Monday, February 18, 2013

ഒടുക്കം

"തീരുമാനിച്ചു. നാളെ നാലുമണി. "
വാര്‍ഡനാകാം പറഞ്ഞത്. ഉള്ള്‌ വേറെങ്ങോ ആയിരുന്നതിനാല്‍ നാലുമണി എന്നേ കേട്ടൊള്ളു.
നാളെ? എന്നു ചോദിച്ച് ഉറപ്പിക്കേണ്ടി വന്നു, മരണസമയം.

ഉത്തരം തന്നിട്ട് നടന്ന അയാള്‍ എന്തോ തിരികെ വന്നു. "വല്ലതും വേണോ?"
ആ ചോദ്യം പ്രതീക്ഷിച്ചില്ല. അവസാനം കണ്ടപ്പോള്‍വരെ അയാള്‍ക്ക് വെറുപ്പായിരുന്നു.
അയാളുടെ രാജ്യത്ത് എനിക്ക് സ്ഥാനമില്ല. രാജ്യദ്രോഹിയായ എന്റെ രാജ്യം ഇനി ഏതാണ്‌?
വല്ലതും വേണൊ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ ശരിക്കും ഏത് രാജ്യക്കാരനാണ്‌?
കണ്ണുകള്‍ കണ്ടിരുന്നെങ്കില്‍ അയാളുടെ രാജ്യത്തെയും കാണാമായിരുന്നു. അഴികള്‍ക്ക് വഴിതെറ്റിവന്ന വെറുങ്ങലിച്ച വെളിച്ചം മാത്രം.

ഉറങ്ങിയിട്ട് ഒരുപാടായി. ഇനി അതുകുണ്ടാകില്ല. അവളെ ഇനി കാണില്ല, മോളെയും. മോള്‍ക്ക് അവളുടെ രൂപമായത് എത്ര നന്നായി. ഉപ്പയും ഉമ്മയും നേരത്തേ പോയതും നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു.
കാഴ്ചകള്‍ ഇനി ഇല്ല. ഇല്ലാതകുന്നത് മാത്രമാണല്ലോ ഇനി ഉള്ളതും, ശേഷിക്കുന്നതും.

മരണം ഉറപ്പാക്കിയ ഒരു മനുഷ്യനു ചിരിക്കാനാകുമെന്ന് ഇപ്പോള്‍ തൊന്നുന്നുണ്ട്. അല്ലെങ്കില്‍ ഞാന്‍ കരയാത്തത് എന്താണ്‌?

വേദനിപ്പിക്കാതെ കൊല്ലണം. അത്രമാത്രമേ ഇനി ആവശ്യപ്പെടനുള്ളു. ഇഞ്ചക്ഷന്റെ വേദനപോലും പേടിയായിരുന്നതിനു അവള്‍ കളിയാക്കുമായിരുന്നു.
കൃത്യമായി കുടുക്കിട്ടാല്‍ ഒറ്റ നിമിഷത്തില്‍ പ്രാണന്‍ പോകുമെന്ന്‌ എവിടെയോ വായിച്ചിട്ടുണ്ട്.
എന്റെ ആരാച്ചാര്‍ അയാളുടെ പണിയില്‍ പെരുന്തച്ചനാകണേ എന്നേ ഇനി ആഗ്രഹമൊള്ളു.

നാളെ, അവര്‍ അവസാനത്തെ ആഗ്രഹം ചോദിക്കും. പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെടും.
ഇതുവരേയ്ക്കും പറഞ്ഞതുകളില്‍ ചിലതൊക്കെ നീക്കാനല്ലാതെ, പരമകാരുണികനേ ഇനി ഒന്നും ചേര്‍ക്കാനില്ല.
ഒടുക്കത്തെ ആഗ്രഹം ചോദിച്ചും പ്രാര്‍ഥിക്കുവാന്‍ പറഞ്ഞും ശേഷിക്കുന്ന ഇത്തിരി നേരത്തിന്റെ നീളം കൂട്ടാന്‍ ശ്രമിച്ചതാകും നിങ്ങള്‍ എന്നോട് ചെയ്ത ഏറ്റവും വലിയ ക്രൂരത.

നാളെമുതല്‍, എന്റേത് മരിച്ചവരുടെ രാജ്യമാണ്‌. ജീവിച്ചിരിക്കുന്ന നിങ്ങളുടെ രാജ്യം മരിച്ച എന്റെ രാജ്യത്തോട് ഉറക്കത്തില്‍ ഉത്തരം പറയും. ഉറക്കം മറ്റൊരു മരണമായതുകൊണ്ട് ഉറക്കത്തില്‍ നിങ്ങള്‍ക്ക് കള്ളം പറയാനാകില്ല.
നിശ്ചയിച്ചു കഴിഞ്ഞ മരണത്തിനു ഒരാളെ ഭയപ്പെടുത്താനാകില്ലെന്ന് ഞാനിപ്പോഴറിയുന്നു. നിലയ്ക്കാതെ വരുന്ന ഓര്‍മ്മകളിലാണ്‌ ഞാന്‍ പേടിപ്പിക്കുത്, സങ്കടപ്പെടുന്നത്.

കറുത്ത തുണി എന്റെ മുഖം മൂടുന്നതിനു മുന്‍പ് അവസാനത്തെ ശ്വാസമെടുക്കണം.

എനിക്കറിയാം, എന്റെ ശരീരം നിങ്ങള്‍ അവള്‍ക്ക് കൊടുക്കില്ല. മരിച്ച ഞാന്‍ അവളെ കാണില്ല. ജീവിക്കുന്ന അവള്‍ മരിച്ച എന്നെയും. ജീവനുള്ള ഞങ്ങളേ പരസ്പരം കണ്ടിട്ടുള്ളു. നല്ലത്.
നീണ്ട പന്ത്രണ്ട് വര്‍ഷത്തെ-ജയില്‍ ഭാഷയില്‍ ഒരു ജീവപര്യന്തകാലത്തെ-ജീവിതത്തില്‍ തികച്ചും അഞ്ചു വര്‍ഷം പോലും നമ്മള്‍ കണ്ടിട്ടില്ലല്ലോ എന്ന് എനിക്കിപ്പോഴും ഓര്‍ക്കാനാകുന്നുണ്ട്.
നീ എന്റെ സങ്കടമാണല്ലോ...

ഒടുക്കത്തെ ഊഞ്ഞാലില്‍ ഓര്‍മ്മകള്‍ ഉരിഞ്ഞുപോകട്ടെ.

21 comments:

  1. നാളുകള്‍ക്ക് ശേഷം ഇങ്ങനെ ഒരെണ്ണം.

    ReplyDelete
  2. കൊള്ളാം, നൊമ്പരപ്പെടുത്തി


    നിലയ്ക്കാതെ വരുന്ന ഓര്‍മ്മകളിലാണ്‌ ഞാന്‍ "പേടിപ്പിക്കുന്നത്" ഇവിടെ ഒന്ന് തിരുത്തണേ..

    ReplyDelete
  3. മരണത്തിന്റെ കുരുക്കു വീഴുന്നതിനുമുമ്പുള്ള ഒരു മനുഷ്യന്റെ മനോഗതങ്ങൾ...... അത് ഭംഗിയായി പറഞ്ഞു.

    ReplyDelete
  4. കാഴ്ചകള്‍ ഇനി ഇല്ല. ഇല്ലാതകുന്നത് മാത്രമാണല്ലോ ഇനി ഉള്ളതും, ശേഷിക്കുന്നതും.
    കൂട്ടിനോക്കുമ്പോള്‍ ഒന്നും കൂട്ടിമുട്ടാതെ......

    എന്തേ ഇത്രയും ഗ്യാപ് വരുന്നത്.

    ReplyDelete
  5. വശ്യമായ കഥപറച്ചില്‍. , ഇത്രയും ഇടവേളകളില്ലാതെ എഴുതിക്കൂടെ?

    ReplyDelete
  6. വധശിക്ഷകള്‍ക്ക് ഒരനുബന്ധം

    ReplyDelete

  7. മരിച്ചവരുടെ രാജ്യവും
    ജീവിച്ചിരിക്കുന്നവരുടെ രാജ്യവും
    എന്നു വായിക്കുമ്പോള്‍ പെട്ടെന്നൊരു മിന്നല്‍.
    ഈ ഇത്തിരി ജീവനും കൊണ്ട്
    നമ്മള്‍ കെട്ടിയുണ്ടാക്കുന്ന അതിരുകള്‍,
    ഭരണകൂടങ്ങള്‍, വൈരങ്ങള്‍, രാഷ്ട്രീയം...
    അസംബന്ധത എന്ന ഭാഷയില്‍
    ബുദ്ധിയുള്ള ആരോ എഴുതിയ
    വലിയൊരു തമാശ!

    ReplyDelete
  8. ഒടുക്കത്തെ ഊഞ്ഞാലില്‍
    ഓര്‍മ്മകള്‍ ഉരിഞ്ഞുപോകട്ടെ.

    good one

    ReplyDelete
  9. മരണമെത്തുന്ന നേരത്ത് നീയെന്റെ....

    ReplyDelete
  10. മരണം എന്ന വിധികാത്ത് കിടക്കുന്നവന് ഓരോ നിമിഷവും വിലപ്പെട്ടതും ഭീതിജനകവുമാണ്. കഴുത്തില്‍ കയര്‍ മുറുകുന്നതും ശ്വാസംമുട്ടി മരണത്തെ മുഖാമുഖം കാണുന്നതും അവന്‍ ഓരോ നിമിഷവും അനുഭവിച്ചറിയുകയാണ് . ആ വികാരങ്ങള്‍ വായനക്കാരിലേക്ക് പകര്‍ത്തുന്നതില്‍ കഥാകൃത്ത്‌ വിജയിച്ചിരിക്കുന്നു. ആശംസകള്‍.

    ReplyDelete
  11. രസായിട്ടുണ്ടല്ലോ...

    ReplyDelete
  12. ഒരു പാട് പേര് ശ്രമിച്ച പരാജയപ്പെട്ട ഒരു വിഷയമാണ്. ഇവിടെയും വിജയിച്ചു എന്നു പറയാന് കഴിയില്ല. മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവന്റെ ആത്മ സംഘര്ഷം അത് മരണത്തിന്റെ കുടുക്കില് നിന്ന് രക്ഷപെട്ട ഒരാള് തന്നെ വന്ന് എഴുതണം

    ReplyDelete
  13. "ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍
    പ്രിയതേ നിന്മുഖം മുങ്ങി കിടക്കുവാന്‍
    ഒരു സ്വരം പോലുമിനിയെടുക്കാത്തൊരി
    ചെവികള്‍ നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍
    അറിവും ഓര്‍മ്മയും കുത്തും ശിരസ്സില്‍ നിന്‍
    ഹരിത സ്വച്ഛ സ്മരണകള്‍ പെയ്യുവാന്‍,.." നന്നായിട്ടുണ്ട്.....എവിടെയായിരുന്നു, ഒരു പാട് നാളായല്ലോ കണ്ടിട്ട് .....

    ReplyDelete
  14. കൊള്ളാം മരണം എല്ലാവരിലും എത്തി ച്ചെരുന്നതാണ് അത് എല്ലാവർക്കും അറിയാം. എന്നാൽ മരണശിക്ഷക്ക് വിധിക്കപ്പെട്ടവന്റെ മനോനില അതി ഭയാനകമാണ്..

    ReplyDelete
  15. നിരാശകൾ കൂടുതൽ നിറഞ്ഞ ജീവിതത്തിൽ ഇങ്ങനെ ഒരു കഥ വായിച്ചപ്പോൾ
    വായിക്കെണ്ടായിരുന്നു എന്ന് തോന്നി പൊയി.... ക്ഷമിക്കുക

    എന്നാലും ആശംസകൾ നേരുന്നു..
    സസ്നേഹം

    www.ettavattam.blogspot.com

    ReplyDelete
  16. കാഴ്ചകള്‍ ഇനി ഇല്ല. ഇല്ലാതകുന്നത് മാത്രമാണല്ലോ ഇനി ഉള്ളതും, ശേഷിക്കുന്നതും.
    നന്നായി.ആശംസകള്‍....ഹരി പെരുമണ്ണ

    ReplyDelete
  17. നമ്മുടെ ബ്ലോഗുകള്‍ പരസ്പ്പരം വായിക്കപ്പെടനമെങ്കില്‍ ......പ്ലീസ്‌ ഫോളോവ്

    ReplyDelete
  18. Jeevichirikkunnavarude lokathu ninnum...!

    Manoharam, Ashamsakal...!!!

    ReplyDelete

  19. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം വന്ന കഥ നന്നായിട്ടുണ്ട്...
    തുടക്കം മനോഹരം...

    "തീരുമാനിച്ചു. നാളെ നാലുമണി. "
    വാര്‍ഡനാകാം പറഞ്ഞത്. ഉള്ള്‌ വേറെങ്ങോ ആയിരുന്നതിനാല്‍ നാലുമണി എന്നേ കേട്ടൊള്ളു.
    നാളെ? എന്നു ചോദിച്ച് ഉറപ്പിക്കേണ്ടി വന്നു, മരണസമയം..

    ഈ വരികൾവായിക്കാൻനല്ല സുഖം ഉണ്ട് ...

    ReplyDelete
  20. ആശംസകൾ നേരുന്നു..
    സസ്നേഹം.www.hrdyam.blogspot

    ReplyDelete
  21. (നിശ്ചയിച്ചു കഴിഞ്ഞ മരണത്തിനു ഒരാളെ ഭയപ്പെടുത്താനാകില്ലെന്ന് ഞാനിപ്പോഴറിയുന്നു. നിലയ്ക്കാതെ വരുന്ന ഓര്‍മ്മകളിലാണ്‌ ഞാന്‍ പേടിപ്പിക്കുത്, സങ്കടപ്പെടുന്നത്.)എന്തേ റൈനി പറഞ്ഞിട്ടും തിരുത്തിയില്ല?. ആ വരികളാണ് ഈ ഓര്‍മ്മകളിലെ കാതല്‍.

    ReplyDelete