Wednesday, May 16, 2012

ഇലത്തുമ്പത്തെ മഴത്തുള്ളി

ഇലത്തുമ്പിലെ മഴത്തുള്ളിതന്‍ തടങ്കലില്‍
നിസ്സഹായം ബാലസൂര്യന്റെ ശോണം മുഖം.
തപ്തദീപ്തിയില്‍ രഥമെത്തിയില്ലെന്നോ?
സ്തബ്ധം പ്രകൃതി, ദൂരെ വിളര്‍ച്ചന്ദ്രന്റെ പുച്ഛച്ചിരി.
എന്താഭിചാരം! വെറുമിലയും ഒരു തുള്ളി-
വെള്ളവും ചേര്‍ന്ന് പെരും സൂര്യനെ തടഞ്ഞെന്നോ?
ക്ഷയിച്ചൊടുങ്ങും മുന്നേ ചാന്ദ്രരശ്മികള്‍ മന്ത്ര-
മാരണ രഹസ്യങ്ങള്‍ കൈമാറിയിട്ടുണ്ടാമോ?

വെളിച്ചത്തിന്റെ വിരല്‍ പിടിച്ചു മഴത്തുള്ളി
വിചിത്രവര്‍ണ്ണങ്ങളില്‍ സ്തംഭനദുര്‍ഗ്ഗങ്ങളെ
ഉയിര്‍പ്പിക്കുന്നു അതിലാഭിചാരബദ്ധന്‍
വീതവീര്യന്‍ സൂര്യന്‍ ഏകന്‍ നിരാശ്രയന്‍.

വീണ്ടെടുക്കുവാനാര്‌ സൂര്യനെ? ജലത്തിന്റെ
ദുര്‍ഗ്ഗമസുതാര്യമാമാഴനീലത്തില്‍ നിന്ന്‌
ഇലപ്പച്ചതന്‍ വശ്യ ചാരുതകളില്‍ നിന്ന്‌
പ്രണയത്തിന്റെ പ്രാണഹാരകങ്ങളില്‍ നിന്ന്‌.

അഷ്ടദിക്കുകളുടെ ജാലജാലകങ്ങളെ
അറിയുന്നൊരാള്‍, ആഴിയാകാശമാര്‍ഗ്ഗങ്ങളില്‍
പോയ്‌വരാന്‍ കെല്പുള്ളൊരാള്‍
മായാമാന്ത്രികങ്ങളില്‍ നിപുണന്‍
അവന്‍ കടിഞ്ഞാണെഴാകുതിരയില്‍
കുതിക്കുന്നവന്‍, കാറ്റ് രക്ഷിവേഷം കെട്ടുന്നു.

മഴവില്ലിന്റെ ഞാണുമുറുക്കി മുനകൂര്‍ത്ത
അസ്ത്രമായിലയിലേക്കെയ്തുകേറുന്നു കാറ്റ്.

ഇലയുലഞ്ഞു സ്നിഗ്ദ്ധസഖ്യമുടഞ്ഞു മഴത്തുള്ളി
മണ്ണിന്റെ മാറില്‍ വീണു പിടഞ്ഞു, ഹരിതക-
മൊഴിഞ്ഞു ഇലഞരമ്പാഴത്തില്‍ പകയുടെ
മഞ്ഞപ്പല്ലാഴ്തി സൂര്യസ്വാതന്ത്ര്യം, മറവിതന്‍
ഹേമശയ്യയില്‍ ഇലച്ചിതകൂട്ടുവാന്‍ വേനലാരാച്ചാര്‍
ഹേമന്തത്തോടന്ധസന്ധി ചെയ്യുന്നു.
സങ്കടം സഹിയാത്ത നെഞ്ചുമായ് ദൂരെ ശ്യാമ-
ചക്രവാളത്തില്‍ വര്‍ഷം മുഖം പൊത്തിനില്‍ക്കുന്നു.

25 comments:

 1. എന്താഭിചാരം! വെറുമിലയും ഒരു തുള്ളി-
  വെള്ളവും ചേര്‍ന്ന് പെരും സൂര്യനെ തടഞ്ഞെന്നോ?

  കുറെ നേരം ശ്രമിച്ചു. എന്റെ തലയില്‍ ഒന്നും കേറിയില്ല.
  അറിയാവുന്നവര്‍ പുറകെ വരും.
  പിന്നീട് വന്നു നോക്കിക്കോളാം.

  ReplyDelete
 2. എത്ര തന്നെ ശക്തമെങ്കിലും ആദിത്യനെ തടുക്കാന്‍ അവക്കാകുമോ..?
  ഓരോ ജീവനും ഊര്‍ജജം കൊള്ളുന്ന സൂര്യന്‍. അവനില്‍ നിന്ന് തന്നെ ജീവന്‍ അവനു നേരെത്തന്നെ ഓരോ ജീവന്റെ ഉയിര്‍പ്പും...
  ഒരു കണ്ണീര്‍ത്തുള്ളിയും ഒരിലച്ചാര്‍ത്തിനുമേല്‍ പതം പറയേണ്ടതില്ല. അവന് പ്രതീക്ഷയാണ്. ലോകത്തുവെച്ചേറ്റവും വലിയ ഊര്‍ജ്ജ സംഭരണി.നിനക്ക് വേണേല്‍..അവനെ ദൈവമെന്നോ സത്യമെന്നോ വിപ്ലവമെന്നോ ചൊല്ലാം. സൂര്യനിതിലൊന്നും ആക്ഷേപമില്ല തന്നെ. എന്നാലവനെ മറക്കാമെന്നും ഒളിക്കാമെന്നും കരുതുന്ന ഗ്രഹണകാംക്ഷികളെ അതു നടപ്പില്ല. അവന്‍ വെളിപ്പെടുകതന്നെ ചെയ്യും..! പിന്നെ, " ദിക്കറിയാത്തോന്‌ സൂര്യന്‍ എങ്ങുദിച്ചാലെന്ത് " ചോദിക്കാം നമുക്ക്.! ആ സമയവും അവനുമേല്‍ സൂര്യന്‍ ചിരി തൂകി നില്‍പ്പുണ്ടാകും. പ്രതീക്ഷയുടെ വെട്ടം കൊളുത്തുന്ന കവിതക്ക് , പ്രത്യാശയുടെ മഴക്കൊയ്ത്തിനു അഭിനന്ദനം.

  ReplyDelete
 3. കവിത വായിച്ചിട്ട് എനിക്കും ഒന്നും തോന്നുന്നില്ല. കവിത മനസ്സിലാവുന്ന മറ്റൊരാള്‍ പിന്നാലെ വരുന്നുണ്ടാവും :)

  ReplyDelete
 4. ഉച്ചിയിലെരിയും അരുണനെ പോലെ കഠിനം.. പദാവലികള്‍ ...
  ഇലതുമ്പിലെ മഴതുള്ളിയിലോതുങ്ങുന്ന ബാല സൂര്യന്‍ ..
  പിന്നെയാ മഴത്തുള്ളിയെ ദഹിപ്പിച്ചു ചിരിക്കും ....
  ആ അഗ്നി പ്രവാഹം തടയാന്‍ മാത്രം ഏതു സാഗരമുണ്ട് ...
  കവിത മുഴുവനായി വായിച്ചു മനസ്സിലാക്കാന്‍ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കയാണ് ... ആശംസകള്‍..

  ReplyDelete
 5. ഒന്നും മനസ്സിലാകാത്ത നെഞ്ചുമായ് ഞാനിങ്ങനെ നില്ക്കുന്നു...

  ReplyDelete
 6. ഇതിലിപ്പോ എന്താ മനസ്സിലാവാന്‍ ബുദ്ധിമുട്ട്...??

  ഒരു പുലര്‍വേളയില്‍ , മഴത്തുള്ളിയില്‍ സൂര്യനെ കാണുന്ന കവിയത്രി പറയുന്നു സൂര്യന്‍ അതില്‍ കുടുങ്ങി കിടക്കുകയാണ് യെന്ന്....
  അവനെ അതില്‍ നിന്നും രക്ഷിക്കാന്‍ കാറ്റ് എത്തുന്നതും..
  അത് മരചില്ലയെ കുലുക്കി മഴനീര്‍ത്തുള്ളിയെ താഴെ വീഴ്ത്തുന്നു....
  എന്നിട്ടും പകയൊടുങ്ങാതെ, തന്നെ ബന്ധിയാക്കാന്‍ കൂട്ട് നിന്ന ഇലയെ സൂര്യന്‍ വേനല്‍ ചൂടില്‍ കരിച്ചു കളയുന്നു....
  അത് കണ്ടു നിര്‍ന്നിമേഷയായി മഴനീര്‍ത്തുള്ളി അതിന്റെ ആദിമസ്ഥാനമായ കാര്‍മുകില്‍ വാനില്‍ നോക്കി നില്‍ക്കുന്നു....

  ഇതാണ് ഈ വരികളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത്... ഇതിനപ്പുറം മറ്റെന്തെങ്കിലും ഉണ്ടോ എന്നറിയില്ലാ... എന്റെ പരിമിതമായ വായനയില്‍ നിന്നും എനിക്കിത്രയെ പറയാന്‍ ഒക്കൂ....

  സംഗതിയൊക്കെ ഉഷാറായിട്ടുണ്ട് ഫൗസു ചേച്ചി...
  മഴ പോലെ സുന്ദരമായ ഒരു ആശയം തന്നെ....
  പക്ഷെ വല്ലാത്ത ഭാഷാ ദുര്‍വ്യയമായി പോയി എന്നാണു എനിക്ക് പറയാനുള്ളത്.....

  ReplyDelete
 7. സന്ദീപ് പറഞ്ഞു..

  ReplyDelete
 8. മഴത്തുള്ളി എന്നൊക്കെ പേരു കേട്ടപ്പോ ഞാൻ കരുതി ഒരു സിമ്പിൾ കവിത ആണെന്ന്...പ്രക്രതിയിൽ ഇത്രയോക്കെ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ? സൂര്യനെ തടയാൻ മാത്രം ആയോ കാര്യങ്ങൾ...
  എന്തായാലും ഉഗ്രൻ എഴുത്ത് ...നന്നായി ഫോ​‍ൂസു...

  ReplyDelete
 9. എല്ലാവരുടെയും കവിത വായിക്കുമ്പോലെ വായിച്ച് തുടങ്ങിയപ്പോൾ എനിക്ക് തോന്നി ആലപിച്ച് നോക്കുന്നതാണു നല്ലതെന്ന്...
  ഗംഭീരം......

  ഇനി വരുന്നവർ ഒന്നു പാടി നോക്കൂ...

  ഹേമശയ്യയില്‍ ഇലച്ചിതകൂട്ടുവാന്‍ വേനലാരാച്ചാര്‍
  ഹേമന്തത്തോടന്ധസന്ധി ചെയ്യുന്നു.

  നന്നായി

  ReplyDelete
 10. മഴത്തുള്ളിയിലൂടെ കവിത വിവരിച്ചതും കൊള്ളാം

  പുൽനാമ്പിലെ മഴത്തുള്ളി ഏതു സമയവും മണ്ണിൽ പതിക്കും
  പക്ഷെ അതുവരേക്കും , ചക്രവാളത്തിൽ ഉദിച്ച
  സൂര്യന്റെ രഷ്മികൾ ആ മഴത്തുള്ളിയിൽ തട്ടിയുള്ള നിൽക്കുന്നു,
  സ്ഫടികമ്പോലെ തിളങ്ങുന്നതിൽ നിന്നാണ് കവിത തുടങ്ങുന്നത്, പ്രത്യാശയുടെ തിരിനാളം ആ മഞ്ഞു തുള്ളിയിലുണ്ട് പക്ഷെ പിടഞ്ഞു വീഴാൻ നിൽക്കുന്നതിൽ എത്രത്തോളം പ്രതീക്ഷയുണ്ട് എന്നതിലും ഒരു ചോദ്യചിഹ്നം ഈ വരികളിൽ സൂര്യൻ പറയുന്നുണ്ട്, അവിടേകാണ് കാറ്റും വെളിച്ചവും വരുന്നത് . കൊള്ളാം

  സമൂഹത്തിന്റെ ചില മാറ്റങ്ങളെ യുദ്ധം എന്ന വിളിക്കാം ,വരികൾക്കിടയിൽ അവയേയും വായനക്കാരന്ന് വായിച്ചെടുക്കാ അല്ലേ

  വാക്കുകളുടെ ഉഭയോഗം ഒന്ന് ശ്രദ്ധിച്ചാൽ ചിലപ്പോൾ നല്ല വരികൾ ആകും എന്നാണ് എന്റെ എളിയ അറിവിൽ നിന്നുള്ള അഭിപ്രായം

  ReplyDelete
 11. കാര്യങ്ങള്‍ മനസ്സിലാവുന്നു.

  ReplyDelete
 12. സൂര്യനെ തടങ്കലിലാക്കാനും മോചിപ്പിക്കാനും യുദ്ധം.
  ആരുടേയും കൂടെയല്ലാതെ അതെഴുതുന്ന ഒരാളും.
  "തപിച്ചു നീരാവിയായ് മണ്ണീലേക്കുയേരേണ്ട
  തറയില്‍ ഒരു തരി മണ്ണിനു നനവേകാം" എന്നു കരുതിയ ഒ.എന്‍.വി യുടെ മഴത്തുള്ളിയില്‍
  നിന്നും തികച്ചും വ്യത്യാസമുള്ള വേറൊരു തുള്ളി.

  ReplyDelete
 13. അനന്ത സാഗരമിരമ്പിയുയര്‍ന്നു
  അര്‍ക്കന്‍ മറഞ്ഞു മേഘപാളികള്‍ക്കിടയില്‍
  ജലകണങ്ങള്‍ വീണുടഞ്ഞു
  ഇലത്തുമ്പില്‍ തെരുതെരെ..!

  ReplyDelete
 14. നല്ല ബർക്കത്തുള്ള കവിത

  ReplyDelete
 15. "സ്തബ്ധം പ്രകൃതി, ദൂരെ വിളര്‍ച്ചന്ദ്രന്റെ പുച്ഛച്ചിരി.
  എന്താഭിചാരം! വെറുമിലയും ഒരു തുള്ളി-"

  "ആഴിയാകാശമാര്‍ഗ്ഗങ്ങളില്‍
  വനശ്യാമങ്ങളില്‍, മരുവിന്‍ മരീചികാസ്ഥലിയില്‍
  പൂവില്‍പുഴുപോമിടങ്ങളില്‍ പോലും"

  അല്‍പ്പം കട്ടിയാണ്‌ ഫൌസീ ..മനസ്സിലാക്കിയെടുക്കാന്‍.വീണ്ടും കാണാം -ആശംസകള്‍ .

  ReplyDelete
 16. മനസ്സിലാക്കാന്‍ ഇത്തിരി പാട് പെട്ട്

  ReplyDelete
 17. നന്നായിരിക്കുന്നു .വളരെനന്ന്.

  ReplyDelete
 18. സത്യം പറഞ്ഞാല്‍ ഒന്നും മനസ്സിലായില്ല......എങ്കിലും ആശംസകള്‍.........

  ReplyDelete
 19. എന്നെ പോലുള്ള പാവങ്ങളെയും പരിഗണിച്ചാല്‍ നന്ന്. കുറച്ചു കവിത വായിച്ചു കളയാമെന്നു വെച്ചു വന്നപ്പോ സമ്മതിക്കത്തില്ലല്ലോ നിങ്ങളൊന്നും. കുഞ്ഞുണ്ണി മാഷുടെ വല്ല ബ്ലോഗും കിട്ടുമോന്നു നോക്കട്ടെ! അടുത്ത തവണ വരുമ്പോഴേക്കും ഒരു കിടിലന്‍ ലളിത കവിത പ്രതീക്ഷിക്കുന്നു.

  ReplyDelete
 20. നല്ല കവിത. വായിക്കാന്‍ എന്തൊരു സുഖാ.

  ReplyDelete
 21. എനിക്കൊന്നും പിടികിട്ടിയില്ല താത്താ. എന്നാലും വായിച്ചു ,ഒന്നുകൂടി വായിച്ചുനോക്കട്ടെ.മനസ്സിലാവുന്നത് എഴുതിയാ പോരെ.

  ReplyDelete
 22. പ്രിയപ്പെട്ട ഫൌസിയ ...
  ഇതെവിടുന്നാ ഇങ്ങനെയുള്ള വാക്കുകളൊക്കെ സങ്കടിപ്പിക്കുന്നത് ?
  ഒന്നും പിടികിട്ടിയില്ല ...
  നേന പറഞ്ഞപോലെ ഒന്നൂടെ വായിക്കട്ടെ ..

  ReplyDelete
 23. കടിച്ചാല്‍ പൊട്ടാത്ത എള്ളുണ്ടയാണെങ്കിലും ചവച്ചിറക്കുമ്പോള്‍ എന്തു ടേസ്റ്റാല്ലേ..!
  ഒന്നു കടിച്ചുനോക്കി,പൊട്ടിയില്ല..!സന്ദീപിന്റെ സഹായത്തോടെ വീണ്ടും കടിച്ചപ്പോള്‍ പൊട്ടി! നല്ല രുചി..!!
  ഉണ്ടയുണ്ടാക്കുമ്പം, ഇത്ര കടുപ്പത്തിലായാല്‍ എന്നേപ്പോലെ പല്ലില്ലാത്തവര്‍ക്കു ബുദ്ധിമുട്ടാണേ..!!
  ഒത്തിരിയാശംസകളോടെ..പുലരി

  ReplyDelete
 24. പണ്ട് കുന്തീ ദേവിക്ക് കര്‍ണ്ണന്‍ പിറന്നപ്പോള്‍ ചന്ദ്രന്‍ ആണത്രേ കുട്ടിയെ എടുത്ത് ആരും അറിയാതെ ഒഴുക്കി വിട്ട് സുരക്ഷാ ഹസ്തങ്ങളില്‍ എത്തിക്കാന്‍ കുന്തിയെ സഹായിച്ചത് . അന്ന് കുന്തീ ദേവിയുടെ സങ്കടം കണ്ടപ്പോള്‍ ചന്ദ്രന്‍ സൂര്യ ദേവനെ ശപിച്ചു അത്രേ.. ഒരു ദിവസം സൂര്യനെ മറയ്ക്കും എന്ന്.. അങ്ങനെ ആണ് സൂര്യ ഗ്രഹണം ഉണ്ടായത് എന്നാണ് സങ്കല്പം... ഇത് വായിച്ചപ്പോള്‍, ചന്ദ്രന്റെ പകയെ കുറിച്ച് പറഞ്ഞപ്പോള്‍, ഈ കഥയാണ് ഓര്‍മ വന്നത്... സൂര്യനോടുള്ള ചന്ദ്രന്റെ പക...
  വാക്കുകള്‍ കൊണ്ട് അമ്മാനമാടുക എന്ന് കേട്ടിട്ടേ ഉള്ളു.. ഇത് വായിച്ചപ്പോള്‍ ശരിക്കും തോന്നി.. ഒരു പാട് നല്ല മലയാള പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.. വളരെ നന്നായിട്ടുണ്ട് ...

  ReplyDelete
 25. തന്റെ കുഞ്ഞു തുള്ളിയെ തള്ളിയിട്ട് നശിപ്പിച്ചത് കണ്ടു കണ്‍ പൊത്തുന്ന വര്‍ഷത്തിന്റെ ആ നില്‍പ്പ് മനോഹരമായി

  ReplyDelete