Wednesday, November 7, 2012

സൗകര്യങ്ങളുടെ സമാഹാരം

സൗമ്യയെ ഞാന്‍ ഓര്‍ക്കാറില്ല. ഒരുപാട് സൗമ്യമാര്‍ ഉള്ളതുകൊണ്ട് അവളെ മറക്കുക എളുപ്പമാകുന്നു. രാത്രിവണ്ടിയില്‍ നിന്നും മരണത്തിലേക്കെറിയപ്പെട്ട അവളെ ഓര്‍ക്കാതിരിക്കുക എന്നതാണ്‌ സൗകര്യം. ഒരു കവിത എഴുതി അവളെന്ന ബാധയെ ഞാന്‍ എന്നേ പുറത്താക്കി. സൗകര്യങ്ങളുടേ സമാഹാരം മാത്രമായി എന്റെ ജീവിതം മുന്നോട്ട്.
ഗുജറാത്തിലെ ആ ഭ്രാന്തിന് വയസ്സ് പതിനൊന്നായിരിക്കുന്നു. സിമ്രയ്ക്കും വയസ്സുപതിനൊന്നാണ്. എന്തെല്ലാം മറന്നാലാണ് അവള്‍ക്ക് ജീവിക്കാനാകുക? അവള്‍ക്ക് ജീവിക്കാനാകുമോ?
സിമ്രയേയും സൗമ്യയേയും ഭ്രാന്തിന്റെ തീവണ്ടിയാണ് ബന്ധിപ്പിക്കുന്നത്. ഈ സമൂഹത്തിന്റെ റെയിലുകളിലൂടെ ഭ്രാന്തിന്റെ, ഭ്രാന്തുകളുടെ തീവണ്ടികള്‍ ഇന്നും ഓടുന്നുണ്ട്. അതിന്റെയെല്ലാം എഞ്ചിന്‍ മുറിയില്‍ ഇന്നും ആളുണ്ട്. അതോടിച്ചവര്‍ നിര്‍ത്താതെ ചിരിക്കുന്നുണ്ട്.
പുസ്തകം കയ്യിലെടുത്തതിനു വെടിയേറ്റ ഒരുവളുടെ ഇത്തിരി ജീവന്‍ ഏതോ ആശുപത്രിയില്‍ ബാക്കി നില്‍ക്കുന്നുണ്ട്. ഈ രാജ്യം അതിന്റെ ജനങ്ങളെത്തന്നെ തിന്നുന്നതു കണ്ട് സ്വയം ആഹാരം നിഷേധിച്ച ഒരുവളും ബാക്കിയുണ്ട്. അവളുടെ സമരത്തിന്റേ എത്രമത്തെ വര്‍ഷമാണിത്? സമരങ്ങളെല്ലാം വാര്‍ഷികാഘോഷങ്ങളാക്കിയതുകൊണ്ട് ഞാനത് മറന്നുപോയിരിക്കുന്നു.
കത്തിച്ച മെഴുതിരികള്‍ കെട്ടുപോയി. കെട്ടുപോകുവാന്‍ വേണ്ടിമാത്രമായാണ്‌ ഐക്യദാര്‍ഢ്യമെഴുതിരികള്‍ക്ക് ഞാന്‍ തീ കൊടുത്തത്. വെടികൊണ്ടവള്‍ക്കും വിശന്നിരിക്കുന്നവള്‍ക്കും വേദനിക്കുന്നവര്‍ക്കും അങ്ങനെ പലര്‍ക്കും വേണ്ടി എന്റെ വീടിന്റെ സുരക്ഷിയിലുരുന്നു ഞാന്‍ മെഴുതിരികൊളുത്തുന്നു. എത്ര സൗകര്യം. എന്തോ ചെയ്തെന്ന ധാരണയില്‍ ഞാന്‍ സുഖമായുറങ്ങുന്നു.
സൗകര്യങ്ങളുടെ സമാഹാരം മാത്രമായി ജീവിതം മുന്നോട്ട്.

സിമ്ര-ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെടാതെ ബാക്കിയായ ഒരു കുഞ്ഞ്. ഏത് വര്‍ഷത്തെ കലാപം എന്നു ചോദിക്കരുത്. ഏത് കലാപത്തിന്റെ ബാക്കിപത്രത്തിനും സിമ്രയുടെ മുഖമായിര്‍ക്കും.

12 comments:

  1. വേദനിപ്പിക്കുന്ന പോസ്റ്റ്‌.. ഒരുപാട് ദുഃഖ മുഖങ്ങളിലൂടെ കടന്നു പോയി..:( വാക്കുകള്‍ മനോഹരമായി അവതരിപ്പിച്ചു..ഭാവുകങ്ങള്‍..:)

    ReplyDelete
  2. സൌമ്യയും സിമ്രയും മലാലയും ഇറോമും വജ്രസമാനമീ നാമങ്ങള്‍.!

    ReplyDelete
  3. വെടികൊണ്ടവള്‍ക്കും വിശന്നിരിക്കുന്നവള്‍ക്കും വേദനിക്കുന്നവര്‍ക്കും അങ്ങനെ പലര്‍ക്കും വേണ്ടി എന്റെ വീടിന്റെ സുരക്ഷിയിലുരുന്നു ഞാന്‍ മെഴുതിരികൊളുത്തുന്നു. എത്ര സൗകര്യം. എന്തോ ചെയ്തെന്ന ധാരണയില്‍ ഞാന്‍ സുഖമായുറങ്ങുന്നു.
    സൗകര്യങ്ങളുടെ സമാഹാരം മാത്രമായി ജീവിതം മുന്നോട്ട്.

    ഇതെങ്ങനെ മാറ്റാം എന്നാണു ചിന്തയില്‍ എപ്പോഴും. സൌകര്യങ്ങളുടെ സമാഹാരം എന്ന കൊതി മനസ്സില്‍ നിന്നിറങ്ങുന്നില്ലല്ലോ....

    ReplyDelete
  4. മറക്കാന്‍ സൗകര്യമുള്ളതുകൊണ്ട് മാത്രം ജീവിച്ചിരിക്കുന്ന കുറപേര്‍.
    "ജീവിച്ചിരിക്കുന്നവനു വായ്ക്കരിതന്നിട്ട് മരിച്ചവന്‍" എന്ന്‌ എ.അയ്യപ്പന്‍

    ReplyDelete
  5. സൌമ്യയും സിമ്രയും മലാലയും ഇറോമും..... ഇനിയും തളിര്‍ക്കട്ടെ, വളരട്ടെ അഗ്നിയുടെ ചൂടുള്ള രോഷവുമായി സ്ത്രീ ജന്മങ്ങള്

    ReplyDelete
  6. pratheekshirunna oru post
    good one..

    ReplyDelete
  7. ഫൌസൂ,
    കവിത വിട്ട് ഗദ്യം തലയ്ക്കു പിടിച്ചോ!
    രണ്ടിടത്തും ഒരേ അഗ്നി ജ്വലിക്കുന്നു.
    ആശംസകള്‍

    ReplyDelete
  8. ഇരകളോടുള്ള ഐക്യദാര്‍ഡ്യം വരികളെ തീക്ഷ്ണമാക്കുന്നു. ഇവരെ കുറിച്ചോര്‍ത്തു ഉരുകുന്ന ഓരോ മനസ്സുകളിലും ഇതേ തീക്ഷണത ഉണ്ട്

    ReplyDelete
  9. കലാപങ്ങള്‍ക്ക് കണ്ണില്ല മൂക്കില്ല കാതുമില്ല ...പിന്നീട് ആരും ഓര്‍ക്കുകയുമില്ല !
    ലക്ഷ്യങ്ങള്‍ ഒന്ന് മാത്രം നേട്ടങ്ങള്‍ ..ആടിതിമിര്‍ത്ത നഷ്ട്ട സ്വപ്നങ്ങള്‍ക്ക്
    ഒഴുകിപോയ കണ്ണുനീര്‍ ചാലുകള്‍ മാത്രം !

    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  10. ....
    ...ഇവിടെ പരസ്യം പതിക്കുന്നതില്‍ ക്ഷമിക്കുക ..ട്ട്യോ !!
    ..ads by google! :
    ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/
    ഒരു പാവം പുലി ........മ്യാവൂ !!
    FaceBook :
    http://www.facebook.com/asrus
    http://www.facebook.com/asrusworld
    താഴെ പുലികള്‍ മേയുന്ന സ്ഥലം : നിബന്ധമായും വന്നിരിക്കണം !
    http://mablogwriters.blogspot.com/

    ReplyDelete
  11. ആത്മ നിന്ദയില്‍ കൊരുത്ത ഈ കുറിപ്പിനടിയില്‍ എന്റെ കയ്യൊപ്പ്.
    നമ്മളൊക്കെയും പകല്‍ വെളിച്ചത്തില്‍ മെഴുകുതിരി കത്തിക്കുന്നവര്‍

    ReplyDelete
  12. മനസ്സ് തൊട്ട പോസ്റ്റ്‌ .. ആശംസകള്‍..

    ReplyDelete