Friday, March 18, 2011

അവള്‍ക്ക്

ഇന്നലെ നിന്നെ കണ്ടു
കറുത്ത കിനാവിന്റെ
ചിറകില്‍, വെളുക്കനെ
ചിരിക്കും മുഖവുമായ്.
പ്രജ്ഞതന്നിരുള്‍പ്പാളം
നരകോന്മുഖം പായും
തീവണ്ടിയിരമ്പത്തില്‍
പെട്ടെന്ന് വിറച്ചെന്നോ?
ഞെട്ടി കണ്‍തുറക്കുമ്പോള്‍
കൂട്ടുകാരീ നിന്‍ ചിരി
നാലുകോളം വാര്‍ത്തയായ്
നിലത്ത് കിടക്കുന്നു.
ചരമക്കോളത്തിന്റെ ചതുരവടിവിലും
ചിരിതോരാത്ത നിന്റെ കണ്ണുകള്‍ തിളങ്ങുന്നു.

തുടച്ചമുഖവുമായ് തീവണ്ടികേറുന്നേരം
തുടര്‍ച്ചയാകും സ്മൃതി മൃതിക്കു കൊടുത്തു ഞാന്‍.

നരകോന്മുഖം വീണ്ടും വണ്ടിപായുന്നു
നാരകമുള്ളേറ്റപോല്‍ നെഞ്ചു നീറുന്നു
മഷിമായാതെ മിഴി കൈലേസാല്‍ ഞാനൊപ്പുന്നു.

Monday, March 7, 2011

മിണ്ടാണ്ട്


ഞാറ് കടിച്ച് തല്ല് വാങ്ങിത്തന്ന പൂവാലി
മില്‍മ്മാപാക്കറ്റിലേക്ക് കയറും പൊട്ടിച്ച് പോയി.
നെല്ലുതിന്ന് തല്ല് വാങ്ങിത്തന്ന കോഴികള്‍
കാലം പനമ്പും തിന്ന് തീര്‍ത്തതുകോണ്ട്
കോള്‍ഡ്സ്റ്റോറേജില്‍ ഉടുപ്പിടാന്‍ പോയി.
പിന്നെപ്പിന്നെ അരിവാളങ്കിയാക്കിയവര്‍
വിത്തെടുത്തുണ്ണാന്‍ തുടങ്ങി.

വിതയ്ക്കാന്‍ ഇടമില്ലാത്തവര്‍
കൊയ്തിനെപ്പറ്റി ഓര്‍ക്കാറില്ല.
ഉടലപ്പടിമൂടും ഉടുപ്പിടായ്കയാല്‍
ഉരിയാടാന്‍ എനിക്കവകാശവുമില്ല.
ആകയാല്‍
തല്ല് വാങ്ങിത്തന്ന
ആ പൂവാലിയും കോഴിക്കൂട്ടവും
മസാലമണമില്ലാതെ
ഓര്‍മ്മയില്‍ ബാക്കിയുണ്ടെന്ന്
മിണ്ടുന്നില്ല.

Saturday, March 5, 2011

അനുസരര്‍

ഒളിഞ്ഞുമല്ലാതെയും എയ്തൊടുക്കിയേ ശീലം
നിനക്ക്, രാമാ എന്തുണ്ട് ബാക്കി?
വേട്ടപെണ്ണ് അവള്‍ പെറ്റ മക്കള്‍
അനുചരാനുജന്‍
ഉപദേശി ഭൂസുരര്‍
ഓര്‍മ്മയില്‍ പരതിത്തളര്‍ന്നുവോ?

ശബ്ദശൂന്യ ശാപങ്ങളും
നോവും നിരാശയും
ഭ്രാന്തസന്ത്രാസവും
ഇറക്കിവയ്ക്കുവാന്‍ ഒഴുക്കുമായൊരു
സരയുമാത്രം.

സ്വേച്ഛയാല്‍ തൊടുത്തോരസ്ത്രവും
നിനക്കില്ലെന്നിവള്‍ക്കറിയാം
നീ എന്നും പറഞ്ഞതൊപ്പിച്ച് നടന്നു.
വേട്ടതും പറഞ്ഞുവിട്ടതും
ശരംതൊടുത്തതും
അനുസരണത്തിന്നൊടുങ്ങാ നാള്‍ വഴി.
അനുസരിക്കലേ നിനക്ക് പൈതൃകം.

പൊളിച്ചെടുക്കലിന്‍ മഹോത്സവങ്ങളില്‍
അനുസരണത്തിന്‍ വഴികള്‍ നീളുമ്പോള്‍
ഒളിഞ്ഞുമല്ലാതും ശരങ്ങള്‍ പായുമ്പോള്‍
ദുരന്തപൈതൃകത്തുടര്‍ച്ചയാണു നീ.

മുറിവുകളൊക്കെ കറുത്തൊഴുകുമ്പോള്‍
ചുമടിറക്കുവാന്‍ സരയുവില്ലിനി.