Saturday, January 8, 2011

സ്വം

ഒരു ഫേസ്ബുക്ക് അക്കൗണ്ടായി ഓര്‍ക്കൂട്ട് പ്രൊഫൈല്‍ ആയി അവനെ കണ്ടുമുട്ടിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം. വ്യത്യസ്ഥ രേഖാംശങ്ങളില്‍ താമസമാക്കിയ രണ്ട് പേര്‍ക്കിടയിലെ പരിചയം പുതുക്കല്‍. പഴയകാലത്തെ അബദ്ധങ്ങള്‍ ഓര്‍ത്തുള്ള പൊട്ടിച്ചിരി. മോളെപ്പറ്റിയുള്ള അന്വേഷണം. അവന്‍ കണ്ടിട്ടേ ഇല്ലാത്ത എന്റെ ആനന്ദനോട് ഒരു ഹായ്. പിന്നെ സുഖമല്ലേ എന്ന പതിവ് ചോദ്യം. കോളേജ് വിട്ടതിനു ശേഷം കണ്ടിട്ടില്ലാത്ത രണ്ടുപേരുടെ തികച്ചും സാധാരണവും ഇത്തിരി ആകസ്മികവുമായ ഇന്റര്‍നെറ്റ് കണ്ടുമുട്ടലില്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. ആനന്ദനോട് ഈ കണ്ടുമുട്ടലിനെ കുറിച്ച് പറഞ്ഞില്ല. അങ്ങനെ പറയത്തക്ക പ്രാധാന്യമൊന്നും തോന്നിയില്ല. എന്നെ കേള്‍ക്കാന്‍ ആനന്ദന്‌ നേരം കിട്ടതാകുന്നതും ഒരു കാരണമാകും.

മോള്‌ പ്ലേ സ്കൂളിലേക്കും ആനന്ദന്‍ ജോലിക്കും പോയിക്കഴിഞ്ഞാല്‍ പിന്നെ തനിച്ചാണ്‌. അങ്ങനത്തെ ഒരു സാധാരണ ദിവസമാണ്‌ അവനെ കണ്ടത്. ഓര്‍ക്കുമ്പോള്‍ രസമാണ്‌. എന്താണ്‌ ഞങ്ങളെ ബന്ധിപ്പിക്കുന്നത്? അടുത്ത കൂട്ടുകാരൊന്നും ആയിരുന്നില്ല. അവനോട് പ്രത്യേകിച്ചൊരിഷ്ടം തോന്നിയിട്ടും ഇല്ല. ഇഷ്ടമാണോ എന്ന് അവന്‍ ചോദിച്ചപ്പോഴും പിന്നെ അതൊക്കെ കവിതകളായി കോളേജില്‍ പരന്നപ്പോഴും ഒരു തമാശമാത്രമായാണ്‌ തോന്നിയത്. അങ്ങനൊന്നും വയ്യ എന്ന് പറഞ്ഞപ്പോഴത്തെ അവന്റെ മറുപടി തെല്ല് അത്ഭുതപ്പെടുത്തിയിരുന്നു എന്നത് നേര്‌. എന്റെ ഭാഗം ഞാന്‍ പറഞ്ഞു. തന്റെ അഭിപ്രായം തനിക്ക് പറയാം. ഇതാ നിനക്ക് എന്നെ പ്രണയിക്കാന്‍ ഒരവസരം തരുന്നു എന്നപോലത്തെ ഭാവം. അഹങ്കാരവും ജാഡയുമൊക്കെ ചെര്‍ന്ന് നമ്മളെ പെട്ടെന്ന് വെറുപ്പിക്കുന്ന ഒന്ന്. ഒന്നാം ക്ലാസ്സ് മുതലേ അവന്‍ ഇങ്ങനായിരുന്നെന്ന് അവന്റെ ഒപ്പം പഠിച്ചിട്ടുള്ള എന്റെ ക്ലാസ്മേറ്റ് പറഞ്ഞു. ഇങ്ങനത്തെ ഒരുത്തനെ എങ്ങനെ ഒരാള്‍ക്കിഷ്ടമാകും എന്നായിരുന്നു സംശയം. പിന്നീട് ഒരിക്കല്‍ കൂടി മാത്രമെ അവന്‍ ആ കാര്യം സംസാരിച്ചിട്ടുള്ളൂ. എന്തൊരഹങ്കാരം എന്നാണ്‌ അന്ന് തോന്നിയത്. ചോദിച്ചാല്‍ ഉടനെ ഇഷ്ടമാണെന്ന് പറയും എന്നാണോ അവന്‍ കരുതുന്നത്. അവന്റെ ക്ലാസ്സ്മേറ്റ്സ് ഇത് കോളേജ് മൊത്തം അറിയിച്ചപ്പോഴും എനിക്കൊരു കുലുക്കവും ഇല്ലായിരുന്നു. പിന്നെ എല്ലാം സാധാരണപോലെ. ഒരേ നാട്ടുകാര്‍ കൂടിയായതിനാല്‍ ബസ്സില്‍ വച്ച് കാണും. സംസാരിക്കും. കഴിഞ്ഞു. അവന്റേത് പരസ്പരം കാര്യമായ ബന്ധങ്ങള്‍ ഇല്ലാത്ത സംസാരമായതുകോണ്ട്  കഴിവതും പെട്ടെന്നൊഴിവാക്കും. എന്നോട് മാത്രേ അവന് ഈ ചഞ്ചലപ്പോള്ളൂ എന്ന് കൂട്ടുകാരി പറഞ്ഞപ്പോഴും അത് മറ്റൊരു തമാശ മാത്രം.

പിന്നീട് എപ്പോഴോ,  ഒരുകാലത്ത് അവനുവേണ്ടി വക്കാലത്തുമായി വന്നിട്ടുള്ള എന്റെ ക്ലാസ്സ്മേറ്റുമായിത്തന്നെ പ്രണയം. അവര്‍ രണ്ടും നല്ല ഫ്രണ്ട്സ് ആണെന്ന് എനിക്കറിയാമായിരുന്നു.  എന്നെക്കുറിച്ച് അവന്‍ നിര്‍ത്താതെ എഴുതുന്നുണ്ടെന്നും അതിലൊന്ന് കോളേജ് മാഗസീനില്‍ ഉണ്ടെന്നും  പറഞ്ഞത് എന്റെ ക്ലാസ്സ്മേറ്റാണ്‌.  കാല്പനീകകാമുകവംശം കുറ്റിയറ്റ് പോകാതെ നോക്കുന്നത് അവനാണെന്നായിരുന്നു ഞങ്ങളുടെ സ്വകാര്യം. വളരെ കുറച്ച് പേര്‍ മാത്രം അറിഞ്ഞ ഒന്നയിരുന്നു ഞങ്ങളുടെ പ്രണയം. അവനോട് ഇത് ഞങ്ങള്‍ ആരും പറഞ്ഞിട്ടേ ഇല്ല. എന്നിട്ടും അവനിത് ഊഹിച്ചിരുന്നു എന്നു തോന്നുന്നു. അറിയില്ല. അവന്‍ ഇത് വരെ അതേപ്പറ്റി പറഞ്ഞിട്ടില്ല. ആളുകളുടെ മാറ്റത്തെ കൃത്യമായി വരച്ചിടാനുള്ള അവന്റെ കഴിവ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്റ കൂട്ടുകാരനെ അവന്‍ കൃത്യമായി വരച്ചിട്ടു. അതുകൊണ്ടാകാം അവനോട് സംസാരിക്കാന്‍ എന്റെ കൂട്ടുകാരന് ചഞ്ചലപ്പായിരുന്നു. അവനാകട്ടെ ഒരു വിഷമവും കാണിക്കാതെ ഞങ്ങളോട് സംസാരിക്കും. ഇതെന്തൊരു പടപ്പെന്ന് എനിക്കന്ന് തോന്നിയിരുന്നു.

പ്രണയം പൊള്ളിക്കുമെന്ന് അവന്‍ കോളേജ് മാഗസീനില്‍ എഴുതിയത് നേരാണെന്ന് മനസ്സിലായത് കോളേജ് കഴിഞ്ഞ ഉടനെ കല്യാണാലോചനകള്‍ വന്നപ്പോഴാണ്‌. ഇനിയും പഠിക്കണം എന്ന എന്റെ ശാഠ്യത്തിന്‌, അതിനെന്താ ഞങ്ങള്‍ പഠിപ്പിച്ചോളാമെന്ന  ആനന്ദന്റെ വീട്ടുകാരുടെ മറുപടിയില്‍ നിലനില്പില്ലാതായി. കല്യാണമടുത്തപ്പോഴെക്കും വിഷമങ്ങള്‍ കുറഞ്ഞു. പുതിയ ജീവിതത്തെക്കുറിച്ചുള്ള ആശങ്കകളായി. കോളെജ് പ്രണയങ്ങളുടെ സാധാരണ പരിണാമം എന്റേതിനും.
കല്യണം പെട്ടെന്ന് കഴിഞ്ഞു.
നാട് വിട്ടു.
മോള്‍ക്ക് ഒരു വയസ്സായപ്പോള്‍ ഇന്ത്യയും.

ശാന്തമായൊഴുകുന്ന നദി പോലെ, ജീവിതം പതിവ് വഴികളിലൂടെ എന്നും ഒരേ കടലിലേക്ക്. ആനന്ദന്‌ ജോലിത്തിരക്ക് കൂടിവരുന്നു. പുതിയ നാടിനോടുള്ള കൗതുകവും കഴിഞ്ഞു. "അടുക്കളയിലെ തേഞ്ഞ് തീരുന്ന ഉപകരണമാണ്‌ ഞാന്‍" എന്നോ പഠിച്ച കവിത കുറച്ച് കാലമായി കാരണമേതുമില്ലാതെ തേട്ടിവരുന്നു. You learned a lot my Chef. ആനന്ദന്റെ അപൂര്‍വ്വം അഭിനന്ദനങ്ങളില്‍ ഒരുപകരണം മാത്രമായിപ്പോയിട്ടില്ല എന്നു ഞാന്‍ ആശ്വസിക്കുന്നു. ഈ മടുപ്പാണ്‌ ഇന്റര്‍നെറ്റിലേക്കെത്തിച്ചത്.

പഴയ കൂട്ടുകരില്‍ നിന്നും വല്ലപ്പോഴും കിട്ടുന്ന നാട്ടുവിശേഷങ്ങള്‍. അവരോട് സംസാരിക്ക്മ്പോള്‍ ഞാന്‍ നാട്ടിലെത്തുകയായിരുന്നെന്ന് അവര്‍ക്കറിയില്ലായിരിക്കാം. കഴിഞ്ഞ ഒരു മാസമായി എന്നെ എന്റെ വീട്ടിലേക്കുള്ള വഴിയിലെത്തിക്കുന്നത് അവനാണ്‌. അവനും നാട്ടിലല്ല. പക്ഷേ ഇത്രയും ദൂരത്തും അല്ല. പണ്ടത്തേ പോലെ പരസ്പരബന്ധമില്ലാതെ പറഞ്ഞും സംഭാഷണത്തിന്‌ തുടക്കമിടാന്‍ മടിച്ചും അവനിന്നും അത്ഭുതപ്പെടുത്തുന്നു. അവന്‍ ശിവരാത്രി ഉത്സവത്തെകുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും അമ്പരന്നു. ഈശ്വരന്‍ ഇല്ലാത്ത അവന്‌ എന്തമ്പലം. എന്ത് ശിവരാത്രി. പിന്നെന്ത് ഉത്സവം. ചൊടിപ്പിക്കാന്‍ വേണ്ടി ചോദിച്ചതാണ്‌. ഉത്സവങ്ങളൂം അമ്പലങ്ങളും മനുഷ്യര്‍ക്ക് വേണ്ടിയാണെന്നും അവന്‍ അമ്പലത്തില്‍ പോകുന്നത് ആളുകളെ(പെണ്ണുങ്ങളെ) കാണാനാണെന്നും പറഞ്ഞപ്പോള്‍ പുതുമ ഒന്നും തോന്നിയില്ല. പക്ഷേ എന്റെ അമ്പലവും ഉത്സവവും ഓര്‍മ്മയിലേക്ക് കുതിച്ച് വന്നു. വീട്ടിലേക്കുള്ള വഴിക്കാണ്‌ അവന്‍ എന്നും നടത്തുന്നത്. വീട്ടിലേക്കുള്ള വഴിക്ക് അതിന്റേത് മാത്രമായ തണുപ്പുണ്ട്, ചൂടും.

സാമ്പാറിന്റെ തിയറി അവനറിയാം, പക്ഷേ പ്രാക്ടിക്കല്‍ ചെയ്തിട്ടില്ലത്രെ. എനിക്ക് തമാശയായി തോന്നി. അവന്റെ തിയറി അനുസരിച്ച് ഞാന്‍ സാമ്പാര്‍ വച്ചു. ഇന്നെന്താ സാമ്പാറിനു രുചിമാറ്റം എന്ന ആനന്ദന്റെ ചോദ്യത്തെ കുറിച്ച് പിറ്റേന്ന് അവനോട് പറഞ്ഞില്ല.

മൂന്നു വര്‍ഷത്തെ കോളേജ് കാലത്തേക്കാള്‍ കൂടുതല്‍ ഞങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നു. നാട്ടിലുള്ള മാമനെ കുറിച്ച് മോളൊട് പറഞ്ഞു. അവന്റെ പേര് അവള്‍ക്കറിയില്ല. മാമനോടാണോ അമ്മേ ചാറ്റുന്നത് എന്ന് അവള്‍ ചോദിച്ചു തുടങ്ങി. അങ്കിള്‍ എന്ന് നാവ് ശീലിച്ച അവള്‍ക്ക് മാമന്‍ എന്നത് ഒരു പേരു തന്നാണ്‌. ഇംഗ്ലീഷേറെ വരുന്ന എന്റെ ഇപ്പോഴത്തെ മലയാളത്തെ അവന്‍ കളിയാക്കിയപ്പോഴാണ്‌ എനിക്കുമത് ബോധ്യമായത്. മോളോടും കൂടുതല്‍ ഇംഗ്ലീഷാണ്‌ പറയുന്നത്‌. അവള്‍ ഇവിടെ വളരേണ്ടതല്ലെ. മലയാളം ആരോട് പറയാന്‍. ബന്ധങ്ങള്‍ വേറുമൊരു പേരായി മാറുന്നു. എല്ലാ ബന്ധങ്ങള്‍ക്കും പേരിടാനാകാതെ പോകുന്നു.

കൂടുതല്‍ ഇംഗ്ലീഷും കുറച്ച് മലയാളവും കലര്‍ന്ന ഭാഷയില്‍ മോളും അവനോട് ചാറ്റ്ചെയ്തിട്ടുണ്ട്. പ്രൊഫൈല്‍ പേര്‌ അവന്‍ മലയാളത്തില്‍ എഴുതിയത് ഭാഗ്യം. അവള്‍ക്ക് മാമന്‍ എന്നല്ലാതെ അവന്റെ പേര്‌ അറിയില്ല. ഒരു മാമനെ കുറിച്ച് അവള്‍ ആനന്ദനൊട് പറഞ്ഞിരുന്നു. ഓ, പഴയൊരു കോളേജ്മേറ്റ് ഇടക്ക് ഓണ്‍ലൈന്‍ വന്നതാണ്‌ എന്ന മറുപടിയില്‍ ആനന്ദന്റെ അന്വേഷണം അവസാനിച്ചു. എന്നെ അന്വേഷിക്കാന്‍ എന്റെ ആനന്ദന്‌ ഇപ്പോള്‍ നേരം കുറവാണ്‌.

ഒരാഴ്ചക്ക് ശേഷം ഇന്നലെ കണ്ടപ്പോള്‍ നാടിനെ കുറിച്ച് അവനൊത്തിരി പറഞ്ഞു. അവനെന്റെ വീടിന്നടുത്ത് പോയിരുന്നത്രേ. വീടിനടുത്തുള്ള ഷാപ്പില്‍ വന്ന് അവന്‍ കള്ളുകുടിച്ചത്രേ. ബിയറോ ജിന്നോ ഏതിനാണ്‌ കള്ളിനോട് സാമ്യം. എനിക്കിതൊക്കെയേ പരിചയമുള്ളൂ എന്നറിയിച്ചപ്പോ അവന്‌ അതിശയം. അവന്റെ ഓര്‍മ്മകളില്‍ ഞാന്‍ ഇപ്പോഴും പഴയ കോളേജ് കുട്ടിയാണോ? രുചിക്കാത്ത മദ്യം ഇപ്പോള്‍ കുറവാണെന്ന് പറഞ്ഞില്ല. പാവത്തിനെ വെറുതെ വിഷമിപ്പിക്കേണ്ടല്ലോ? എനിക്ക് പെട്ടെന്ന് സങ്കടം വന്നു. ഞാന്‍ ആ ഷാപ്പില്‍ ഇതുവരെ പോയിട്ടില്ല. എന്റെ പ്രായത്തിലെ ഒരു പെണ്‍കുട്ടിയും പോയിട്ടില്ല. ഒരു ഷാപ്പിന്റെ അകം എങ്ങിനിരിക്കും? എനിക്കറിയില്ല. എന്റെ സങ്കടം കേട്ട് അവന്‍ ഉറക്കെ ചിരിച്ചു. മോളല്ലാതൊരാള്‍ ഉറക്കെ ചിരിക്കുന്നത് കണ്ടിട്ട് ഒത്തിരി നാളായെന്ന് പെട്ടെന്നോര്‍മ്മവന്നു. സ്വന്തം വീടിനടുത്തുള്ള ഷാപ്പില്‍ പോകാന്‍ ഇപ്പോഴും ധൈര്യമില്ലല്ലോ നിനക്കെന്ന് പറഞ്ഞ് ഞാന്‍ കളിയാക്കി. അവന്‍ സമ്മതിച്ച് തന്നു.
പെട്ടന്നവന്‍ വീടിനെക്കുറിച്ച് പറഞ്ഞു.
അവന്റെ വീടിനെ കുറിച്ച്. എന്റെ വീടിനെകുറിച്ച്.
എനിക്ക് വീണ്ടും സങ്കടം വന്നു.
അവനെന്നോട് ഉമ്മവേണം എന്നു പറഞ്ഞു.
ഞാന്‍ മോണിറ്ററില്‍ ചുണ്ടു ചേര്‍ത്തു.
അവന്റെ കണ്ണൂകള്‍ നിറഞ്ഞിരിക്കുന്നു.
മോളപ്പോള്‍ വന്നത് നന്നായി. അവന്‌ മോളൊരു കിസ്സ് എറിഞ്ഞു കൊടുത്തു. ഞാന്‍ അടുക്കളയിലേക്ക് പോയി. മോള്‍ അവനോട് എന്തൊക്കെയോ പറയുന്നുണ്ട്. നാളുക്കള്‍ക്ക് ശേഷം ആ രാത്രി ഞാന്‍ ആനന്ദനെ തൊട്ടു.
പിറ്റേന്ന് അവന് മെയില്‍ ചെയ്തു. ഇനി നമ്മള്‍ ചാറ്റ് ചെയ്യുന്നില്ല. അവസാനമായൊരിക്കള്‍ കൂടി സ്വന്തം എന്ന വാക്കിന്‌ കീഴില്‍ എന്റെ പേരെഴുതി, അല്ല ടൈപ്പ് ചെയ്തു. മറുപടി അയക്കരുതെന്നത് അവന്‍ അനുസരിച്ചു. മോള്‍ ഇടക്കെപ്പോഴോ മാമന്‍ എന്ന അവളുടെ ഫ്രണ്ടിനെ ചോദിച്ചിരുന്നു.പിന്നെ മറന്നു. ഞാന്‍ ഇപ്പോള്‍ നാട്ടുകാരോട് ചാറ്റ് ചെയ്യാറില്ല.
പക്ഷേ, വല്ലാതെ തനിച്ചാകുമ്പോള്‍, കണ്ണു നിറയുമ്പോള്‍ ഞാനിന്നും മോണിറ്ററില്‍ ചുണ്ട് ചേര്‍ക്കാറുണ്ട്. എല്ലാറ്റിനും പേരിടാന്‍ എനിക്കറിയില്ല.

56 comments:

  1. ആഹാ,,, നല്ല കഥ ... (ലേബല്‍ കണ്ടില്ല കഥ എന്നു ഞാന്‍ വിശ്വസിക്കുന്നു ‌)
    :ബന്ധങ്ങള്‍ വേറുമൊരു പേരായി മാറുന്നു.
    എല്ലാ ബന്ധങ്ങള്‍ക്കും പേരിടാനാകാതെ പോകുന്നു.


    അതെ ഒരു പേരില്‍ മാത്രം ഒതുങ്ങുന്ന ബന്ധങ്ങളാണ് പുതിയ തലമുറക്ക് .. നാട്ടുവഴികളും നാട്ടാചാരവും അവര്‍ക്ക് അന്യം ... പുതുമ തേടുന്ന മന്‍ഷ്യര്‍ പഴമയെ മറക്കുന്നു അല്ലങ്കില്‍ മറന്നതായി ഭാവിക്കുന്നു...

    കഥ മനോഹരമായി പറഞ്ഞു
    ഇവിടെ വഴി തെറ്റി എത്തിയാതെണെങ്കിലും നഷ്ടമില്ലാതെ മടങ്ങാന്‍ പറ്റി..

    ആശംസകള്‍ ,,,അഭിനന്ദനങ്ങള്‍ :)

    ReplyDelete
  2. ബന്ധങ്ങള്‍ ചിലപ്പോള്‍ ബന്ധനങ്ങളും ചിലപ്പോള്‍ കടപ്പാടുകളും ആയി മാറാറുണ്ട്..എഴുത്തിന്‍റെ ശൈലി നന്നായി , ഋതു വഴിയാണ് ഇവിടെ എത്തിയത് , ജാലകം പോലുള്ള അഗ്രിഗേറ്ററില്‍ ബ്ലോഗ്‌ ചേര്‍ക്കണം പിന്നെ ,ഡിസൈന്‍ ഓപ്ഷനില്‍ പോയി ബ്ലോഗിന്റെ കേട്ടും മട്ടുമൊക്കെ ഒന്ന് മാറ്റണം ...ഇത് പഴയ ഗഡജസ്റ്റ് ആണ് ,
    എല്ലാവിധ ആശംസകളും ..
    എന്റെ ബ്ലോഗു സമയം കിട്ടുമ്പോള്‍ സന്ദര്‍ശിക്കുക ..
    http://www.maalappadakkamm.co.cc
    http://enteveetham.blogspot.com

    ReplyDelete
  3. രണ്ടിക്കമാര്‍ക്കും
    ഒത്തിരി നന്ദി.
    പച്ച എന്റെ പ്രിയപ്പെട്ട നിറങ്ങളില്‍ ഒന്നാണ്‌.
    അതാണ്‌ ഇങ്ങനിട്ടത്.
    കൂടുതല്‍ technical കാര്യങ്ങള്‍ അറിയാത്തതും കാരണമാണ്‌.

    ReplyDelete
  4. മനോഹരമായി എഴുതി ....കളര്‍ കുഴപ്പമില്ല ....ബെസ്റ്റ്‌ ഓഫ് ലക്ക് ..

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. Show word verification for comments എന്നുള്ള സ്ഥലത്ത് ആണേ ..നോ കൊടുക്കുക ...

    ReplyDelete
  7. നന്നായി എഴുതി. എല്ലാ ബന്ധങ്ങളെയും ഓരോ കള്ളിയില്‍ കൊള്ളിക്കാന്‍ കഴിയില്ല. അതിനു ശ്രമിക്കരുത്. എല്ലാം എല്ലാത്തിന്റെയും മിശ്രണം ആണ് . ഏതു ഡോമിനെറ്റ് ചെയ്യുന്നു ആ പേര് കൂട്ടി വിളിക്കാം. സൌഹൃദം എന്നോ പ്രണയം എന്നോ

    ReplyDelete
  8. "വല്ലാതെ തനിച്ചാകുമ്പോള്‍, കണ്ണു നിറയുമ്പോള്‍ ഞാനിന്നും മോണിറ്ററില്‍ ചുണ്ട് ചേര്‍ക്കാറുണ്ട്.
    എല്ലാറ്റിനും പേരിടാന്‍ എനിക്കറിയില്ല."

    ലളിതസുന്ദരമായ ഭാഷയില്‍ വരച്ചിട്ടിരിക്കുന്ന ഹൃദയത്തിന്റെ മന്ത്രണം ഈ വരികളില്‍ മുഴങ്ങുന്നു..
    ഒരു തുടക്കക്കാരിയുടേതല്ല ഈ വരികളെന്നു നിശ്ചയം..
    മടുപ്പിക്കുന്ന ഏകാന്തത ചിതല്പുറ്റുപോലെ ചുറ്റും വളരുമ്പോള്‍
    അടയിരിക്കുന്ന മനസ്സിന്റെ ജല്പനങ്ങള്‍ക്ക് ഇങ്ങനേയും വ്യാഖ്യാനങ്ങള്‍ ചമക്കാം..

    വായിക്കപ്പെടേണ്ട എഴുത്തെന്നു ഉറപ്പിച്ചു പറയാം...
    എഴുത്ത് തുടരട്ടെ.....കാരണം
    താങ്കളെ ഒരു പാട് ഇനിയും വായിക്കേണ്ടതുണ്ട് ബൂലോകം..


    (ഫൈസൂ മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍ ഇട്ട ലിങ്കിലൂടെ ഇവിടെ എത്തി...
    ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നു...
    സാങ്കേതിക സഹായത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും സഹ ബ്ലോഗ്ഗര്‍മാരുമായുള്ള സഹവര്‍ത്തിത്തത്തിനും
    അത് താങ്കള്‍ക്ക് സഹായകരമാവും തീര്‍ച്ച!)

    ReplyDelete
  9. നഷ്ട പ്രണയവും വിരഹവും എഴുത്തിന്റെ ആദ്യ ഇരകള്‍ ആവുന്നത് സ്വാഭാവികം.
    കാഴ്ചകള്‍ക്ക് നേരെ കണ്‍ തുറന്നിരിക്കുക
    ഭാവുകങ്ങള്‍

    ReplyDelete
  10. ഒരു തുടക്കക്കാരിയുടെ എഴുത്തെന്നു കരുതാല്‍ പ്രയാസമുണ്ട്. വെറുതെ പറഞ്ഞുപോകുന്നതിനേക്കാള്‍ മനസ്സിന്റെ ഉള്ളിലേക്ക് കുത്തിക്കയറ്റുന്ന വരികള്‍ കണ്ടെത്താനായി. ചില കാഴ്ചകള്‍ക്ക് പുതുമ തോന്നിയിരുന്നു.
    ആശംസകള്‍.

    ReplyDelete
  11. ഇങ്ങോട്ട് വഴി കാട്ടിയത് faizoo വാണ് ഫേസ് ബുക്ക്‌ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്‌ വഴി

    മികച്ച രചന, മനോഹരമായ വരികള്‍,
    നൌഷാദ് അകംപാടം പറഞ്ഞ കമെന്റില്‍ എന്റെ ഒരു കയ്യോപ്പുകൂടി.
    എല്ലാ ആശംസകളും,
    പിന്നെ ബ്ലോഗിലെ സാങ്കേതിക വിവരങ്ങള്‍ക്ക് അപ്പു വെട്ടന്റെ
    ആദ്യാക്ഷരി എന്ന ബ്ലോഗ്‌ സന്ദര്‍ശിക്കുക
    ഇതാണ് ലിങ്ക് http://bloghelpline.cyberjalakam.com/

    ReplyDelete
  12. ഇങ്ങോട്ട് വഴി കാണിച്ചു തന്നത് ഇസ്മയില്‍ ചെമ്മാട് ആണ്.
    ഇതൊരു നല്ല വഴിയായിരുന്നു.
    ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായി കഥ..
    എല്ലാം ഭാവനയില്‍ കണ്ടൊരു വായന സമ്മാനിച്ചു.
    നല്ല നമസ്കാരം.

    ReplyDelete
  13. ഇത്തിരിപ്പോന്ന
    ഈ കുത്തിക്കുറിക്കലിന്‌ ഇത്രേം നല്ല വാക്കുകള്‍
    തന്ന എല്ലാവര്‍ക്കും.
    ഒത്തിരി നന്ദി.
    അതും കണ്ടിട്ടേ ഇല്ലാത്ത ഇക്കമാരുടേതായി
    ഓര്‍ക്കാതെ കിട്ടാതെ ഈ അഭിനന്ദനങ്ങള്‍
    ഒത്തിരി സന്തോഷിപ്പിക്കുന്നുണ്ട്.

    ReplyDelete
  14. ഫേസ്‌ബുക്കില്‍ ഫൈസു കൊടുത്ത ലിങ്കില്‍ കൂടിയാണ് ഇവിടെ എത്തിയത് .

    വന്നത് നഷ്ടമായില്ല . നന്നായി എഴുതി .

    അഭിനന്ദനങ്ങള്‍

    ReplyDelete
  15. നമ്മുടെ ഗ്രൂപ്പില്‍ ... ഫൈസൂ ഇട്ട ലിങ്ക കണ്ടത് കൊണ്ട് ഇങ്ങനെയുള്ള ഒരാളെ കൂടെ കിട്ടി..നന്നായി എഴുതി തുടര്‍ന്നും പ്രതീക്ഷിക്കുന്നു..

    ReplyDelete
  16. ഇഷ്ടമായി,അഭിനന്ദനങ്ങള്‍ ...

    ReplyDelete
  17. വളരെ കുറഞ്ഞ സമയത്തെ വായനയില്‍ ഒരു ജീവിതത്തെ വരക്കാന്‍ ഈ എഴുത്താണിക്ക് സാധിച്ചുവെന്നതില്‍ താങ്കള്‍ക്ക് സന്തോഷിക്കാം. കൗമാരവും അതിലെ പ്രണയത്തോടുള്ള സമീപനവും. ശേഷം, കുടുംബ ജീവിതത്തിന്‍റെ ഊഷ്മളതയെ അനുഭവിക്കാന്‍ കൊതിക്കുമ്പോഴും ലഭിക്കാതെ പോകുന്നതിലുള്ള നിരാശയെയും. ഒരു ചില്ല് വ്യാസത്തിന്നപ്പുറത്തെ പുറം കാഴ്കളില്‍ കേവല യാന്ത്രികതയില്‍ ജീവിക്കുന്ന വ്യവഹാര സമൂഹത്തെയും, ഒട്ടും ആഗ്രഹിക്കാതെ തന്നെ ഇടക്കൊക്കെയും അവരിലോരാളാകേണ്ടി വന്നതിലുള്ള കുറ്റബോധത്തെയും, ഇടവേളകളില്‍, ഇന്നലകളിലേക്ക് അതിന്‍റെ സമ്പന്നതയിലേക്ക് വഴി നടത്തുന്ന കൂട്ടുകാരയെയും.. ഈ വിരസമാം ദിനങ്ങളില്‍ നേരത്തെ തെറ്റിദ്ധാരണയാല്‍ നിരസിച്ച പ്രണയത്തെ ഇന്നാഗ്രഹിക്കുമ്പോഴും അരുതെന്ന് വിലക്കുന്ന ഒരു ഭാര്യയുടെ ബോധത്തിന്‍റെ തീര്‍പ്പും ഇതില്‍ വായിക്കാനാകുന്നു. ഒരു വലിയ അളവിലുള്ള മാനസിക വ്യവഹാരങ്ങളുടെ സങ്കീര്‍ണ്ണതയിലൂടെയുള്ള ഒരു യാത്ര തന്നെയാണ് ഈ പ്രച്ഛന്ന വേഷക്കാരിയുടെ വര്‍ത്തമാനങ്ങള്‍...!! മനോഹരമായിരിക്കുന്നു ഈ അക്ഷരക്കൂട്ടം. അഭിനന്ദങ്ങള്‍..!

    'മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്' വഴി ഫൈസു കാണിച്ചു തന്നതാണു എനിക്കിവിടം. ഇടക്കൊക്കെയും ഇത് വഴി ഞാനും വരാം.. തുടരുക ഈ അക്ഷര പ്രയാണം..!! ഭാവുകങ്ങള്‍...!!!]

    ReplyDelete
  18. എനിക്ക് ഒരുപാട് ഇഷ്ടമായി...
    എന്താണെന്നറിയില്ല ഈ വരി പ്രത്യേകിച്ചും -- "വീട്ടിലേക്കുള്ള വഴിക്ക് അതിന്റേത് മാത്രമായ തണുപ്പുണ്ട്, ചൂടും." --
    നല്ല എഴുത്ത്....തുടരുക... :)

    ReplyDelete
  19. enikku follow cheyyan pattunnilla... getting some errors.. :(

    ReplyDelete
  20. കഥ നന്നായിട്ടെഴുതി, ഇഷ്ടമായി.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  21. സ്നേഹത്തിനും പ്രോത്സാഹനങ്ങള്‍ക്കും ഒത്തിരി നന്ദി.
    ഈ കുറിപ്പുകള്‍ എനിക്കറിയാത്ത് ബ്ലോഗ് കൂട്ടത്തില്‍
    കൊടുത്തതിന്‌ ഫൈസൂക്കാക്ക് പ്രത്യേകം നന്ദി.

    ReplyDelete
  22. നല്ല മനോഹരമായ എഴുത്ത്.. ഈയിടെ വായിച്ച മനോഹരമായ ഒരെണ്ണം.. വിശദവായനക്ക് ഇനിയും വരാം.

    ReplyDelete
  23. മനോഹരമായി എഴുതി.ആശംസകള്‍,,

    ReplyDelete
  24. വായിപ്പിക്കുന്ന എഴുത്ത്.
    വാക്കിനുമേല്‍ നല്ല നിയന്ത്രണം.
    സൈബര്‍ കാലത്തെ ജീവിതം ഇങ്ങനെയൊക്കെ.
    ഏകാന്തത തന്നെ തലങ്ങൂം വിലങ്ങും.
    അത് മുറിച്ചുകടക്കുന്നതിനിടെ
    ഉലഞ്ഞുലഞ്ഞ് ഇങ്ങനെ ജീവിതം.
    ഏറെ എഴുതാനാവട്ടെ.

    ReplyDelete
  25. കാല്പനീകകാമുകവംശം കുറ്റിയറ്റ് പോകാതെ നോക്കുന്നത് അവനാണെന്നായിരുന്നു ഞങ്ങളുടെ സ്വകാര്യം. സുഖശീതളമായ ഒരു അയവിറക്കൽ!ഗതകാല വിസ്മയങ്ങളുടെ പതിഞ്ഞ പായൽ മായിച്ചു കളയരുതേ` ഇതു ജീവിതത്തിന്റെ അനർഘ നിമിഷങ്ങളുടെ ഉറങ്ങുന്ന ചരിത്രമാണു.. നന്നായി എഴുതിയിരിക്കുന്നു ആശംസകൾ!.

    ReplyDelete
  26. ഗംഭീരം.
    മനസിനെ തൊട്ടു. രണ്ടാമത്തെ വായനയും നഷ്ടമായില്ല.
    പ്രണയവും, നഷ്ടങ്ങളും എന്നും എല്ലാര്‍ക്കും ഇഷ്ട വിഷയങ്ങളാണ്. അത് മനോഹരമായി അവതരിപ്പിക്കുമ്പോള്‍ അതിലേറെ ഭംഗി ഉള്ളതാവും.
    നല്ല കഥ, നന്നായി പറയാനുള്ള കഴിവുമുണ്ട്.
    ഇനിയും ഇത്തരം നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.
    എനിക്ക് ഒത്തിരി ഇഷ്ടായീട്ടോ.
    (വല്ലാതെ തനിച്ചാകുമ്പോള്‍, കണ്ണു നിറയുമ്പോള്‍ ഞാനിന്നും മോണിറ്ററില്‍ ചുണ്ട് ചേര്‍ക്കാറുണ്ട്.
    എല്ലാറ്റിനും പേരിടാന്‍ എനിക്കറിയില്ല.
    വല്ലാതെ തനിച്ചാകുമ്പോള്‍, കണ്ണു നിറയുമ്പോള്‍ ഞാനിന്നും മോണിറ്ററില്‍ ചുണ്ട് ചേര്‍ക്കാറുണ്ട്.
    എല്ലാറ്റിനും പേരിടാന്‍ എനിക്കറിയില്ല.)
    അവസാനത്തെ ഈ വരികള്‍ കഥയുടെ മുഴുവന്‍ വേദന ഏറ്റെടുക്കുന്നു.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  27. "ബന്ധങ്ങള്‍ വേറുമൊരു പേരായി മാറുന്നു.
    എല്ലാ ബന്ധങ്ങള്‍ക്കും പേരിടാനാകാതെ പോകുന്നു."

    "എല്ലാറ്റിനും പേരിടാന്‍ എനിക്കറിയില്ല."

    എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല...അത്രയ്ക്ക് മനോഹരമായിരിക്കുന്നു...
    അവസാനം വായിച്ചപ്പോള്‍ വല്ലാത്തൊരു നൊമ്പരം എന്നില്‍ കടന്നു വന്നു...
    എഴുത്ത് തുടരുക...എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

    ReplyDelete
  28. കൊള്ളാം, ഇതു പച്ച എഴുത്തു തന്നെ :) ആശംസകള്‍

    ReplyDelete
  29. "ബന്ധങ്ങള്‍ വേറുമൊരു പേരായി മാറുന്നു.
    എല്ലാ ബന്ധങ്ങള്‍ക്കും പേരിടാനാകാതെ പോകുന്നു."

    വേണ്ടിയിരുന്നോ അങ്ങനെയൊരു ബന്ധം എന്ന ചോദ്യം ആണ് എന്‍റെ മനസ്സില്‍ ആദ്യം വന്നത്.. ചേച്ചിയുടെ കേന്ദ്ര കഥാപാത്രമായ സ്ത്രീയില്‍ നിന്നും വേറിട്ട്‌ ഞാന്‍ ആ ക്ലാസ്സ്‌മൈറ്റിന്റെ ഭാഗത്ത്‌ നില്ല്ക്കുന്നു.. ഒരിക്കല്‍ കൂടി ചില പ്രതീക്ഷകള്‍ കൊടുക്കെണ്ടിയിരുന്നോ ആ പാവത്തിന്..

    ഇഷ്ടപെട്ടു കഥ.. നോര്‍മല്‍ രീതിയില്‍ കഥ പറഞ്ഞുവെങ്കിലും അവസാനത്തെ ലാന്‍ഡിംഗ് നന്നായി എന്നെ സ്പര്‍ശിച്ചു.. എന്‍റെ കൂടെ വര്‍ഷങ്ങളോളം പഠിച്ച പല സഹപാഠികളെയും ഞാന്‍ അടുത്ത് പരിചയപെടുന്നത് നെറ്റ് വഴിയാണ്.. ആ സമയത്ത് എന്നോട് ഒരിക്കല്‍ പോലും സംസാരിചിട്ടില്ലാത്ത പലരും നെറ്റ് വഴി മണിക്കൂറോളം ചാറ്റ് ചെയ്യുന്നു.. പഴയ കാലത്തിന്‍റെ ഓര്‍മകള്‍ അയവിറക്കുന്നു.. അനുഭവങ്ങളില്‍ നിന്നുള്ള പല കാര്യങ്ങളും കഥയില്‍ കണ്ടപ്പോള്‍ ഞാന്‍ ഒരു ആത്മപരിശോധനക്ക് തയ്യാറാകുന്നു..
    നന്ദി..

    ReplyDelete
  30. വളരെ നല്ലരീതിയില്‍ ഒരു ജീവിതത്തെ വരച്ചു നമ്മള്‍ പലരിലും ഉണ്ടായിട്ടുള്ള അനുഭവത്തെ നന്നായിരുക്കുന്നു

    ReplyDelete
  31. നല്ല ഒരു കഥ വായിച്ച് ഞാൻ തിരിച്ച് പോകുന്നു..നല്ല ചില പാഠങ്ങൾ പഠിച്ച് കൊണ്ടും…ആശംസകൾ…എഴുതുക..ഇനിയും ഇനിയും….

    ReplyDelete
  32. ജീവിതത്തിനു ഇന്ന് എന്ത് വിലയാണ് ഉള്ളത് എന്നു തോന്നും പല കഥകളും കേട്ടാല്‍.

    നന്നയി എഴുതി, സ്നേഹാശംസകള്‍

    ReplyDelete
  33. പറഞ്ഞ് പഴകിയ പാടി പഴകിയ പലരുടേയും അനുഭവങ്ങൾ കണ്ട് പഴകിയ ഒരു എഴുത്ത്. പക്ഷെ നന്നായി എഴുതിയിരിക്കുന്നു. വായനയിൽ ആ ഒരു അനുഭവം ശരിക്കും ഫീൽ ചെയ്യുന്നു. ആസംസകൾ.

    ReplyDelete
  34. വായിക്കാന്‍ ഒത്തിരി വൈകിപ്പോയ മനോഹരമായ കഥ.
    നല്ല ഒഴുക്കില്‍ ഭംഗിയായി പറഞ്ഞിരിക്കുന്നു.
    അതിമനോഹരമായ ക്ലൈമാക്സ് .
    അഭിനന്ദനങ്ങള്‍

    ReplyDelete
  35. ഉള്ളിൽ എന്തോ വീണുടഞ്ഞതോ, കണ്ണിൽ ഒരു കരടു വീണതോ..! ഹൃദയം തൊട്ട എഴുത്ത്... ആശംസകൾ.

    ReplyDelete
  36. കുറ്റമറ്റ ബോധന വൈശദ്യം. അഭിനന്ദനങ്ങള്‍

    ReplyDelete
  37. ഹൃദയസ്പര്‍ശിയായ കഥ...!അനുഭവം!...മനസ്സില്‍ ഓര്‍മ്മകള്‍ ഉണര്‍ത്തിയ പോസ്റ്റ്‌ !അഭിനന്ദനങ്ങള്‍!
    സസ്നേഹം,
    അനു

    ReplyDelete
  38. എഴുത്ത് ഇഷ്ടമായി. സാധാരണ ഇന്റര്‍നെറ്റ്‌ പ്രണയങ്ങളില്‍നിന്നും വ്യത്യസ്തതയുള്ള ഒന്ന്. .

    ReplyDelete
  39. ഒറ്റപ്പെടലിന്റെ വേദന നന്നായി പറഞ്ഞു...ആരുടെം ശ്രദ്ധകിട്ടാതെ വരുമ്പോള്‍ നമ്മള്‍ ഈ ഭൂമിയില്‍ തന്നെ തനിച്ചായി പോകുന്നത് പോലുള്ള ആ അനുഭവം നല്ല ഭാഷയില്‍ വളരെ നന്നായി തന്നെ പറഞ്ഞിട്ടുണ്ട്..വേദനിപ്പിക്കുന്ന രീതിയിലെ അവസാനവും നന്നായി..മനസ്സില്‍ തങ്ങുന്നു ഈ നൊമ്പരം...

    ReplyDelete
  40. ഈ രചന എന്റെ ജീവിതത്തോട് വളരെയധികം ചേർന്നു നിൽക്കുന്നു. വായിക്കുവാൻ താമസിച്ചു പോയി, അല്ല ഇതെനിക്ക് ഇത്ര ഹൃദ്യമായത് ഇന്ന് വായിച്ചത് കൊണ്ടാണ്, ഈ കഥയിലെ ഒരു കഥാപാത്രമാണ് ഇന്നീ ഞാൻ :)

    ReplyDelete
    Replies
    1. യമരാജിനു ഇതിഷ്ടപ്പെട്ടത് എന്തുകൊണ്ടാണ്‌ എന്നറിയില്ല. എന്തായാലും
      അങ്ങനെ പറഞ്ഞു കേള്‍ക്കുന്നതില്‍ നിറഞ്ഞ സന്തോഷം.

      Delete
  41. "വല്ലാതെ തനിച്ചാകുമ്പോള്‍, കണ്ണു നിറയുമ്പോള്‍ ഞാനിന്നും മോണിറ്ററില്‍ ചുണ്ട് ചേര്‍ക്കാറുണ്ട്. എല്ലാറ്റിനും പേരിടാന്‍ എനിക്കറിയില്ല"....മനോഹരമായി എഴുതി..

    ReplyDelete
  42. ഫൌസു .,

    നേരത്തെ തന്നെ വായിച്ചിരുന്നു മനോഹരമായി എഴുതിയ ഈ കഥ. അന്നു അഭിപ്രായമെഴുതാനായില്ല... വീണ്ടും വായിക്കുമ്പോൾ കഥ കൂടുതല്‍ ഉൾക്കൊള്ളാനാവുന്നു... അളന്നു മുറിച്ച് സൂക്ഷ്മമായി തയ്യാറാക്കിയിരിക്കുന്നു ഒരോ പദവും.എന്നാല്‍ ഒട്ടും മുഴച്ചു നില്‍ക്കുന്നതുമില്ല... ഒരു ചെറുകഥ എങ്ങിനെ വികാസം പ്രാപിക്കണമെന്നും, എവിടെ വിരാമമിടണമെന്നും പഠിപ്പിച്ചു തരുന്നുണ്ട് ഈ രചന....

    ReplyDelete
  43. കഥ ഗ്രൂപ്പില്‍ നിന്നാണ് ഈ പോസ്റ്റ്‌ അറിഞ്ഞത് അതും രാത്രി ഒരു മണിക്ക് ...വായിച്ചു തീര്‍ന്നിട്ടെ നിര്‍ത്തിയുള്ളൂ ആവ്സ്യമുള്ളിടത് മാത്രം ശകലങ്ങള്‍ കൊടുത്തു അതി ഭാവുകത കൊടുക്കാതെ ...അക്ഷരങ്ങളുടെ ചായം കൊണ്ട് വരച്ചു വച്ചിരിക്കുന്ന ഒരു കഥ ചിത്രം ...ഭാവുകങ്ങള്‍ നേരുന്നു..
    പൈമ

    ReplyDelete
  44. കഥ ഗ്രൂപ്പ്‌ വഴി എത്തിയതാണ് ഇവിടെ...

    മനോഹരമായി എഴുതി. ഓര്‍മയില്‍ തങ്ങുന്ന വരികള്‍....

    ആശംസകള്‍

    ReplyDelete
  45. വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  46. എന്നെ കേള്‍ക്കാന്‍ ആനന്ദന്‌ നേരം കിട്ടതാകുന്നതും ഒരു കാരണമാകും.
    ഇനിയും പഠിക്കണം എന്ന എന്റെ ശാഠ്യത്തിന്‌, അതിനെന്താ ഞങ്ങള്‍ പഠിപ്പിച്ചോളാമെന്ന ആനന്ദന്റെ വീട്ടുകാരുടെ മറുപടിയില്‍ നിലനില്പില്ലാതായി.

    വളരെ വളരെ ഇഷ്ട്ടപ്പെട്ടു, എഴുത്ത് തുടരുക
    സസ്നേഹം
    ആനന്ദ്‌ :)

    ReplyDelete
  47. ഒറ്റപെടലില്‍ നഷ്ടപെട്ടത്തിന്റെ മൂല്യം മനസ്സിലാകുകയും , അതിനെ കാലം തെറ്റി അന്ഗീകരിച്ചാല്‍ നഷ്ടമാകുന്ന സ്വസ്ഥതയും സുന്ദര ലളിതമായ വാക്യങ്ങളാല്‍ വരച്ചിട്ടിരിക്കുന്നു. കൂടെ പ്രവാസിക്ക് നഷ്ടപെടുന്ന മലനാടിന്റെ( സ്വന്തം വീടിന്‍റെ) മനോഹാരിതയും പുതു തലമുറയുടെ മലയാളത്തിന്റെ നഷ്ടവും ......
    ( ലിങ്ക് തന്ന എന്‍റെ "കഥ" ഗ്രൂപ്പിന് നന്ദി )

    ReplyDelete
  48. എന്തൊക്കെയോ ഓര്‍മ്മകളും ആരുടെയൊക്കെയോ നിശ്വാസങ്ങളും ഈ രചനയിലുണ്ട്..ഒരു പരിചയം പുതുക്കല്‍ ഒന്നിചോന്നു നടക്കാന്‍..അല്പം എന്തെങ്കിലും സംസാരിക്കാന്‍ മലയാളിയുടെ സദാചാര ബോധം അനുവദിക്കില്ല...നമ്മളിപ്പോഴും അതിപുരാതന യുഗത്തില്തന്നെയാ...ഭ്രമിപ്പിക്കുന്ന ഒരു ഭാഷ ഈ രചനയില്‍ കാണുന്നു അഭിനന്ദനങ്ങള്‍.

    ReplyDelete
  49. സുപ്രഭാതം..
    തൊട്ടറിയുന്ന വേദന..
    ‘ ഇന്ന് ‘കൾ ഇതാണെന്ന് തിരിച്ചറിയുമ്പോൾ നിശ്ശബ്ദയാക്കുന്ന വായന..
    മനോഹരം....ആശംസകൾ...!

    ReplyDelete
  50. നല്ല ഒരു കഥ.ഇഷ്ടപ്പെട്ടു.നല്ല വരികള്‍.
    "വല്ലാതെ തനിച്ചാകുമ്പോള്‍, കണ്ണു നിറയുമ്പോള്‍ ഞാനിന്നും മോണിറ്ററില്‍ ചുണ്ട് ചേര്‍ക്കാറുണ്ട്. എല്ലാറ്റിനും പേരിടാന്‍ എനിക്കറിയില്ല"

    ReplyDelete
  51. “കഥയില്‍“ ലിങ്ക് കണ്ട് എത്തിയതാ...ഇവിടെ എത്താന്‍ വൈകിയോ എന്നൊരു സംശയം..

    ReplyDelete
  52. പിറ്റേന്ന് അവന് മെയില്‍ ചെയ്തു. ഇനി നമ്മള്‍ ചാറ്റ് ചെയ്യുന്നില്ല. അവസാനമായൊരിക്കള്‍ കൂടി സ്വന്തം എന്ന വാക്കിന്‌ കീഴില്‍ എന്റെ പേരെഴുതി, അല്ല ടൈപ്പ് ചെയ്തു. മറുപടി അയക്കരുതെന്നത് അവന്‍ അനുസരിച്ചു. മോള്‍ ഇടക്കെപ്പോഴോ മാമന്‍ എന്ന അവളുടെ ഫ്രണ്ടിനെ ചോദിച്ചിരുന്നു.പിന്നെ മറന്നു.
    നല്ല എഴുത്ത്...
    ഇനിയും വരാം വായിക്കാം.
    ഭാവുകങ്ങള്‍

    ReplyDelete
  53. ബന്ധങ്ങളുടെ കെട്ടുപാടുകൾ ഒരു ഭാര്യയെ എങ്ങനെ തന്നിലേയ്ക്കൊളിയ്ക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് മനോഹരമായി പറഞ്ഞിരിക്കുന്നു. ഭാവുകങ്ങൾ.

    ReplyDelete
  54. വെറും കഥയായി കാണാൻ മനസ്സനുവധിക്കുന്നില്ലാ....."വല്ലാതെ തനിച്ചാകുമ്പോള്‍, കണ്ണു നിറയുമ്പോള്‍ ഞാനിന്നും മോണിറ്ററില്‍ ചുണ്ട് ചേര്‍ക്കാറുണ്ട്. എല്ലാറ്റിനും പേരിടാന്‍ എനിക്കറിയില്ല".......

    ReplyDelete