Wednesday, February 9, 2011

മരങ്കേറികള്‍

മരത്തിന്റെ മുകളീന്ന് മാനത്തേക്ക് നോക്കിയിട്ടുണ്ടോ?
കാണേണ്ട കാഴ്ച തന്നാണ്‌. ഒരു ദിവസം ഉച്ചക്ക് നദിയ വന്നത് ഈ ചോദ്യം കൊണ്ടാണ്‌. അവളെപ്പൊഴും ഇങ്ങനാണ്. പെണ്ണാണെന്ന ഒരു ഭാവവും ഇല്ലാതെ ഓരോന്ന് ചോദിക്കും. പെണ്ണുങ്ങള്‍ മരത്തില്‍കേറാന്‍ പാടില്ലെന്ന് പടച്ചോന്‍ പറഞ്ഞത് അവള്‌ കേള്‍ക്കാതാണത്രേ. ഇത്തരം ഉത്തരങ്ങള്‍ കൊണ്ടാണ്‌ അവളെന്റെ ഏട്ടനേം അമ്മേമൊക്കെ മുട്ടുകുത്തിക്കുന്നത്. തനിച്ച് ഒരു മതില്‍ ചാടാന്‍ പോലും അറിയാത്ത എന്റുള്ളിലും മരത്തില്‍ കയറണമെന്ന ആശ മുളച്ചു. നദിയ മാത്രമല്ല കാരണം. ആഞ്ഞിലിച്ചക്ക പഴമായാല്‍ ചെറുക്കന്മാരൊക്കെ മരത്തിന്റെ മുകളിലാണ്‌. പലപ്പോഴും ഇത്തിരി കളിയാക്കാതെ ആവന്മാര്‍ പഴം തരില്ല. എന്തിന്‌ എട്ടന്‍ പോലും കളിയാക്കും.
ആഞ്ഞിലിപ്പഴം പറിക്കുന്നത് രസമുള്ള ഒരു കാര്യമാണ്‌. ഒരാള്‍ മരത്തില്‍ കയറി പഴമിറുത്ത് താഴെക്കിടും. അത് താഴെ വീണ്‌ ചിതറാതെ ചാക്കുകൊണ്ട് ഭദ്രമായി പിടിക്കാന്‍ രണ്ട് പേര്‍ വേണം. ഏട്ടന്‍ താഴേക്കിടുന്ന പഴങ്ങളെ സുരക്ഷിതമായി ചാക്കിലാക്കുന്ന പണിയാണ്‌ എനിക്ക്. അന്ന് കൂട്ടിന് അനിയനും ഉണ്ടായിരുന്നു. നദിയയെ അവളുടെ വീട്ടിലും കണാത്തതുകൊണ്ടാണ്‌ അനിയനെ വിളിച്ചത്.
അവന്റെ കൂടെ ആഞ്ഞിലി പഴം പിടിക്കുന്നത് വല്യ പാടാണ്‌. ആണായതിന്റെയും കുറച്ച് മരം കയറ്റം അറിയുന്നതിന്റെയും ഗമ ഇപ്പൊഴേ അവന്‍ കാട്ടുന്നുണ്ട്. അവിടെ ചെന്നപ്പോള്‍ നദിയ ആഞ്ഞിലിയുടെ തുഞ്ചത്ത് സുഖമായിരിക്കുന്നു. നോട്ടം മാനത്തേക്കാണ്‌. കയ്യില്‍ മുഴുത്തൊരു പഴമുണ്ട്.
ഏട്ടന്റെ ഉറക്കനെയുള്ള ചിരി കേട്ട്` അവള്‍ താഴേക്ക് നോക്കി. ആ മുഖത്ത് ഒരു കൂസലും ഇല്ല. പഴം ആവശ്യത്തിന് പറിച്ച് തരാമെന്ന്  അവള്‍ പറഞ്ഞപ്പോള്‍ ഏട്ടന്‍ സമ്മതിച്ചില്ല.എന്തോ വാശിയോടെയാണ്‌ ഏട്ടന്‍ മരത്തിലേക്ക് കേറിയത്. പെടച്ച്കേറി എന്ന വാക്കേ അതിനെ പറയാന്‍ എനിക്കറിയൂ.

എനിക്ക് അവളോട് നല്ല അസൂയ തോന്നി.എന്നും മരത്തിനു മുകളിലിരുന്ന് പഴം കാട്ടി ഞങ്ങളെ കൊതിപ്പിക്കാറുള്ള ഏട്ടന്‍ അന്ന് എല്ലാം പെട്ടെന്നവസാനിപ്പിച്ചു. ഞങ്ങള്‍ പോരുമ്പോഴും നദിയ മാനത്തേക്കും താഴെക്കും മാറിമാറി നോക്കികൊണ്ട് മരത്തിന്റെ മുകളില്‍ തന്നെയിരുന്നു. എനിക്കവിടെ നില്‍ക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഏട്ടന്റെ കണ്ണ് ചുവക്കുന്നത് കണ്ടപ്പോള്‍ അത് പറയാന്‍ പോയില്ല.
ഒരു കുഞ്ഞു മരത്തിലെങ്കിലും കയറണം എന്ന എന്റെ ആഗ്രഹം കലശലായപ്പോള്‍ അവള്‍ സമ്മതിച്ചു.
അങ്ങനെ ആരും അറിയാതെ അവളെന്നെ മരം കയറ്റം പഠിപ്പിച്ചു തുടങ്ങി. പറമ്പിന്റെ തെക്കേ മൂലക്കലുള്ള മാവിലായിരുന്നൂ പരിശീലനം. കൈയ്യിലും കാലിലും തൊലി എറെ പോയി. ഒരു പ്രാവശ്യം ചെറുതായി ഒന്നു വീണു. ഒന്നും പറ്റിയില്ല. പിന്നെ പരസ്പരം മരങ്കേറി എന്ന് വിളിക്കല്‍ ഞങ്ങളുടെ സ്വകാര്യ സന്തോഷമായി. പരിശീലനം പൂര്‍ത്തിയാക്കി ആദ്യമായി ആ മാവിന്റെ തുഞ്ചത്തെ കൊമ്പില്‍ കയറി മാനത്തേക്ക് നോക്കിയപ്പോള്‍ ലോകം മുഴുവന്‍ കീഴടക്കിയ സന്തോഷമായിരുന്നു.
പെട്ടെന്ന് വീശിയ കാറ്റില്‍ കൊമ്പൊന്നുലഞ്ഞതും ഞാന്‍ അമ്മയെ വിളിച്ചു പോയി. അതിന്‌ താഴെ എത്തിയപ്പോള്‍ അവളൊത്തിരി കളിയാക്കി. ശീലമായപ്പോള്‍ ആ പേടിയും മാറി. മരത്തിന്റെ മുകളില്‍ നിന്നും മാനത്തേക്ക് നോക്കുമ്പോള്‍ എങ്ങുനിന്നോ ഒരു കാറ്റു വരും. അപ്പോള്‍ കണ്ണടച്ച് പിടിച്ച് മരത്തോടൊപ്പം പതിയെ ആടും.മരവും നദിയയും ഞാനും. ഒന്നും മിണ്ടാതെ പങ്കു വച്ച സന്തോഷങ്ങള്‍.
ആദ്യമൊക്കെ മരത്തിന്റെ മുകളില്‍ നിന്നു താഴേക്ക് നോക്കാനേ പേടിയായിരുന്നു. അവളാണ്‌ പറഞ്ഞത് തുഞ്ചത്ത് നിന്നും താഴേക്ക് നോക്കാന്‍ കെല്പുണ്ടാകുമ്പോഴേ മരം കയറ്റം പൂര്‍ത്തിയാകുന്നൊള്ളൂ എന്ന്. ഇവളെ ഇങ്ങനൊക്കെ പറയാന്‍ ആരാണ്‌ പഠിപ്പിച്ചത്? പിന്നെപ്പിന്നെ എനിക്കും ധൈര്യമായി. മരംകേറികള്‍ക്ക്ക്ക് ഒത്തിരി ചോദ്യങ്ങളുണ്ടെന്നും മനസ്സിലായി.

മാവും പ്ലാവും ആഞ്ഞിലിയും അങ്ങനെ ആള്‍ക്കണ്ണെത്താത്ത മരങ്ങളൊക്കെ ഞങ്ങള്‍ക്ക് കൂട്ടുകാരായി. ഒരോ മരത്തിനും ഓരോ രീതിയാണ്‌. മണവും മിനുസവും രുചിയും നിറവും എല്ലാം വെവ്വേറെ. മാവിന്റെ മിനുസമല്ല ആഞ്ഞിലിക്ക്. മാഞ്ചോട്ടിലെ ഉറുമ്പുകളല്ല ആഞ്ഞിലിയുടെ ചോട്ടില്‍. പേരക്ക് മിനുസം കൂടുതലാണ്‌. കാല്‌ എളുപ്പം തെന്നിപ്പോകും. പക്ഷെ അതിനു കൊമ്പുകള്‍ കൂടുതലുണ്ട്. കയറാന്‍ അതുകൊണ്ടെളുപ്പം. ഓരോ മരത്തിലും കയറുന്നതിനു ഓരോ രീതിയാണ്‌.
കൈമുട്ടും കാലും നെഞ്ചും ഉരഞ്ഞ് പലയിടവും കീറിയിട്ടുണ്ടാകും. നീറ്റം അറിയുന്നത് കുളിക്കുമ്പോഴാണ്‌. പക്ഷേ അതിലൊരു സന്തോഷമുണ്ട്. അതെന്താണെന്ന് പറയാനറിയില്ല.
കേറാന്‍ പറ്റാത്തത് തെങ്ങിലാണ്‌. ഈ ഒറ്റക്കാരണം കൊണ്ട് കല്പവൃക്ഷത്തോട് എനിക്കിത്തിരി ദേഷ്യമുണ്ടായിരുന്നു. പക്ഷേ ഒരു ദിവസം നദിയ തെങ്ങിന്റെ മുകളിലും കയറി. അന്നവള്‍ ഇട്ടുതന്ന കരിക്കിന്റെ രുചി ഇന്നു വരേക്കും വേറെ കിട്ടിയിട്ടില്ല.

മരങ്ങളും ഞങ്ങളും വലുതായി. വലിയ പെണ്ണുങ്ങള്‍ കയറരുത് എന്ന് മരം പറഞ്ഞില്ല. പക്ഷേ മരത്തിന്റെ ചുറ്റും പറയാത്ത പലതുകൊണ്ടും വേലി പണിത് തുടങ്ങുന്നത് ഞങ്ങള്‍ക്ക് കാണാറായി. മരങ്കയറ്റം അങ്ങനെ കുറഞ്ഞു. മരത്തുഞ്ചത്ത് നിന്നു മാനത്തേക്കും മണ്ണിലേക്കും നോക്കാനുള്ള ധര്യമുള്ളതു കൊണ്ടാകാം ഞങ്ങള്‍ രണ്ട് മരംകേറികളും പലതും ചോദിച്ചത്. തലയുയര്‍ത്തി നോക്കുന്നതും കണ്ണില്‍ നോക്കി ചോദിക്കുന്നതും മരം കയറ്റത്തേക്കാള്‍ ബുദ്ധിമുട്ടാണെന്ന് തെളിഞ്ഞതും അങ്ങനാണ്‌.

മാവും ആഞ്ഞിലിയും പലവട്ടം പൂത്തു. ചില മരങ്ങള്‍ അലമാരയും കട്ടിലും മേശയുമൊക്കെയായി മാറി. അവളെന്നെ മരം കയറ്റം പഠിപ്പിച്ച മാവില്‍ മുത്തശ്ശി ദഹിച്ചു. വെള്ളം തിരഞ്ഞ് ക്ഷീണിച്ച വേരുകളുടെ സങ്കടം ഇലകളായി പൊഴിഞ്ഞു. ഒരു ദിവസം രാത്രി ആരൊടും പറയാതെ മരത്തില്‍ കയറിയ എന്റെ നദിയ ഇറങ്ങി വന്നില്ല. മരത്തുഞ്ചത്ത് എന്നും ഞങ്ങള്‍ക്ക് കൂട്ട് വരുമായിരുന്ന ആദിപുരാതനമായ ആ കാറ്റ് അന്നു മാത്രം വന്നില്ല. മരമെന്നു പേരിട്ട അവളുടെ കുറിപ്പുകളില്‍ അവസാനത്തേത് ഒരൂഞ്ഞാലിന്റെ പടമായിരുന്നു.