Thursday, November 18, 2010

ഒരു പച്ചക്കുറിപ്പ്

അവന്റെ കൂടെ താമസിക്കാന്‍ തുടങ്ങിയിട്ട്, അല്ല ഞങ്ങള്‍ ഒന്നിച്ച് താമസം തുടങ്ങിയിട്ട് ഒരാഴ്ച്ച തികഞ്ഞു. ഇത്തരം കാര്യങ്ങളിലാണ്‌ നാട്ടില്‍ നിന്നും പോന്നതില്‍ സന്തോഷം തോന്നുത്. കല്യാണം കഴിയാതെ ഒരാണും പെണ്ണും ഒന്നിച്ച് താമസിച്ചാല്‍ നാട്ടില്‍ എത്ര ഇടങ്ങളില്‍ ഭൂകമ്പമുണ്ടാകും. ഇവിടെ ആരും കുലുങ്ങുന്നേയില്ല. ഭാഗ്യം.

ഒരാണിന്റെ ഉറക്കം ഇത്രയും അടുത്ത് കാണുന്നത് ആദ്യമായാണ്‌. ഒരാളുടെ വിയര്‍പ്പ് ഇത്ര അടുത്ത് മണക്കുന്നതും ആദ്യം. നമുക്കിഷ്ടമുള്ളവരുടേതായാലും വിയര്‍പ്പിന്‌ അത്ര രസമല്ലാത്ത ഒരു മണം തന്നെ. ഒരു പക്ഷേ അവനും ഇങ്ങനൊക്കെത്തന്നാകും. നിലാവത്ത് അഴച്ചുവിട്ട കോഴി എന്ന പ്രയോഗം അവനിപ്പോള്‍ നന്നായി ഇണങ്ങും. ഒന്നിച്ച് താമസിക്കാമെന്ന് തീരുമാനിച്ച ശേഷം ആദ്യമൊക്കെ അവന്‌ വലിയ ആത്മവിശ്വാസമായിരുന്നു. പക്ഷേ ഈ വീട്ടിലേക്ക് കുടിയേറിയ ആദ്യ ദിവസം, കൂട്ടിന്‌ വേറാരുമില്ലാതെ, ഞങ്ങള്‍ മാത്രമായ ആ രാത്രി, അവന്റെ മുഖത്തുകണ്ട വിശേഷണങ്ങളില്ലാത്ത അങ്കലാപ്പുകള്‍ പറഞ്ഞു തന്നു, ശരിക്കും അവന്‍ എന്താണെന്ന്. പകച്ചുനിന്ന ആ മുഖത്ത് ഒരുമ്മ കൊടുത്താലോ എന്ന് തോന്നിയതാണ്‌. കൊടുത്തില്ല. ആ ഒരുമ്മ അവനെ ചിലപ്പോള്‍ തിരിച്ചോടിച്ചേനേ. ഈ ആണുങ്ങളെല്ലാം ഇങ്ങനാണാവോ? അതിരില്ലാത്ത ആത്മവിശ്വാസത്തിന്റെ പുറം മൂടിക്കകത്ത് അങ്കലാപ്പുകളുടെ ഒരു കടല്‍? ആര്‍ക്കറിയാം.

നിമിഷങ്ങള്‍ കൊണ്ട് ഉള്ളവയെ കറിയാക്കി മാറ്റുന്ന, ഉമ്മയ്ക്ക് മാത്രം വശമുള്ള ആ മായാജാലം പഠിക്കാത്തതിന്റെ നഷ്ടം ഇപ്പോഴറിയുന്നു. ഒപ്പം അരി, പച്ചക്കറി, പഞ്ചാര ഇതിന്റൊക്കെ വില അറിഞ്ഞും തുടങ്ങിയിരിക്കുന്നു. അവന് ചായ വയ്ക്കാന്‍ മാത്രം അറിയാം. പെണ്ണാണെന്ന അഹങ്കാരത്തില്‍ അടുക്കള നോക്കാമെന്നേറ്റ് ചോറും കറിയും വച്ച ഒന്നാം ദിവസമാണ്‌ 'അടുക്കള' എന്ന വാക്കിന്റെ അര്‍ഥമറിഞ്ഞത്. വിറകടുപ്പിന്റെ കാലത്തെ പെണ്ണുങ്ങളോട് അപ്പോള്‍ തോന്നിയ ബഹുമാനം മരിക്കുവോളം മായില്ല. തീര്‍ച്ച. അത്താഴമായോ എന്ന അയല്‍പക്കച്ചോദ്യത്തിന്റെ ആഴം ഇപ്പോഴെനിക്കറിയാം. അടുക്കളയെ അറിഞ്ഞു തുടങ്ങുമ്പോല്‍ നമ്മള്‍ പലതും തിരിച്ചറിയുകയാണ്‌.

ഇപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളെ കൂടുതല്‍ പരിചയമായിക്കൊണ്ടിരിക്കുന്നു. ഒരാളുടെ കൂടെ ജീവിക്കുക എന്നു പറഞ്ഞാല്‍, ഓ അതിനെ പറയാന്‍ പറ്റില്ല. അറിയാനേ പറ്റു.
വിട്ടുവീഴ്ച്ചകളുടെ, ആശ്വസിപ്പിക്കലിന്റെ ഉത്സവമാണിപ്പോള്‍. പരസ്പരം നല്ലവരാണെന്ന് ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ രണ്ടാളും തിരക്കു കൂട്ടുന്നത് എനിക്ക് നന്നായി മനസ്സിലാകുന്നു. ഒരു മാസം കൂടി കഴിയട്ടെ. ഇപ്പോഴത്തെ മേല്‍മൂടികള്‍ മാറ്റി ശരിക്കുള്ള ഞങ്ങള്‍ പുറത്തു വരും. അപ്പോഴെങ്ങിനെ ആകുമോ ആവോ? ഒന്നിച്ച് താമസിക്കുക എന്ന് പറച്ചാല്‍ ഇങ്ങനത്തെ അങ്കലാപ്പുകളൊക്കെ ആണല്ലോ? ശരിക്കും ഇതെന്താണെന്ന് പറയാന്‍ ഒരാഴ്ച്ച കൂടി കഴിയേണ്ടി വരും. അപ്പോഴേക്കും അവന്റെ മുഖത്തെ അങ്കലാപ്പുകളും കുറയുമായിരിക്കും. ഓരോ ദിവസവും ഇപ്പോള്‍ പുതുതാണ്‌. രണ്ട് പേര്‍ ഒന്നിച്ച് കഴിയുമ്പോള്‍, തുടക്കത്തിലെങ്കിലും ഇങ്ങനൊക്കെ ആയിരിക്കും. ലോകം ഇനി പഴയതുപോലല്ല. അങ്ങിനെ ആകുകയും ഇല്ല. ദിവസം കഴിയുന്തോറും ഈ കൗതുകം പോകാതിരിക്കട്ടെ.

16 comments:

 1. പരസ്പരം നല്ലവരാണെന്ന് ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ രണ്ടാളും തിരക്കു കൂട്ടുന്നത് എനിക്ക് നന്നായി മനസ്സിലാകുന്നു. ഒരു മാസം കൂടി കഴിയട്ടെ. ഇപ്പൊഴത്തെ മേല്‍മൂടികള്‍ മാറ്റി ശരിക്കുള്ള ഞങ്ങള്‍ പുറത്തു വരും. അപ്പോഴെങ്ങിനെ ആകുമോ ആവോ?

  ഇക്കര നിന്നും നോക്കുമ്പോള്‍ അക്കരപ്പച്ച,, കാണുന്നതെല്ലാം പച്ച ഹാ എന്ത് മനോഹരം ... തോണികയറി ഓളങ്ങള്‍ മറികടന്ന് അക്കര എത്തിയാല്‍ അറിയാം .. അവിടെ ചെളിയും ,ചാണകവും .. കല്ലും ,മണ്ണും നിറഞ്ഞ് വൃത്തികെട്ട സ്ഥലമായിരുന്നു എന്ന് ... ഇതിനേക്കാള്‍ ഭേതം തന്‍റെ കര തന്നെ എന്ന തിരിച്ചറിവ് വരുമ്പോഴേക്കും തോണി ഒഴുക്കില്‍ പെട്ട് നഷ്ടമായിട്ടുണ്ടാവാം ...

  കൂടെ കിടന്നാലെ രാപ്പനി അറിയൂ....

  കഥ കൊള്ളാം

  ReplyDelete
 2. ഫൌസീ.. ശരിക്കും വായിച്ചു ഞാന്‍ ആകെ കന്‍ഫ്യൂഷനിലാണ്.
  കഥയോ അതോ ജീവിതമോ?
  ഏതായാലും അത്ര ഇഴുകി ചേര്‍ന്ന് എഴുതിയിരിക്കുന്നു.
  ഒരു കഥ എന്നാല്‍ ആശയം വായനക്കാരിലേക്ക് എത്തിക്കുക എന്നാണ്.
  സുന്ദരമായി അതിവിടെ സാധിച്ചിരിക്കുന്നു.
  ഒരുമിച്ച് ജീവിക്കുന്നത് പാപമൊന്നുമല്ല. പക്ഷേ അത് മുഖം മൂടി അണിഞ്ഞ് കൊണ്ടാവരുതെന്ന് മാത്രം. കാലം ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായയെ തിരിച്ചറിയിപ്പിക്കുക തന്നെ ചെയ്യും.
  എന്തായാലും നല്ല കഥ. നല്ല എഴുത്ത്. ആശംസകള്‍.
  (കൂടെ, എന്റെ പോസ്റ്റില്‍ വന്നതിന്‍റെ നന്ദി അവിടെ വരവ് വെച്ചിട്ടുണ്ട്. റസീപ്റ്റ് കൊടുത്ത് വിടാം)

  ReplyDelete
 3. "അത്താഴമായോ എന്ന അയല്‍പക്കച്ചോദ്യത്തിന്റെ ആഴം ഇപ്പോഴെനിക്കറിയാം. അടുക്കളയെ അറിഞ്ഞു തുടങ്ങുമ്പോല്‍ നമ്മള്‍ പലതും തിരിച്ചറിയുകയാണ്‌"

  "ലോകം ഇനി പഴയതുപോലല്ല. അങ്ങിനെ ആകുകയും ഇല്ല. ദിവസം കഴിയുന്തോറും ഈ കൗതുകം പോകാതിരിക്കട്ടെ"

  ആണും പെണ്ണും ആയ രണ്ടു സുഹൃത്തുക്കള്‍ തമ്മില്‍ ഒരുമിച്ചു താമസിക്കുക എന്നത് വളരെ വിത്യസ്തമായ ഒരനുഭവമാണ്...
  പറഞ്ഞറിയിക്കാന്‍ പറ്റുമോ എന്നറിയില്ല.. കുറെ ദിവസങ്ങള്‍ കഴിയുമ്പോള്‍ ആ കൌതുകം പോകുമായിരിക്കും...പോകാതിരിക്കട്ടെ....

  ReplyDelete
 4. കഥയാണെങ്കിലും ജീവിതമാനെന്കിലും......... ആശംസകള്‍ നേരുന്നു

  ReplyDelete
 5. നന്ദി കൂട്ടരേ
  ലോഭമില്ലാത്ത ഈ നല്ല വാക്കുകള്‍ക്ക്

  ReplyDelete
 6. ലോകം ഇനി പഴയതുപോലല്ല... കഥ നന്നായിരിക്കുന്നു.. ആശംസകൾ..

  ReplyDelete
 7. എഴുത്ത് നന്നായിരിക്കുന്നു.

  ReplyDelete
 8. 'പരസ്പരം നല്ലവരാണെന്ന് ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ രണ്ടാളും തിരക്കു കൂട്ടുന്നത് എനിക്ക് നന്നായി മനസ്സിലാകുന്നു'

  ഇത് എല്ലാ ബന്ധത്തിന്റേയും തുടക്കത്തില്‍ പ്രകടമാകുന്ന ഒന്ന് തന്നെ. നന്നായി പറഞ്ഞു... ആശംസകള്‍

  ReplyDelete
 9. യാഥാര്‍ത്ഥ്യത്തിന്റെ പകച്ചു പോകുന്ന ഗന്ധം..

  ReplyDelete
 10. കഥയാണെങ്കിലും ജീവിതമാണെങ്കിലും കൊള്ളാം...വിട്ടുവീഴ്ച്ചകളുടെ, ആശ്വസിപ്പികലിന്റെ ഉത്സവമാണിപ്പോള്‍. പരസ്പരം നല്ലവരാണെന്ന് ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ രണ്ടാളും തിരക്കു കൂട്ടുന്നത് എനിക്ക് നന്നായി മനസ്സിലാകുന്നു....എല്ലാം ഒരു തരം അഡ്ജസ്റ്റ്മെന്റായി കൊണ്ടാടുന്ന ഇന്നത്തെ ലോകരെ വളരെ നന്നായി അവതരിപ്പിച്ചതിനു ഫൌസിക്ക് എല്ല്ലാ ഭാവുകങ്ങളും നേരുന്നു..
  (ചില സ്ഥലങ്ങളിൽ അക്ഷരപ്പിശക് വന്നിട്ടുണ്ട്, അത് തിരുത്താൻ ശ്രദ്ധിക്കണം...)

  ReplyDelete
 11. പുറപ്പെട്ടു പോയ ഒരു വാഹനത്തിനു പിറകെ ഓടുന്നത് പോലെ ജീവിതത്തിലെ ചില നിസ്സഹായതകള്‍. ആയാസപ്പെട്ടു ചുമരിലേക്ക് കയറുന്ന ഒരു ഉറുമ്പിനെ കാണുന്നത്ര നിസ്സംഗതയോടെ സ്വന്തം ജീവിതത്തെ കാണാനാവുന്നത് അത്ബുധം തന്നേ..
  ആശംസകള്‍

  ReplyDelete
 12. Labels: കൗതുകം.

  കല്യാണം കഴിയാതെ ഒരാണും പെണ്ണും ഒന്നിച്ച് താമസിച്ചാല്‍ ഭൂകമ്പമുണ്ടാകും. ഇവിടെ ആരും കുലുങ്ങുന്നേയില്ല. ഭാഗ്യം.പക്ഷേ ഈ താമസിക്കുന്ന ആണിനും പെണ്ണിനും പോലും കുലുക്കമുണ്ടെന്നു തോന്നുന്നു.

  സാഹോദര്യത്തെ സാഹോദര്യമായും,സൗഹൃദത്തെ സൗഹൃദമായും,പ്രണയത്തെ പ്രണയമായും ഉള്‍ക്കൊള്ളാനുള്ള വിശാലമായ ഹൃദയമുള്ള ഒരു സാമൂഹിക വ്യവസ്ഥ നമുക്കു സ്വപ്നം കാണാം.

  ഈ ചിന്ത കൊണ്ടുവരാന്‍ ഫൗസുവിന്റെ കൗതുകം ലേബലിലുള്ള പോസ്റ്റിനു കഴിഞ്ഞു.

  ReplyDelete
 13. ഈ ആണുങ്ങളെല്ലാം ഇങ്ങനാണാവോ? അതിരില്ലാത്ത ആത്മവിശ്വാസത്തിന്റെ പുറം മൂടിക്കകത്ത് അങ്കലാപ്പുകളുടെ ഒരു കടല്‍? ആര്‍ക്കറിയാം.
  കഥ കൊള്ളാം

  ReplyDelete
 14. ഈ ആണുങ്ങളെല്ലാം ഇങ്ങനാണാവോ? അതിരില്ലാത്ത ആത്മവിശ്വാസത്തിന്റെ പുറം മൂടിക്കകത്ത് അങ്കലാപ്പുകളുടെ ഒരു കടല്‍?,

  സുന്ദരന്‍ definition ആണിത്, ഇതിലും നന്നായി പറയാന്‍ പറ്റില്ല ഒരു ആണിനെ പറ്റി

  നിങ്ങളുടെ കഥകള്‍ ആണ് ശരിക്കും വിസ്മയം കവിതകളേക്കാള്‍

  ReplyDelete