Sunday, November 13, 2011

പായാരങ്ങള്‍.രണ്ട്: നോമ്പ്

അന്ന്, നോമ്പ് വല്യൊരാശ്വാസമായിരുന്നു. പകല്‌ കഞ്ഞിവയ്ക്കണ്ടല്ലോ. പുണ്യത്തിന്റെ ഈ അരിക്കണക്കെണ്ണിയാകണം ഉമ്മയ്ക്ക് നോമ്പ് തെറ്റാത്തത്. ഉമ്മ നോമ്പ് മുടക്കില്ല.

വെശപ്പൊഴികെ എന്തും സഹിക്കണ സാദിനും നോമ്പുണ്ടാകും.തരം കിട്ട്യാ ഓനത് തെറ്റിക്കും. വെശപ്പ് സഹിക്കല്‍ ഷെഫിക്കും ശീലമായിരുന്നില്ല. പക്ഷേ ശീലമില്ലാത്തവയെ വിഴുങ്ങാന്‍ അവള്‍ക്ക് പ്രത്യേക കഴിവുണ്ട്. ഹൈസ്കൂളില്‍ ഉച്ചക്കഞ്ഞി ഇല്ല. എന്നും ചോറ് കൊണ്ടുപോകണം. നോമ്പ് തുടങ്ങിയാല്‍ ചോറുപൊതി ഇല്ലാത്തതിനു അന്വേഷണം ഇല്ല. തെറ്റിപ്പോകുന്ന ചോറ്റുപാത്രത്തിന്റെ കണക്കാണ്‌ ഷെഫിയെ നോമ്പെടുപ്പിക്കുന്നത്. വിശപ്പെന്ന പരമമായ സത്യം മുന്നില്‍ പടം വിടര്‍ത്തി നില്‍ക്കും. പണയത്തിലാകാതെ സൂക്ഷിക്കാന്‍ ആകെയുള്ള അഭിമാനത്തെ നോമ്പൊരു പുണ്യമായി പൊതിഞ്ഞു നിര്‍ത്തും.

ബാപ്പ പോയതിനു ശേഷം നോമ്പുകാലത്തും ഉമ്മ പണിക്ക് പോകും. നോമ്പെടുത്ത് ഉമ്മ പണിക്ക് പോയി വരുന്നത് എങ്ങനെ എന്ന് ഷെഫിക്ക് ഇന്നും മുഴുവനായി മനസ്സിലായിട്ടില്ല. മനസ്സിലാകായ്കകളുടെ മേളനമാണ്‌ ജീവിതം എന്നു തിരിച്ചറിഞ്ഞത് പിന്നീടാണ്‌.

ലോകത്തിലെ ഏറ്റവും നല്ല പാചകക്കാരി ഉമ്മയാണ്‌. ഒരു പാചകക്കുറുപ്പിലും ഒതുങ്ങാത്ത രുചികൊണ്ടാണ്‌ നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ ഉണ്ടാക്കുക. മുഴുവരിക്കഞ്ഞിയാണ്‌ മിക്കദിവസവും. റമദാന്‍ കാലത്തിനു വേണ്ടി, കൊയ്യാന്‍ പോയി കിട്ടിയതില്‍ നിന്നും നെല്ല് മാറ്റി വച്ചിരിക്കും. അത് പുഴുങ്ങിക്കുത്തി അരിയാക്കും. റമദാനില്‍ റേഷനരിക്കഞ്ഞിക്ക് സലാം. ചുട്ടതേങ്ങയും കശുനണ്ടിയും ചേര്‍ത്ത്‌ ഉമ്മയ്ക്ക് മാത്രമറിയാവുന്ന പാകത്തില്‍ ചമ്മന്തിയുണ്ടാക്കും. അത് മാത്രം മതി ഒരു നോമ്പ് കാലത്തെ കാത്തിരിക്കാന്‍. എന്തൊക്കെയോ പച്ചക്കറികള്‍. കൂടുതലും വീടുനു ചുറ്റുമുള്ള ഇത്തിരി പറമ്പില്‍ നിന്നുമുള്ളത്. ചിരട്ടക്കയില്‍ എന്ന മാന്ത്രികവടികൊണ്ടുഴിഞ്ഞ് ഇവയെയൊക്കെ ഉമ്മ അമൃതാക്കിമാറ്റും. ഇറച്ചിയും മീനുമില്ലാതെ വിഭസമൃദ്ധമായ നോമ്പ് തുറ. മത്തന്‍, കുമ്പളം, പാവല്‍ പടവലം പയറ്‌ താള്‌ തകര തിന്നാന്‍ പറ്റാത്ത ഇലകളില്ലെന്ന് മനസ്സിലാക്കിത്തന്നത് ഉമ്മയാണ്‌. റമദാനില്‍ ഇപ്പറഞ്ഞ എല്ലാ ഇലയും കിട്ടില്ല. പക്ഷേ, കിട്ടുന്നതെന്തും കയിലുഴിഞ്ഞ് അമൃതാക്കും. ഇല്ലായ്മകളെ ഇലകള്‍ കൊണ്ടു മൂടാന്‍ ഉമ്മയെ പഠിപ്പിച്ചത് ആരായിരിക്കും?

നോമ്പുതുറ വിളിക്കാന്‍ ഹനീഫ വരും. പത്തിരിം ഇറച്ചീമൊക്കെയുള്ള വലിയ നോമ്പുതുറ. സാദിനു അന്ന് വല്യ ഉത്സാഹമായിരിക്കും. ആശാനും ശിഷ്യനും പത്തിരിയോട് മത്സരിച്ച് പടവെട്ടും. വീട്ടിലെ നോമ്പുതുറ ഒരിക്കലും ഉത്സവമായിരുന്നില്ല. ആരേയും വിളിക്കാറുമില്ല. അതുകൊണ്ട് തന്നെ ആരേലും നോമ്പ് തുറ വിളിച്ചാല്‍, പോകാന്‍ ഉമ്മക്ക് മടിയാണ്‌. നോമ്പ് തുറക്കാന്‍ വിളിച്ചാല്‍ ചെല്ലാതിരിക്കരുത്. അതുകൊണ്ട് സാദിനേം ഷെഫിയേം അയക്കും. ഇത്തിരി മുതിര്‍ന്നപ്പോഴേക്കും ഷെഫിക്കും ഇതൊക്കെ മനസ്സിലായിത്തുടങ്ങി. നിവര്‍ത്തിയുള്ളിടത്തോളം അവളും ഒഴിയും. സാദിനിതൊന്നും പ്രശ്നമല്ല. അത്രയ്ക്ക് ആലോചനയൊന്നും ആ പ്രായത്തില്‍ ഇല്ലല്ലോ.
എല്ലാം അറിയാവുന്നത് കൊണ്ട് നോമ്പ് തുറവിളിച്ചാല്‍ ഉമ്മാനെ കൂട്ടാന്‍ ഹനീഫ വരും. അവനോട് ഒഴിവു പറയന്‍ ഉമ്മയ്ക്കറിയില്ല. കൂട്ടത്തിലുള്ള എല്ലാറ്റിനേക്കാളും വലിപ്പമുള്ളതുകൊണ്ടാകും, ഹനീഫ ഉമ്മാടെ വല്യപുള്ളയാണ്‌.
"ന്റെ വല്ല്യുള്ള"
അത്രേ ഉമ്മ പറയു. ആ വലിയ പുള്ള വിളിച്ചാല്‍ പിന്നെ ഉമ്മയ്ക്ക് വീട്ടിലിരിക്കാന്‍ പറ്റില്ല. ഉമ്മ തെറ്റാതെ നോമ്പ് തുറക്കാന്‍ പോകുന്ന ഏക വീട് ഹനീഫാടാണ്‌.
ഷെഫിയുടെ വീട്ടില്‍ നോമ്പുതുറക്കെത്തുന്ന ഏറ്റവും വിശിഷ്ടനായ അതിഥി ഹനീഫയാണ്‌. ഉസ്താതിനു ചോറുകൊടുക്കുമ്പോള്‍ പോലും ഉണ്ടാക്കാത്ത വിഭവങ്ങള്‍ അന്നുണ്ടാകും.
ആ വല്യപള്ള നിറക്കാതെ ഉമ്മ വിടില്ല. എന്നാലും, ഹനീഫ എന്ന വല്യപുള്ള വളരെ കുറച്ച് മാത്രം കഴിക്കുന്ന ഒരു നോമ്പു തുറ അതായിരിക്കണം.
"ഈ പള്ള നിറക്കാന്‍, ഉമ്മാടകയ്യീന്ന് ഒരുപിടിച്ചോറ് മതീന്ന്." ആ വല്യപുള്ള ഒരിക്കല്‍ ഉമ്മാട് പറയണത് ഷെഫി കേട്ടിട്ടുണ്ട്. വല്യപുള്ളയും ഉമ്മയും തമ്മില്‍ മാത്രം പറയുന്ന ചില രഹസ്യങ്ങള്‍ ഉണ്ട്. ഷെഫിയോട് എന്തും തുറന്നു പറയുന്ന ഹനീഫ അത് മാത്രം പറയില്ല. ഇക്കാര്യത്തിന്‌ ഒരിക്കല്‍ അവള്‍ വഴക്കിട്ടു. 
"ഉമ്മേം, ഉമ്മാടൊരു വെല്ല്യൂള്ളേം. ഇബ്ടെള്ളോരൊക്കെ രണ്ടാന്തരം."
"തേ. ന്റെ വെല്ല്യൂള്ള തന്നാ. നെനക്കെന്നാ ചേതം." പിന്നൊന്നും പറയാനില്ലല്ലോ. അവളുടെ ആ പരിഭവം അങ്ങനതന്നിരിക്കും.
എല്ലാം കഴിഞ്ഞ് വല്ല്യപുള്ളയുടെ വക ഒരു കെട്ടിപ്പിടുത്തമുണ്ട്.
"ഇയ്യ് കുഞ്ഞ്യൊന്ന്വല്ല വട്ടഞ്ചുറ്റാന്‍"
എന്നു പറയുമെങ്കിലും ആ വട്ടഞ്ചുറ്റല്‍ ഉമ്മക്കിഷ്ടമായിരുന്നു.

ഉമ്മാടെ ആധിയായിരുന്നു പെരുന്നാള്‍. നോമ്പെടുക്കുന്ന കുട്ടികള്‍ക്ക് പെരുന്നാള്‍കോടി കൊടുക്കണം. സാദ് കാത്തിരിക്കും. ആതിനുവേണ്ടിയാണ്‌ അവന്റെ നോമ്പ്.
ഒരിക്കല്‍പ്പോലും ഉമ്മ  അത് മുടക്കിയിട്ടില്ല. സാദിനു കോടികൊടുക്കൂമ്പോള്‍ ഉമ്മയുടേ കണ്ണില്‍ ഒരു റമദാന്‍ മുഴുവനുദിക്കും.
ആ ഒറ്റ നിമിഷത്തിനു വേണ്ടിയാണ്‌ അവര്‍ ഇക്കാലമത്രയും ആതിപിടിച്ചതെന്ന് തോന്നും. എത്ര പകലിന്റെ വിയര്‍പ്പാണ്‌ ആ കോടിയുടെ തിളക്കം. മനസ്സിലാക്കലുകള്‍ ഏറിത്തുടങ്ങിയ ഒരു പെരുനാളിനു, കോടി തന്ന ഉമ്മാടേ കണ്ണില്‍ നോക്കിയ ഷെഫി വിതുമ്പി.
"ഇപ്പെണ്ണിനെന്താന്ന്".
"ന്താപെണ്ണേ"ന്ന് ചോദിച്ചപ്പോള്‍ ഉമ്മായ്ക്കും സങ്കടം വരുന്നുണ്ടായിരുന്നോ? തിട്ടമില്ല.
"ല്ലാരും കോടീട്ടുമ്പ തുള്ളം.
ഇബ്ടൊള്ളോരെണ്ണം ചിണുങ്ങും
സാദേ, നെന്റിത്തത്താക്കെന്താണ്ടാ."
"ഇത്താത്തക്ക് വട്ടാമ്മാന്ന്" പറയുമ്പോഴേക്കും അവന്‍ കോടിക്കുള്ളിലായിരിക്കും.
അപ്പോഴേക്കും ഷെഫി ചിരിക്കും, ഉമ്മേം.
ഉമ്മാടേ ഏറ്റവും തിളക്കമുള്ള ചിരി അതാണ്‌. വീടുമുഴുവന്‍ ആ ചിരിയില്‍ തിളങ്ങും.
അപ്പോഴേക്കും ഹനീഫായും വരും. അവന്‍ വരുന്നത് ഉമ്മാടേ പെരുനാള്‍ സ്പെഷ്യലിനാണ്‌.
പെരുന്നാള്‍ കോടിയുടെ തിളക്കത്തിലായിരിക്കും അവനും. ഉമ്മാടേ സ്പെഷ്യല്‍ നിന്നോണ്ട് അകത്താക്കിയിട്ട് അവന്‍ പായും. എല്ലാടത്തും എത്തണ്ടേ.

രാത്രി മുറ്റത്തിരിക്കുമ്പോള്‍ ഉമ്മ പാടും.
സാദ് ഉമ്മാടേ മടിയില്‍ തലവച്ച് മാനത്തേക്ക് നോക്കി കിടക്കും.
ഉമ്മായ്ക്ക് മാത്രമറിയാവുന്ന ഒപ്പനപ്പാട്ടുകള്‍. ചിലപ്പോള്‍ ഞാറ്റുപാട്ടുകള്‍.
ഉമ്മാടെ മാത്രം ഈണം.
സാദുറങ്ങും.
അറിയാവുന്ന പാട്ടുകള്‍ ഷെഫി ഏറ്റു പാടും.
ഉമ്മയ്ക്ക് വലിയ സന്തോഷാണത്. പക്ഷേ അവള്‍ക്കറിയാവുന്ന പാട്ടുകള്‍ കുറവാണ്‌.
ഒരു പാട്ടിന്ററ്റത്തു നിന്നും മറ്റൊന്നിലേക്ക്, അതില്‍ നിന്നും വേറോന്നിലേക്ക്‌ ഉമ്മ കയറിപ്പോക്കും.
പാട്ടുകള്‍ കൊണ്ട് വേറൊരു ലോകം.
പറമ്പായ പറമ്പിലും പാടത്തുമൊക്കെ അലയുന്ന, അവസാനിക്കാത്ത ആധികളുടേ കൂമ്പാരമായ ആ ഉമ്മായേ അല്ല അത്.
പിടികിട്ടാത്ത ലോകങ്ങളില്‍ അലഞ്ഞ്‌ ആഹ്ലാദിക്കുന്ന ഒരുവളാണത്. 
പാടുമ്പോള്‍ ഉമ്മ വേറൊരാളാണ്‌.
പാട്ടായപാട്ടൊക്കെ പടച്ചത് ആരാണ്‌?

ഉമ്മാട് ചേര്‍ന്ന് ഷെഫി കണ്ണുമിഴിച്ചിരിക്കും. പോകെപ്പോകെ, പാട്ടിന്നിടയ്ക്കെപ്പോഴോ ഉമ്മ വിതുമ്പും.
ഉപ്പയാണുള്ളിലെന്നറിഞ്ഞ് അവള്‍ ഉമ്മാനെ നോക്കും.
പാട്ട് നിക്കും.
ഉമ്മ ചിരിക്കും.
ചിലപ്പോള്‍ കണ്ണുനിറഞ്ഞിട്ടുണ്ടാകും.
ഒരു പെരുനാളിനായിരുന്നു ഉമ്മാടേ പാട്ടുംകേട്ട് എന്നേക്കുമായി ഉപ്പ ഉറങ്ങിപ്പോയത്.
അവള്‍ക്കും സങ്കടം വരും.
എന്നാലും ചിരിക്കും.
ഒരു പാട്ടിലേക്ക് വഴിതെളിക്കാന്‍ ശ്രമിച്ച് അവള്‍ തോക്കും.
തൊണ്ടയില്‍ എന്തോ കുരുങ്ങുന്നതയിത്തോന്നും.
സാദിനെ വിളിച്ച് അകത്തുകേറ്റിക്കിടത്തും.
ഒന്നും മിണ്ടാതെ ഉമ്മയെ കെട്ടിപ്പിടിച്ച് അവളുറങ്ങും.
                                                                         [തുടര്‍ന്നേക്കാം]



36 comments:

  1. പാട്ടിന്നിടയ്ക്കെപ്പോഴോ ഉമ്മ വിതുമ്പും. ......എനിക്കെന്റെ ഓര്‍മയില്‍ എത്തുന്നു എന്റെ ഉമ്മയുടെ വിതുമ്പല്‍ .....എന്റെ മനസ്സുംഒന്ന് വിതുമ്പി .....ദൂരെ ഒരു നക്ഷത്രം എന്നോട് പറയുന്നുണ്ട് നൊമ്പര പെടല്ലേ എന്ന് .....നല്ല ഓര്‍മ്മകള്‍ ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  2. തൊണ്ടയില്‍ എന്തോ കുരുങ്ങുന്നതായി തോന്നുന്നു സോദരീ, കഥ പറഞ്ഞ രീതിയും തീമും മനോഹരം. പട്ടിണിയുടെയും വറുതിയുടെയും ആഴക്കയങ്ങള്‍ നീന്തിയ വീടുകള്‍ അയല്പക്കങ്ങളിലൊക്കെയുണ്ടായിരുന്നു. ഇന്നുണ്ടോ എന്നറിയില്ല. ഉമ്മ തരുന്ന ഭക്ഷണപ്പാത്രങ്ങള്‍ ഞാനും അനുജനും പണ്ട് പല വീടുകളിമെത്തിച്ചിട്ടുണ്ട്. അതിലോരാളായിരുന്നു ദാമോദരന്‍ എന്ന മിണ്ടാനാകാത്ത അനാഥ വൃദ്ധന്‍. രാവിലെ അയാള്‍ക്ക്‌ ചായ എത്തിച്ച് മദ്രസയില്‍ എത്തുമ്പോള്‍ നേരം വൈകിയിട്ടുണ്ടാകും എന്നും ഉസ്താദ്‌ തല്ലും. ഒരു പരാതിയുമില്ലാതെ പള്ളിക്കംമിട്ടിയുടെ പ്രസിഡന്‍റ് ന്‍റെ മകന്‍ അതേറ്റുവാങ്ങും. കാരണം ദാമോടരെട്ടന്‍റെ ഹൃദയത്തില്‍ നിന്ന് പുറപ്പെട്ട പല്ലില്ലാത്ത ചിരി ഉസ്താദിന്‍റെ ചൂരല്‍ വേദനയെ കവിഞ്ഞു നിന്നു. ചുറ്റും വറുതി കൂടുകൂട്ടി നിന്ന ആ കാലത്തെ വീണ്ടും മനസ്സിലെത്തിച്ചതിനു നന്ദി. വായിച്ചു കഴിഞ്ഞപ്പോള്‍ കണ്‍കോണില്‍ ഊറി നിന്ന ഒരിറ്റു കണ്ണ്നീര്‍ തുടച്ചു കളഞ്ഞു, ഷെഫിയുടെ സ്ഥാനത്ത്‌ ഞാനെന്‍റെ സഹോദരിമാരെ മാറി മാറി നിര്‍ത്തി. വീണ്ടുമോരിട്ടു കണ്ണുനീര്‍. തുടച്ചു മാറ്റട്ടെ. തുടരുമെന്ന് പ്രതീക്ഷിക്കട്ടെ

    ReplyDelete
  3. നന്നായിട്ടുണ്ട്..
    പഴ ദാരിദ്ര്യത്തിലേക്ക് കൊണ്ടു പോയി..
    തുടരണം.. ആശംസകള്‍..

    ReplyDelete
  4. എന്ത് പറയണം എന്നറിയില്ല .....

    ReplyDelete
  5. നയനങ്ങള്‍ നിറഞ്ഞു സോദരീ.. ഒരുപാട് ഓര്‍മകള്‍ മനസിലേക്കോടിയെത്തി..
    വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടു പോയ വല്യുമ്മയെ (ഉമ്മയുടെ ഉമ്മ) ഓര്‍ത്തു പോയി..
    എല്ലാ ഭാവുകങ്ങളും നേരുന്നു..!

    താഴെയുള്ള കവിതകളും വായിച്ചു.. നല്ല വരികള്‍ ..
    ഈ ബ്ലോഗ് കാണാന്‍ ഞാനെന്തേ വൈകിയെത്തിയത്..!?

    ReplyDelete
  6. തൊട്ടറിഞ്ഞ അനുഭവങ്ങളിലൂടെ പറഞ്ഞ കഥ എന്നിലെ വായനക്കാരന് ഈ കഥ അങ്ങനെ ആണ്

    ReplyDelete
  7. ഇല്ലായമയാണെങ്കിലും നന്മയും, സ്നേഹവും സമൃധമായ കഥ. കോടിയുടുത്ത് കണ്ണീര്‍ പൊഴിക്കുന്ന മകള്‍... വല്ലാതെ സ്പര്‍ശിച്ചു ആ ഭാഗം.

    എന്റെ വലിയ അമ്മായിയുണ്ട്, ഭര്‍ത്താവ് വളരെ മുന്‍പ് തന്നെ മരിച്ചു. ഈ പ്രാവശ്യവും നാട്ടില്‍ പോയപ്പോള്‍ എന്നോട് പറഞ്ഞു 'നൂറ് സേറ് നെല്ല് കുത്തിയാല്‍ ഒരു സേറ് നെല്ല് കിട്ടും. ആ നെല്ല് കുത്തി കഞ്ഞി വച്ച് കൊടുത്താ ഞാനെന്റെ മക്കളെയൊക്കെ പോറ്റിയത്' എന്ന്.

    മനോഹരം...

    ReplyDelete
  8. വായിച്ചു....ഓര്‍മ്മകള്‍ എങ്ങോട്ടാണ് എന്നെ കയറിട്ടു വലിച്ചതെന്നു ഇവിടെ കുറിക്കാന്‍ വയ്യ....കണ്ണ് നിറഞ്ഞു.....സങ്കടമായെങ്കിലും നന്ദി...ജീവിതത്തില്‍ മറന്നു പോവുന്ന ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചതിനു....
    ഇത് പോലെ ഇനിയും എഴുതണേ.....ആശംസകള്‍.....

    ReplyDelete
  9. നല്ല എഴുത്ത്,അഭിനന്ദനങ്ങള്‍..

    ReplyDelete
  10. തുടരട്ടെ..
    എന്റെ ചുറ്റുവട്ടങ്ങള്‍ ചിലതെല്ലാം ഞാന്‍ ഈ പോസ്റ്റില്‍ കണ്ടു. ഒരു പുളിമരവും.. പേരക്കാ മരവും മാടി വിളിക്കുന്ന ബാല്യത്തിന്റെ നേരത്ത നൊമ്പരത്തിന്റെ സുഖം... സന്തോഷമായി..

    അടുത്ത പോസ്റ്റിടുമ്പോള്‍ ബുദ്ധിമുട്ടാവില്ലെങ്കില്‍ ഒരു ഇമെയില്‍ നോട്ടിഫിക്കേഷന്‍ തന്നാല്‍ ഉപകാരമായിരുന്നു

    ശുഭാശംസകള്‍

    ReplyDelete
  11. പണയത്തിലാകാതെ സൂക്ഷിക്കാന്‍ ആകെയുള്ള അഭിമാനത്തെ നോമ്പൊരു പുണ്യമായി പൊതിഞ്ഞു നിര്‍ത്തും.

    ഓരോ വാക്കുകളിലും മിഴിവാര്‍ന്ന വര്‍ണ്ണച്ചിത്രങ്ങള്‍ നിരത്തി ബാല്യത്തെ അമൃതാക്കിയപ്പോള്‍ പല പാട്ടുകളുടെ അദ്യാവസാനവും ചേര്‍ത്ത് മധുരം നുണഞ്ഞ അനുഭവം.

    ReplyDelete
  12. പൊള്ളിക്കുന്നു.

    ReplyDelete
  13. "..ഒരു പാട്ടിന്ററ്റത്തു നിന്നും മറ്റൊന്നിലേക്ക്, അതില്‍ നിന്നും വേറോന്നിലേക്ക്‌ ഉമ്മ കയറിപ്പോക്കും.
    പാട്ടുകള്‍ കൊണ്ട് വേറൊരു ലോകം.
    പറമ്പായ പറമ്പിലും പാടത്തുമൊക്കെ അലയുന്ന, അവസാനിക്കാത്ത ആധികളുടേ കൂമ്പാരമായ ആ ഉമ്മായേ അല്ല അത്"

    അന്ന് ദാരിദ്ര്യമുണ്ടായിരുന്നെങ്കിലും, സമാധാനമുണ്ടായിരുന്നു, ഫൗസിയ.. ചെറിയ നേട്ടങ്ങളിൽ പോലും സന്തോഷം തോന്നുമായിരുന്നു. ഇത് ക്രിസ്മസ് കാലഘട്ടമാക്കിയാൽ എന്റെ ബാല്യമാകും.
    :(

    നല്ല എഴുത്ത്!

    ReplyDelete
  14. വറുതിയുടെ സംമ്രിദ്ധി കൊണ്‍റ്റ് കാലം കഴിച്ച ഒരു നാള്‍ നമ്മുടെ നാട്ടിലുണ്ടായിരുന്നു. ഇന്നതുണ്ടോ എന്നറിയില്ല. കയ്മെയ് മറന്ന് പാവങ്ങളെ ഊട്ടിയ കുറേ നല്ലവരും. ഇന്നാ നന്മയും നഷ്ടപ്പെട്ടു.
    റമദാനിന്ന് തീറ്റയുടെ പൊടിപൂരമല്ലേ?
    ഈ പോസ്റ്റ് ഒരു നോമ്പ് കാലത്തായിരുന്നെങ്കില്‍ കുറച്ചൂടെ നന്നായേനെ!

    ReplyDelete
  15. എല്ലാരും പറഞ്ഞത് പോലെ തൊണ്ടയില്‍ എന്തോ കുരുങ്ങുന്നതായി തോന്നുന്നു . കണ്ണ് നിറയുന്നു.... മനസ്സില്‍ തട്ടി എഴുതി...
    ഇനിയുള്ള കാലത്ത് ഇങ്ങനെയുള്ള നോമ്പും പെരുന്നലോന്നും ആര്‍ക്കും ഉണ്ടാകാന്‍ സാധ്യത ഇല്ല...

    ഏതെന്കിലും ഒരു വരി ഇവിടെ കോപ്പി ചെയ്യനമെന്നുണ്ട്...പക്ഷെ എല്ലാം ചെയ്യേണ്ടി വരും...അത്രയ്ക്ക് ബോധിച്ചു ഈ എഴുത്ത്...

    അഭിനന്ദനങ്ങള്‍..

    ReplyDelete
  16. നല്ല വായനാസുഖമുള്ള,ഒഴുക്കുള്ള രചന.
    റമദാനില്‍ ഭക്ഷണം വര്‍ജിക്കുംപോലെ ചില വാക്കുകളില്‍ അക്ഷരം വിട്ടുപോയിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ.
    (മദാന്‍, ഉമ, ക്ഷേ )
    ആശംസകള്‍.
    തണല്‍

    ReplyDelete
  17. ആദ്യമായിട്ടാ ഇവിടെ .ഡാഷ്ബോര്‍ഡില്‍ ആദ്യത്തെ വരി കണ്ടപ്പോള്‍ എന്തോ ഒഴിവാക്കി .പക്ഷെ പല ബ്ലോഗിലെ കൂത്താട്ടം കഴിഞ്ഞിവിടെ തന്നെയെത്തി .വായാന സുഖമുള്ള എഴുത്ത്.

    ReplyDelete
  18. ഫൌസിയ ... ഹ!! എന്താ പറയുക.. എഴുതുക!!
    എനിക്കെന്റെ കൂട്ടുകാരിയെ ഓര്മ വന്നു..
    ഏതാണ്ട് സമാനതകളുള്ള ജീവിതം..
    എന്റെ terrace -സില്‍ നിന്നാല്‍ അവളുടെ മുറ്റം കാണാം..
    ഇത് പോലെ.. അല്ല.. ഇത് തന്നെയാണ് അവള്‍..
    എന്നാലും ആ നോമ്പ് തുറയില്‍ എന്നെയും കൂട്ടിയിരുന്നു..

    തുടര്‍ന്നേക്കാം എന്നല്ല.. തുടരും എന്ന് ഉറപ്പു നല്‍കൂ...
    ഭാവുകങ്ങള്‍...!1

    ReplyDelete
  19. വല്ലാതെ നോവിച്ചു.

    ReplyDelete
  20. വായിച്ചിടത്തോളം മനസ്സിലായത്, ഫൌസിയക്ക് സങ്കടമേ പറയാനുള്ളൂ എന്നാണ്. എനിക്കതിഷ്ടമല്ല. പക്ഷേ ഫൌസിയയുടെ ഈയിടെ എഴുതപ്പെട്ട എല്ലാ കഥകളും ഇഷ്ടത്തോടെ തന്നെ വായിച്ചിട്ടുണ്ട്. സങ്കടങ്ങളെയൊക്കെ ഇറക്കാനാണീ തത്രപ്പാടൊക്കെ പെടുന്നതെന്നതിനാൽ സങ്കടങ്ങൾ കേൾക്കുന്നത് ഇഷ്ടമല്ലെങ്കിലും, സുഖകരമായ വായനാനുഭവം തരുന്ന ഈ ശൈലിയെ അംഗീകരിക്കാതെ വയ്യ.
    ആശംസകൾ ഫൌസിയ. പുതിയത് എഴുതുമ്പോൾ മെയിൽ അയക്കുക.
    സ്നേഹ പൂർവ്വം വിധു

    ReplyDelete
  21. അന്ന് പറഞ്ഞു ...'അനിശ്ചിതത്വങ്ങളുടെ മേളമാണ്‌ ചൂണ്ടയിടല്‍'

    ഇന്നിതാ "മനസ്സിലാകായ്കകളുടെ മേളനമാണ്‌ ജീവിതം "

    ഇഷ്ടപ്പെട്ടു ...
    ഇമെയില്‍ ഇട്ടതിന് നന്ദി ... ബക്കി എഴുതുമെന്ന പ്രതീക്ഷയോടെ ....

    ReplyDelete
  22. ഞാനീ കഥയോടൊപ്പം ആരിഫ് പറഞ്ഞ കാര്യങ്ങളും മനസിലേക്കു ചേര്‍ത്തു വെക്കുന്നു.. ലളിതമായ ശൈലിയില്‍ തികച്ചും സാധാരണമായ ജീവിതാവസ്ഥയുടെ ഒരു നേര്‍ച്ചിത്രം ഫൗസിയ വരച്ചു വെച്ചു..ആരിഫ് അതിനു പാശ്ചാത്തലമായി ജീവിതാനുഭവത്തില്‍ നിന്നും ഒരു ഏട് കമന്റായി കൂട്ടിച്ചേര്‍ത്തു.രണ്ടും ഏറെ ഹൃദ്യം..

    ഈ കഥാപാത്രങ്ങളെ വളര്‍ത്തുകയാണോ...മികച്ച ഒരു നോവലിന്റെ സാധ്യതതകള്‍ ഇവിടെ രൂപപ്പെടുന്ന കഥാപാത്രങ്ങളിലൂടെയും കഥാപരിസരങ്ങളിലൂടെയും മിന്നിമറയുന്നത് കാണുന്നുണ്ട്.. തുടര്‍ന്ന് എഴുതുക...

    ReplyDelete
  23. "...ഇല്ലായ്മകളെ ഇലകള്‍ കൊണ്ടു മൂടാന്‍ ഉമ്മയെ പഠിപ്പിച്ചത് ആരായിരിക്കും?.."

    വല്ലാതെ നോവിച്ചു.
    ആശംസകളോടെ..പുലരി

    ReplyDelete
  24. എന്താ പറയുക ,,,,,പെരുനാള്‍ വരുന്നു ......അതെ പെരുനാള്‍ നിലാവ് ആയതേ ഉള്ളു ..ഇന്നി പെരുനാള്‍ കൂടി വരട്ടെ ......

    ഉറങ്ങാതെ കാത്തിരിക്കുന്നു

    ReplyDelete
  25. പല കാരണങ്ങള്‍, പല ഓര്‍മ്മകള്‍.
    ഉള്ളിലെവിടെയോ കെട്ടിക്കിടക്കുന്ന കണ്ണീരെല്ലാം
    ഒന്നിച്ചു കുതിച്ചെത്തി.
    ഓര്‍മ്മക്കപ്പുറം, ഒരു കാലം, ഒരു ദേശം,
    ഒരു ലാന്റ്സ്കേപ്പ്, കുറേ മനുഷ്യരുടെ ഉള്ളകം. ഒട്ടും അപരിചിതമായി തോന്നിയില്ല ഒന്നും.

    പായാരങ്ങള്‍ എന്ന വാക്കിന് എനിക്കറിയാവുന്ന അര്‍ഥം തീരെ ലാഘവം നിറഞ്ഞതാകയാല്‍ അതു മാത്രം ഇഷ്ടപ്പെട്ടില്ല. പായാരമല്ല, ആഴങ്ങളോളം വേരുകളുള്ള ഒരു നിശãബ്ദ വിലാപമാണിത്.

    ReplyDelete
  26. ഫൗസു ചേച്ചി..

    ദീര്‍ഘമൌനങ്ങള്‍ക്കൊടുവില്‍ വലിയ മൊഴിമുത്തുമായാണ് ഈക്കുറി വരവ് ല്ലേ.. ഇഷ്ടമായി.. കഴിഞ്ഞ ഭാഗമായ ചൂണ്ടയെക്കാള്‍ നല്ലതായി എന്ന് പറയാതെ വയ്യാ... തുടരണം.. ഈ കഥാപാത്രങ്ങളെ ഉറക്കരുത്.. തുടര്‍ന്ന് വായിക്കാന്‍ കഴിയും വിധം ചേച്ചിയുടെ എഴുത്ത് വായനക്കാരെ പിടിച്ചിരുത്തുന്നതാണ്... മടി പിടിചിരിക്കാണ്ട് മര്യാദയ്ക്ക് എഴുതിക്കോണം... ഹാ ഇല്ലെങ്കില്‍ ശരിയാക്കി തരാം.. :) ഞാനിടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ബാക്കി ഭാഗങ്ങള്‍ എഴുതുന്നതിനു...

    എനിക്കൊരു ശീലമുണ്ട്.. വായിക്കുമ്പോള്‍ നല്ല വരികള്‍ നോട്ട് ചെയ്യുന്നത്.. ബ്ലോഗ്‌ വായനകളില്‍ അത് കുറവാണ്.. എന്തോ മനസ്സില്‍ പിടിച്ച വാക്കുകള്‍ കുറവാകുന്നതാകും കാരണം.. എന്നാല്‍ ഇവിടെ ഞാന്‍ വാക്കുകള്‍ പലതും നോട്ട് ചെയ്തു... എനിക്കിഷ്ടപ്പെട്ട വാക്കുകള്‍ ....

    # പക്ഷേ ശീലമില്ലാത്തവയെ വിഴുങ്ങാന്‍ അവള്‍ക്ക് പ്രത്യേക കഴിവുണ്ട്.

    # പണയത്തിലാകാതെ സൂക്ഷിക്കാന്‍ ആകെയുള്ള അഭിമാനത്തെ നോമ്പൊരു പുണ്യമായി പൊതിഞ്ഞു നിര്‍ത്തും.

    # മനസ്സിലാകായ്കകളുടെ മേളനമാണ്‌ ജീവിതം

    # ചിരട്ടക്കയില്‍ എന്ന മാന്ത്രികവടികൊണ്ടുഴിഞ്ഞ് ഇവയെയൊക്കെ ഉമ്മ അമൃതാക്കിമാറ്റും.

    # ആശാനും ശിഷ്യനും പത്തിരിയോട് മത്സരിച്ച് പടവെട്ടും

    # ആ ഒറ്റ നിമിഷത്തിനു വേണ്ടിയാണ്‌ അവര്‍ ഇക്കാലമത്രയും ആധിപിടിച്ചതെന്ന് തോന്നും.

    # ഒരു പാട്ടിന്ററ്റത്തു നിന്നും മറ്റൊന്നിലേക്ക്, അതില്‍ നിന്നും വേറോന്നിലേക്ക്‌ ഉമ്മ കയറിപ്പോക്കും.
    പാട്ടുകള്‍ കൊണ്ട് വേറൊരു ലോകം.

    # അവസാനിക്കാത്ത ആധികളുടേ കൂമ്പാരമായ ആ ഉമ്മായേ അല്ല അത്.

    # ഉപ്പയാണുള്ളിലെന്നറിഞ്ഞ് അവള്‍ ഉമ്മാനെ നോക്കും

    # ഒരു പാട്ടിലേക്ക് വഴിതെളിക്കാന്‍ ശ്രമിച്ച് അവള്‍ തോക്കും

    ഈ വാക്കുകള്‍ ഇഷ്ടമാകുന്നത് ആ സന്ദര്‍ഭങ്ങളോട് ചേരുമ്പോഴാണ്.. ഹൃദയത്തോട് ചേര്‍ക്കുന്നു ഞാനിവ....

    സ്നേഹപൂര്‍വ്വം...
    അനിയന്‍ (ഷെഫിയ്ക്ക് സാദ് എന്ന പോലെ)

    (NB : അക്ഷരത്തെറ്റുകള്‍ ഒഴിവാക്കണം ട്ടോ ചേച്ചി...)

    ReplyDelete
  27. ഹൊ നൊഞ്ചിലൂടെ ഒരു കാളാല്‍ വന്നൂട്ടൊ ഈ വരികള്‍ വായിച്ചപ്പോള്‍
    ശെരിക്കും ഒരു ഗ്രാമീണതയിലെ ദാരിദ്രം വരച്ചു കാട്ടുന്നു

    ReplyDelete
  28. മനഹോരമായ ഈ അവതരണവും അതിലെ ചില ശൈലികളും വാക്കുകളും പിടിച്ചിരുത്തി വായിപ്പിച്ചു. കുറച്ചു സസ്‌പെന്‍സ് കൂടി ചേര്‍ത്ത് ഗംഭീരമാക്കിയിട്ടുണ്ട്. ഇനിയുമൊഴുതണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ഒരായിരം അഭിനന്ദനങ്ങള്‍.

    ReplyDelete
  29. വരികള്‍ക്കിടയിലെവിടെയോ ഉടക്കി കണ്ണുകള്‍ അറിയാതെ നനഞ്ഞു പോയി. പിന്നീട് വായിച്ചെടുത്തത് എന്റെയും ഓര്‍മകളെ കൂടെകൂട്ടിയാണ്.
    "...ഇല്ലായ്മകളെ ഇലകള്‍ കൊണ്ടു മൂടാന്‍ ഉമ്മയെ പഠിപ്പിച്ചത് ആരായിരിക്കും?.."
    ഞാന് വരച്ചിട്ടിട്ടുണ്ട് ഇതുപോലൊരു ഉമ്മയെ. ഞാന്‍ മനസ്സിലാക്കിയ, ഞാനറിഞ്ഞ ഒരു ഉമ്മവിളക്കിന്റെ കഥ.
    വായിചിട്ടുണ്ടാകുമോ എന്നറിയില്ല..
    http://hakeemcheruppa.blogspot.com/2011/08/blog-post.html

    ReplyDelete
  30. ഫൌസിയ ..നന്നായിരിക്കുന്നു.ഞാന്‍ ചെറുപ്പത്തില്‍ ഒക്കെ അമ്മച്ചിയുടെ കൂടെ അയല്‍വക്കത് നോബുതുറക്ക് പോകുന്നത് ഓര്‍ത്തു പോയി ..ഈ കഥ തീര്‍ക്കാന്‍ സാധിക്കുമോ ? എനിക്ക് തോന്നുന്നില്ല ഓര്‍മ്മകള്‍ ഇങ്ങനെ പുഴപോലെ ഒഴുകി വരുമ്പോള്‍ ...ചിലപ്പോള്‍ കലക്കവൈള്ളം..(എന്റെ കാര്യം പറഞ്ഞതാ ട്ടോ)
    മാതൃസ്നേഹം നമ്മള്‍ക്ക് ഈശ്വരസാനിധ്യം തോന്നിക്കും.തിരികെ കൊടുക്കുമ്പോള്‍ അതിലേറെ സുഖവും...എനിക്ക് ഇപ്പോള്‍ കൊടുക്കാനും വാങ്ങിക്കാനും ഈ പ്രവാസ ജിവിതം അനുവദിക്കാറില്ല.
    സ്നേഹത്തോടെ...
    പൈമ

    ReplyDelete
  31. എന്താ പറയാ... വായനക്കാരനെ പിടിച്ചിരുത്തുന്ന രചനാ വൈഭവമുള്ളയാളാണ്‌ കെട്ടോ ? വെറുതെ ഒന്ന് ഒാടിച്ച്‌ വായിച്ച്‌ നോക്കാനെടുത്തതാ... വായിച്ച്‌ തീര്‍ന്നപ്പോള്‍ നെഞ്ചിലൊരു നീറ്റല്‍ ഒരു പിടപിടപ്പ്‌, എന്നിട്ടൊരു നെടു വീറ്‍പ്പും. രണ്‌ടറ്റം കൂട്ടി മുട്ടിക്കാം പാടുപെടുന്ന യെത്തീം മക്കളുടെ , അഗതികളുടെ വീട്‌ പുണ്യമാസത്തിന്‌റെ പശ്ചാത്തലത്തില്‍ വരച്ച്‌ കാട്ടിയത്‌ വളരെ നന്നായിട്ടുണ്‌ട്‌. വിമര്‍ശിക്കാനുള്ള ഘടകങ്ങള്‍ പരതിയെങ്കിലും പ്രഥമ ദൃഷ്ട്യാ ഒന്നും കണ്‌ടില്ല. നോമ്പുകാരുടെ നൊമ്പരവും, നാട്ടില്‍ പുറത്തെ വീടുകളുടെ കായ്ക്കറികളാന്‍ ശോഷിച്ച പടര്‍പ്പുകളില്‍ നിന്നുള്ള ഇലകളുടെ കൂട്ടാനുമെല്ലാം കുറേ പുറകോട്ട്‌ കൊണ്‌ട്‌ പോയി. അഭിനന്ദനങ്ങള്‍ .

    സമയം കിട്ടുമ്പൊള്‍ എന്‌റെ ബ്ളോഗിലേക്കും വരുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളെ ഞാന്‍ ഫോളോ ചെയ്യുന്നുണ്‌ട്‌

    ReplyDelete
  32. പ്രിയപ്പെട്ട ഫൌസിയ,
    ആദ്യമായാണ്‌, ഇവിടെ !മനസ്സില്‍ ഒരു പാട് നൊമ്പരങ്ങള്‍ ഉണര്‍ത്തി, ഈ പോസ്റ്റ്‌!
    എത്ര മനോഹരമായാണ് ,മനസ്സിലെ വിങ്ങലുകള്‍ പകര്‍ത്തിയത്!
    അഭിനന്ദനങ്ങള്‍ !
    തുടര്‍ന്നും എഴുതണം കേട്ടോ!
    സസ്നേഹം,
    അനു

    ReplyDelete
  33. ഓര്‍മകളിലേക്കുള്ള ഒരു യാത്ര പോയത് പോലെ അനുഭവപ്പെട്ടു.. അത്രയ്ക്ക് മനോഹരം വാക്കുകള്‍..

    ReplyDelete
  34. വല്ലാതെ നൊമ്പരപ്പെടുതിയല്ലോ....

    ReplyDelete
  35. ഇത്രയും കാലത്തെ പരിമിതമായ ബ്ലോഗ്‌ വായനക്കിടയില്‍ മനസ്സിലേക്ക് തീയേറ് നടത്തിയ ഒരു പോസ്റ്റ്‌, ഫൌസി, തുടരുക, ഈ പയ്യാരങ്ങള്‍..

    ReplyDelete