Wednesday, May 16, 2012

ഇലത്തുമ്പത്തെ മഴത്തുള്ളി

ഇലത്തുമ്പിലെ മഴത്തുള്ളിതന്‍ തടങ്കലില്‍
നിസ്സഹായം ബാലസൂര്യന്റെ ശോണം മുഖം.
തപ്തദീപ്തിയില്‍ രഥമെത്തിയില്ലെന്നോ?
സ്തബ്ധം പ്രകൃതി, ദൂരെ വിളര്‍ച്ചന്ദ്രന്റെ പുച്ഛച്ചിരി.
എന്താഭിചാരം! വെറുമിലയും ഒരു തുള്ളി-
വെള്ളവും ചേര്‍ന്ന് പെരും സൂര്യനെ തടഞ്ഞെന്നോ?
ക്ഷയിച്ചൊടുങ്ങും മുന്നേ ചാന്ദ്രരശ്മികള്‍ മന്ത്ര-
മാരണ രഹസ്യങ്ങള്‍ കൈമാറിയിട്ടുണ്ടാമോ?

വെളിച്ചത്തിന്റെ വിരല്‍ പിടിച്ചു മഴത്തുള്ളി
വിചിത്രവര്‍ണ്ണങ്ങളില്‍ സ്തംഭനദുര്‍ഗ്ഗങ്ങളെ
ഉയിര്‍പ്പിക്കുന്നു അതിലാഭിചാരബദ്ധന്‍
വീതവീര്യന്‍ സൂര്യന്‍ ഏകന്‍ നിരാശ്രയന്‍.

വീണ്ടെടുക്കുവാനാര്‌ സൂര്യനെ? ജലത്തിന്റെ
ദുര്‍ഗ്ഗമസുതാര്യമാമാഴനീലത്തില്‍ നിന്ന്‌
ഇലപ്പച്ചതന്‍ വശ്യ ചാരുതകളില്‍ നിന്ന്‌
പ്രണയത്തിന്റെ പ്രാണഹാരകങ്ങളില്‍ നിന്ന്‌.

അഷ്ടദിക്കുകളുടെ ജാലജാലകങ്ങളെ
അറിയുന്നൊരാള്‍, ആഴിയാകാശമാര്‍ഗ്ഗങ്ങളില്‍
പോയ്‌വരാന്‍ കെല്പുള്ളൊരാള്‍
മായാമാന്ത്രികങ്ങളില്‍ നിപുണന്‍
അവന്‍ കടിഞ്ഞാണെഴാകുതിരയില്‍
കുതിക്കുന്നവന്‍, കാറ്റ് രക്ഷിവേഷം കെട്ടുന്നു.

മഴവില്ലിന്റെ ഞാണുമുറുക്കി മുനകൂര്‍ത്ത
അസ്ത്രമായിലയിലേക്കെയ്തുകേറുന്നു കാറ്റ്.

ഇലയുലഞ്ഞു സ്നിഗ്ദ്ധസഖ്യമുടഞ്ഞു മഴത്തുള്ളി
മണ്ണിന്റെ മാറില്‍ വീണു പിടഞ്ഞു, ഹരിതക-
മൊഴിഞ്ഞു ഇലഞരമ്പാഴത്തില്‍ പകയുടെ
മഞ്ഞപ്പല്ലാഴ്തി സൂര്യസ്വാതന്ത്ര്യം, മറവിതന്‍
ഹേമശയ്യയില്‍ ഇലച്ചിതകൂട്ടുവാന്‍ വേനലാരാച്ചാര്‍
ഹേമന്തത്തോടന്ധസന്ധി ചെയ്യുന്നു.
സങ്കടം സഹിയാത്ത നെഞ്ചുമായ് ദൂരെ ശ്യാമ-
ചക്രവാളത്തില്‍ വര്‍ഷം മുഖം പൊത്തിനില്‍ക്കുന്നു.