു.
                                                                                         [തുടര്‍ന്നേക്കാം...]